കൊച്ചി/മൂന്നാര്‍: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഊര്‍ജ്ജം പകര്‍ന്ന് സീ പ്ലെയ്നിന്റെ പരീക്ഷണ പറക്കല്‍ വിജയം. കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം ഇടുക്കി മാട്ടുപ്പെട്ടി ഡാമില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു.
Follow the FOURTH PILLAR LIVE channel on WhatsApp
ഡി ഹാവ് ലാൻഡ് കാനഡ കമ്പനിയുടെ 17 സീറ്റുകളുള്ള സീ പ്ലെയ്നാണ് കൊച്ചിയിൽ എത്തിയത്. ആന്ധ്രപ്രദേശിലെ പ്രകാശം ബാരേജില്‍ നവംബര്‍ ഒമ്പതിന് ഉദ്ഘാടനം ചെയ്ത ആംഫീബിയസ് എയര്‍ക്രാഫ്റ്റാണിത്. കനേഡിയൻ പൗരന്മാരായ ഡാനിയൽ മോണ്ട്ഗോമെറി, റോഡ്ഗർ ബ്രിൻഡ്ജർ എന്നിവരായിരുന്നു വിമാനത്തിന്റെ പൈലറ്റുമാർ. യോഗേഷ് ഗാർഗ്, സന്ദീപ് ദാസ്, സയ്യിദ് കമ്രാൻ ഹുസൈൻ, മോഹൻ സിങ് തുടങ്ങിയവർ ക്രൂ അംഗങ്ങളും.
രണ്ട് മീറ്റര്‍ ആഴം (ഡ്രാഫ്റ്റ്) മാത്രമാണ് സീ പ്ലെയ്ന്‍ ലാന്‍ഡ് ചെയ്യുന്നതിന് ആവശ്യം. വേലിയേറ്റസമയത്തെയും വേലിയിറക്ക സമയത്തെയും വെള്ളത്തിന്റെ ഒഴുക്ക്, മറീനയുടെ ആഴം, മറ്റ് തടസ്സങ്ങള്‍ തുടങ്ങിയവ ഒരു മാസമായി പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയ ശേഷമാണ് സീ പ്ലെയ്ന്‍ ലാന്‍ഡ് ചെയ്തത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടക്കം എല്ലാ അനുമതിയും പരീക്ഷണപ്പറക്കലിന് ലഭിച്ചു.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി.രാജീവ്, വി.ശിവന്‍കുട്ടി എന്നിവര്‍ ബോള്‍ഗാട്ടിയിലെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് മന്ത്രിമാരും സീപ്ലെയ്നില്‍ യാത്ര ചെയ്തു. ജനസാന്ദ്രത സംസ്ഥാന വികസനത്തിന് ഒരു തടസ്സമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കേരളത്തില്‍ സ്ഥലമേറ്റെടുപ്പ് വെല്ലുവിളിയാണ്. അതിനാല്‍ത്തന്നെ ഉള്‍പ്രദേശങ്ങളിലെ ടൂറിസ്റ്റ് മേഖലയില്‍ എത്തിപ്പെടുക വെല്ലുവിളിയാണ്. സീ പ്ലെയ്ന്‍ കൊണ്ട് ഈ പരിമിതി മറികടക്കാന്‍ പറ്റും -റിയാസ് പറഞ്ഞു.
തെളിഞ്ഞ അന്തരീക്ഷത്തിലാണ് വിമാനം മാട്ടുപ്പെട്ടി ഡാമിലേക്ക് ഇറങ്ങിയത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ വിശാലമായിക്കിടക്കുന്ന ജലപ്പരപ്പാണ് മാട്ടുപ്പെട്ടി ഡാമിലേത്. എല്ലാ കാലത്തും വെള്ളമുണ്ടെന്നുള്ളതാണ് വലിയ പ്രത്യേകത.
ജലവിമാനം ഇറക്കുന്നതിനായി ഡാമില്‍ കാര്യമായി മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല. താത്ക്കാലികമായ ഒരു ബോട്ടുജെട്ടി ക്രമീകരിക്കുക മാത്രമാണ് ചെയ്തത്. അതിനാല്‍ തന്നെ ഒരു സാമ്പത്തിക ബാധ്യതയുമില്ലാതെ ഈ പദ്ധതി നടപ്പിലാക്കാന്‍ പറ്റി എന്നത് വലിയ കാര്യമായാണ് അധികൃതര്‍ കാണുന്നത്.
അതേസമയം സീ പ്ലെയ്ന്‍ പദ്ധതിയില്‍ മാട്ടുപ്പെട്ടി ഡാമിനെ ഉള്‍പ്പെടുത്തിയതില്‍ വനം വകുപ്പ് ആശങ്ക രേഖപ്പെടുത്തി. ഡാം ആനത്താരയുടെ ഭാഗമാണെന്നതാണ് വനം വകുപ്പ് ചൂണ്ടിക്കാട്ടുന്ന പ്രശ്‌നം. ആനകള്‍ ഡാം മുറിച്ചുകടന്ന് ഇക്കോ പോയന്റിലേക്ക് ഇറങ്ങുന്നുണ്ട്. വിമാനം ഇറങ്ങുന്നത് ആനകളില്‍ പ്രകോപനമുണ്ടാക്കാന്‍ കാരണമാകുമെന്നും സംയുക്ത പരിശോധനയില്‍ വനംവകുപ്പ് അറിയിച്ചു. അതേമസയം സീ പ്ലെയ്നുമായി ബന്ധപ്പെട്ട എല്ലാ ആശങ്കയും പരിഹരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
ടൂറിസത്തിനു പുറമേ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും വി.ഐ.പികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവശ്യഘട്ടങ്ങളില്‍ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും സീ പ്ലെയ്ന്‍ പ്രയോജനപ്പെടുത്താം. ടൂറിസം ഓപ്പറേറ്റര്‍മാരെയും ജനങ്ങളെയും പദ്ധതിയുടെ സാധ്യത ബോധ്യപ്പെടുത്തുന്ന ഡെമോ സര്‍വീസ് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. റീജിയണല്‍ കണക്ടിവിറ്റി സ്‌കീമിന്റെ ഭാഗമായാണ് പദ്ധതി.
കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയന്‍ വിമാനങ്ങളാണ് സീപ്ലെയ്നുകള്‍. വലിയ ജനാലകള്‍ ഉള്ളതിനാല്‍ കാഴ്ചകള്‍ നന്നായി കാണാനാകും. മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികര്‍ക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. എയര്‍ സ്ട്രിപ്പുകള്‍ നിര്‍മിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകര്‍ഷണീയതയാണ്.
ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട്, കായല്‍ കൊല്ലം അഷ്ടമുടിക്കായല്‍, കാസര്‍കോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയ്ന്‍ ടൂറിസം സര്‍ക്യൂട്ട് രൂപപ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.