തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ പോളിങ് സംബന്ധിച്ച അന്തിമ കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടപ്പോൾ മൂന്നു മുന്നണികൾക്കും ഞെട്ടൽ. വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും പോളിങ് ശതമാനം 70ൽ താഴെപ്പോയി.
Follow the FOURTH PILLAR LIVE channel on WhatsApp
വയനാട് 60.79 ശതമാനവും ചേലക്കരയിൽ 69.39 ശതമാനവും മാത്രമാണ് പോളിങ്. രണ്ടിടത്തും കഴിഞ്ഞ തവണത്തേക്കാൾ പോളിങ് കുറവാണ്. വയനാട്ടിൽ 16 സ്ഥാനാർഥികളും ചേലക്കരയിൽ ആറ് സ്ഥാനാർഥികളുമാണ് ജനവിധി തേടുന്നത്.
2024 ഏപ്രിലിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് രേഖപ്പെടുത്തിയത് 73.57 ശതമാനമായിരുന്നു പോളിങ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചേലക്കരയിൽ 77.40 ശതമാനം വോട്ട് പോൾ ചെയ്തു.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വയനാട്ടിൽ മാത്രം 12.78 ശതമാനത്തിന്റെ ഇടിവാണ് വയനാട്ടിൽ ഉണ്ടായിട്ടുള്ളത്. ചേലക്കരയിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 8.01 ശതമാനം പേർ കുറച്ചേ വോട്ടു ചെയ്തുള്ളൂ. വയനാട് മണ്ഡലം നിലവിൽ വന്ന ശേഷമുള്ള ഏറ്റവും കുറവ് പോളിങ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്.
പോളിങ് ശതമാനത്തിൽ ഇത്രയും വലിയ കുറവുണ്ടായത് മൂന്നു മുന്നണികളുടെയും കണക്കുകൂട്ടൽ തെറ്റിച്ചിട്ടുണ്ട്. കേഡർ സംവിധാനമുള്ള തങ്ങളുടെ വോട്ടുകൾ മുഴുവൻ കൃത്യമായി പെട്ടിയിലാക്കിയിട്ടുണ്ടെന്നും പോളിങ് ശതമാനം കുറയുന്നത് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെ വോട്ടുകൾ ചെയ്യാതിരിക്കുമ്പോഴാണെന്നും എൽ.ഡി.എഫ്. വാദിക്കുന്നു. എന്നാൽ, പിണറായി സർക്കാരിനോടുള്ള എതിർപ്പു നിമിത്തം എൽ.ഡി.എഫ്. വോട്ടുകൾ മരവിച്ചതാണ് പോളിങ് ശതമാനത്തിൽ പ്രതിഫലിച്ചതാണ് കുറവിനു കാരണമെന്ന് യു.ഡി.എഫ്. പറയുന്നു. ഉപതിരഞ്ഞെടുപ്പ് അടിച്ചേല്പിച്ച ഇടതു-വലതു മുന്നണികളോടുള്ള വിയോജിപ്പാണ് വോട്ടിനോടുള്ള വിരക്തിയിലൂടെ ജനങ്ങൾ പ്രകടിപ്പിച്ചതെന്ന് ബി.ജെ.പി. പക്ഷം.
വയനാട്ടിൽ ദേശീയ നേതാവ് പ്രിയങ്ക ഗാന്ധി മത്സരരംഗത്തുണ്ടായിട്ടും മണ്ഡലത്തിൽ പോളിങ് ശതമാനം കുറഞ്ഞത് നാലു ലക്ഷത്തിലേറെ ഭൂരിപക്ഷം നേടുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള യു.ഡി.എഫ്. ക്യാമ്പിൽ ആശങ്ക ശക്തമാക്കി. എന്നാൽ, എൽ.ഡി.എഫ്. കേന്ദ്രങ്ങളിൽ പോളിങ് കുറഞ്ഞതാണ് മണ്ഡലത്തിലെ പോളിങ് ശതമാനം കുറയാൻ കാരണമായതെന്നാണ് യു.ഡി.എഫ്. ആരോപിക്കുന്നത്.
എന്നാൽ തിരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചതിലുള്ള ജനങ്ങളുടെ എതിർപ്പാണ് പോളിങ് കുറയാൻ കാരണമെന്ന് വയനാട്ടിലെ എൽ.ഡി.എഫ്. സ്ഥാനാർഥി സത്യൻ മൊകേരി പറഞ്ഞു. എൽ.ഡി.എഫ്. വോട്ടുകൾ എല്ലാം പോൾ ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കല്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ചേർന്നാണ് വയനാട് ലോക്സഭാ മണ്ഡലം. വയനാട്ടിൽ ആകെ 14,71,742 വോട്ടർമാരാണുള്ളത്. 30 ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളിൽ വോട്ടെടുപ്പിന് സജ്ജമാക്കിയിരുന്നു.
ചേലക്കരയിൽ ആകെ വോട്ടർമാർ 2,13,103 ആണ്്. 180 പോളിങ് ബൂത്തുകളിൽ മൂന്ന് ഓക്സിലറി ബൂത്തുകളുണ്ട്.