പാലക്കാട്: ബി.ജെ.പി. നേതാവ് സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ വിദ്വേഷ പരാമര്‍ശവുമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ‘ശിഖണ്ഡി’കള്‍ പലപ്പോഴുമുണ്ടാകുമെന്ന പരാമര്‍ശമാണ് സന്ദീപിനെതിരെ സുരേന്ദ്രന്‍ നടത്തിയത്. വോട്ടെണ്ണല്‍ ദിവസം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ശക്തിയെന്താണെന്ന് അറിയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ആകാശത്ത് പറന്നു നടക്കുന്ന അപ്പൂപ്പന്‍ താടികളിലല്ല, ഭൂമിയില്‍ കാലുറപ്പിച്ചിരിക്കുന്ന പതിനായിരക്കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ശക്തിയെന്താണെന്ന് 23-ാം തീയതി വോട്ടെണ്ണുമ്പോള്‍ പറയാം. ശിഖണ്ഡികള്‍ പലപ്പോഴുമുണ്ടാകും. എസ്.ഡി.പി.ഐയെയും പി.എഫ്.ഐയെയും കൂട്ടുപിടിച്ച് ശിഖണ്ഡികളെ മുന്നില്‍ നിര്‍ത്തി ഈ തിരഞ്ഞെടുപ്പ് ജയിക്കാമെന്നുള്ളത് വി.ഡി.സതീശന്റെ വ്യാമോഹം മാത്രമാണ്’ -സുരേന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യറെ സുരേന്ദ്രന്‍ പരിഹസിച്ചു. കസേര കിട്ടിയില്ലെന്നു പറഞ്ഞ് സന്ദീപ് കോണ്‍ഗ്രസില്‍ പോയി, ‘മൊഹബത് കാ ദൂക്കാനില്‍’ വലിയ കസേരകള്‍ കിട്ടട്ടെ എന്നു സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിനു പരാജയത്തിന്റെ ആഴം എത്രമാത്രമുണ്ട് എന്നതിനു തെളിവാണു സന്ദീപിനെ സ്വീകരിച്ചത്. ശ്രീനിവാസന്‍ കൊലപാതകികളുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കൂടിക്കാഴ്ച നടത്തിയ ദിവസം തന്നെയാണ് സന്ദീപിന്റെ തീരുമാനം. സന്ദീപിന്റെ പോക്ക് കേരളത്തിലോ ബി.ജെ.പിക്കുള്ളിലോ ഒരു ചലനവും ഉണ്ടാക്കില്ല -സുരേന്ദ്രന്‍ പറഞ്ഞു.
സന്ദീപിനെതിരെ പാര്‍ട്ടി നേരത്തേയും നടപടിയെടുത്തതു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലായിരുന്നില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി. അന്ന് അക്കാര്യം പുറത്തു പറയാതിരുന്നത് രാഷ്ട്രീയ പാര്‍ട്ടി സ്വീകരിക്കേണ്ട സാമാന്യ മര്യാദയുടെ പുറത്താണ്. സന്ദീപിനെ പോലെ ഒരാളെ കോണ്‍ഗ്രസ് മുറുകെ പിടിക്കണം. സ്നേഹത്തിന്റെ കടയില്‍ വലിയ കസേരകള്‍ ലഭിക്കട്ടെ. പാര്‍ട്ടിമാറ്റം നേരത്തേ ഉണ്ടാക്കിയ തിരക്കഥയാണ് -സുരേന്ദ്രന്‍ പറഞ്ഞു.
വി.ഡി.സതീശന്‍ ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രതിപക്ഷ നേതൃ സ്ഥാനം ഒഴിയേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ബലിദാനികളെ അപമാനിച്ചവര്‍ക്ക് വോട്ടില്ലെന്നും പുറത്താക്കാനും മാത്രം സന്ദീപ് ബി.ജെ.പിയില്‍ ആരുമല്ലായിരുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.