Follow the FOURTH PILLAR LIVE channel on WhatsApp
മലയാള സംഗീതരംഗത്ത് സിനിമേതര പ്രണയഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഈസ്റ്റ് കോസ്റ്റ് വിജയൻ 2 പതിറ്റാണ്ടുകൾക്ക് ശേഷം പുതിയ ഓണപ്പാട്ടുമായി എത്തുന്നു. ‘ഓണം വൈബ് 2026’ എന്ന മ്യൂസിക് വീഡിയോയാണ് ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് പുറത്തിറക്കിയത്.
‘നിനക്കായ്’, ‘ആദ്യമായ്’, ‘ഓർമ്മക്കായ്’, ‘സ്വന്തം’, ‘ഇനിയെന്നും’, ‘എന്നെന്നും’, ‘വീണ്ടും’ തുടങ്ങിയ സംഗീത ആൽബങ്ങളിലൂടെ മലയാളത്തിലെ സിനിമേതര ഗാനശാഖയിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു ഈസ്റ്റ് കോസ്റ്റ്. പ്രണയഗാനങ്ങൾക്കൊപ്പം ഭക്തിഗാനം, മാപ്പിളപ്പാട്ട്, ഗസൽ, നാടകഗാനം, നാടൻപാട്ട്, കവിത, ഓണപ്പാട്ട് തുടങ്ങിയ മേഖലകളിലും ഈസ്റ്റ് കോസ്റ്റ് ബാനർ ഗാനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

മലയാളികൾ സ്വീകരിച്ച ‘ബാല്യകാലസ്മൃതികളായി ഓണം’ എന്ന മ്യൂസിക് വീഡിയോയ്ക്കുശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന ഓണപ്പാട്ടാണ് ‘ഓണം വൈബ് 2026’. ഗാനരചനയും സംവിധാനവും ഈസ്റ്റ് കോസ്റ്റ് വിജയൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
ഓണത്തിന്റെ ഗൃഹാതുരതയും പുതിയ തലമുറയുടെ ആഘോഷഭാവവും ചേർത്താണ് ഗാനം ഒരുക്കിയിരിക്കുന്നത്. പഴയ തലമുറയ്ക്കും പുതുതലമുറയ്ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ദൃശ്യാവിഷ്കാരമെന്ന് അണിയറപ്രവർത്തകർ പറയുന്നു.
‘ഭീഷ്മ’യിലൂടെ ശ്രദ്ധേയയായ അമ്മേര, നടൻ സന്തോഷ് കീഴാറ്റൂർ എന്നിവർ വീഡിയോയിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ ശ്രീജിത്തും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യുവഗായകരായ സൂര്യനാരായണൻ, ദേവനന്ദ എന്നിവർ ഈസ്റ്റ് കോസ്റ്റ് ബാനറിലൂടെ അരങ്ങേറ്റം കുറിക്കുന്നു. ടീം ഈസ്റ്റ് കോസ്റ്റാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ഓണത്തിന്റെ തനിമയും കേരളീയ ആഘോഷങ്ങളുടെ വൈവിധ്യവും ഉൾപ്പെടുത്തിയ മ്യൂസിക് വീഡിയോയിൽ 200ലധികം ജൂനിയർ ആർട്ടിസ്റ്റുകൾ അണിനിരക്കുന്നു. വിവിധ ഓണക്കളികളും കേരളീയ കലാരൂപങ്ങളും ദൃശ്യങ്ങളുടെ ഭാഗമാകുന്നു. ശാന്തി മാസ്റ്ററാണ് നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത്.
എൽദോ ഐസക്കാണ് ഛായാഗ്രഹണം. സജിത്ത് കൃഷ്ണൻ പ്രോജക്ട് ഡിസൈനറും മനു ബാലകൃഷ്ണൻ എഡിറ്ററുമാണ്. ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും റഹിം കൊടുങ്ങല്ലൂർ മേക്കപ്പും നിർവഹിക്കുന്നു. മധു പോളാണ് ടൈറ്റിൽ മ്യൂസിക്കും പ്രോഗ്രാമിങ്ങും ഒരുക്കിയത്. അശ്വിൻ കുമാർ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു.
നിഥിൻ റാം നെടുവത്തൂർ ടൈറ്റിൽ ഗ്രാഫിക്സും ലിജു പ്രഭാകർ കളർ ഗ്രേഡിങ്ങും നിർവഹിച്ചു. രംഗ്റേയ്സാണ് ഡി.ഐ. സുഭാഷ് ഇളമ്പൽ, പ്രസാദ് യാദവ് എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരാണ്. രാജേഷ് തിലകം പ്രൊഡക്ഷൻ കൺട്രോളറും അജി മസ്കറ്റ്, റിജോയ് എന്നിവർ സ്റ്റിൽസ് ആൻഡ് മേക്കിങ് വീഡിയോ വിഭാഗവും കൈകാര്യം ചെയ്തു. നസീം വൈ.എൻ. എ.ഐ. ആർട്ടിസ്റ്റും ഭാഗ്യരാജ് പറളി ഓണക്കളി അറേഞ്ച്മെന്റ്സും നിർവഹിച്ചു. പി.ആർ.ഒ. വാഴൂർ ജോസ്.
യൂട്യൂബിൽ പുറത്തിറക്കിയ ‘ഓണം വൈബ് 2026’ന്റെ ഓഡിയോ വിവിധ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.



























