29 C
Trivandrum
Tuesday, January 14, 2025

ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ പുഴുക്കുത്തെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാരില്‍ പുഴുക്കുത്തുകളുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വയനാട് ദുരന്തം മൂലം ഉണ്ടായ നഷ്ടത്തിന്റെ കണക്ക് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് അദ്ദേഹം സ്വന്തം മുന്നണിയുടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ തള്ളിപ്പറഞ്ഞത്.

Follow the FOURTH PILLAR LIVE channel on WhatsApp 

വയനാട് ദുരന്തത്തിന്റെ നഷ്ടം പെരുപ്പിച്ചുകാട്ടിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന ആരോപണം സതീശന്‍ ഏറ്റെടുത്തിരുന്നു. ബുധനാഴ്ച മാധ്യമങ്ങളെ കണ്ടപ്പോള്‍ പ്രതിപക്ഷ നേതാവിനോട് ചില മാധ്യമപ്രവര്‍ത്തകര്‍ ഇതിനെപ്പറ്റി ചോദിച്ചു. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തും ഇത്തരത്തില്‍ അധികസഹായം തേടിയ നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനാണ് സതീശന്‍ ‘പുഴുക്കുത്ത്’ പരാമര്‍ശം നടത്തിയത്.

‘ഇപ്പോള്‍ ഈ ആരോ പറഞ്ഞു എന്താണ് ഇത് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ഇതുപോലെ മെമോറാണ്ടം കൊടുത്തു. ചില പുഴുക്കുത്തുകളുണ്ട്. അതു മനസ്സിലാക്കി അതിനെതിരെ നടപടിയെടുക്കണം. മനസ്സിലായില്ലേ?’ -സതീശന്‍ പറഞ്ഞു. സതീശന്റെ പരാമര്‍ശം വന്നപാടെ അദ്ദേഹം ഉദ്ദേശിച്ച പുഴുക്കുത്താര് എന്നതിനെക്കുറിച്ച് ചര്‍ച്ച വ്യാപകമായിട്ടുണ്ട്.

ദുരന്തമുണ്ടാകുമ്പോള്‍ അതിനു സഹായം ലഭ്യമാക്കുന്നതിനുള്ള നിവേദം തയ്യാറാക്കി സമര്‍പ്പിക്കുന്നത് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിലാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷക്കാലത്ത് മൂന്നു പേരാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു ആദ്യം ആഭ്യന്തര മന്ത്രി. പിന്നീട് അദ്ദേഹം വകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനു കൈമാറി. പിന്നീട് കെ.പി.സി.സി. പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല താക്കോല്‍ സ്ഥാനത്തെത്തിയപ്പോള്‍ അദ്ദേഹമായി ആഭ്യന്തര മന്ത്രി.

ഈ മൂന്നുപേരില്‍ ഉമ്മന്‍ ചാണ്ടി അന്തരിച്ചു. ബാക്കിയുള്ള തിരുവഞ്ചൂരും ചെന്നിത്തലയും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതൃസ്ഥാനത്തേക്ക് സതീശനുമായി മത്സരിക്കുന്നവരാണ്. തന്റെ എതിരാളികളെ ആക്ഷേപിക്കാന്‍ സതീശന്‍ മനഃപൂര്‍വ്വമാണ് ‘പുഴുക്കുത്ത്’ പ്രയോഗം നടത്തിയതെന്ന് കോണ്‍ഗ്രസ്സുകാര്‍ തന്നെ പറയുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks