‘മെൽ കൗ പോണ്ടിച്ചേരി’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Follow the FOURTH PILLAR LIVE channel on WhatsApp 

‘മെൽ കൗ പോണ്ടിച്ചേരി’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മെൽ കൗ പോണ്ടിച്ചേരി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സാംസ്കാരികമന്ത്രി പി.സി.വിഷ്ണുനാഥാണ് തന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെ പോസ്റ്റർ പ്രകാശനം ചെയ്തത്.

മുകളിലേക്ക് ഉറ്റുനോക്കി നിൽക്കുന്ന അർജുൻ അശോകനെയും അദ്ദേഹത്തിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അമർത്തിപ്പിടിച്ചിരിക്കുന്ന അൽത്താഫ് സലിം, ബാലു വർഗീസ്, സനൂപ് തൈക്കൂടം, ശരത് സഭ, അന്നാമ്മ, അമൽ ഷാ എന്നിവരെയുമാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.

പോണ്ടിച്ചേരിയുടെ പശ്ചാത്തലത്തിൽ ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം ഒരു ഘട്ടത്തിൽ ഉദ്വേഗഭരിതമായ സംഭവങ്ങളിലേക്കും കടക്കുന്നു. ഒരു സുഹൃദ് സംഘത്തിന്റെ ആത്മബന്ധമാണ് കഥയുടെ കേന്ദ്രം. പോണ്ടിച്ചേരിയിലെ ഒരു ക്യാമ്പസിൽ ഒരുമിച്ച് പഠിച്ച ഏതാനും പേർ വർഷങ്ങൾക്കുശേഷം വീണ്ടും അവിടെ ഒത്തുചേരുന്നതും തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുകൊണ്ടുപോകുന്നത്.

അരുൺ ഗോപി എന്റർടെയ്ൻമെന്റ്, ജസ്റ്റിൻ മാത്യു എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിൽ അരുൺ ഗോപി, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്.

ഡിജോ ജോസ് ആന്റണിയുടെ സഹസംവിധായകനായി പ്രവർത്തിച്ച നിഖിൽ മോഹൻ, ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ സഹരചയിതാവുമാണ്.

അർജുൻ അശോകൻ, അൽത്താഫ് സലിം, ബാലു വർഗീസ്, ശരത് സഭ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സോഷ്യൽ മീഡിയ താരം അന്നാമ്മ, അമൽഷാ, മൊട്ട രാജേന്ദ്രൻ എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്. ശ്രീലക്ഷ്മി വിജയനാണ് നായിക. ചിത്രത്തിന്റെ തിരക്കഥാകൃത്തായ സനൂപ് തൈക്കൂടവും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഇലക്ട്രോണിക് കിളിയാണ് സംഗീതം. സനീഷ് സ്റ്റാൻലി ഛായാഗ്രഹണവും സാഗർ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. അജി കുറ്റ്യാനി കലാസംവിധാനവും സ്വേതിന്‍ വി. മേക്കപ്പും നിർവഹിക്കുന്നു. രാംദാസ് മാത്തൂരാണ് സ്റ്റിൽസ്. പാർഥൻ ചീഫ് അസോസിയേറ്റ് ഡയറക്ടറും വിവേക് പ്രൊഡക്ഷൻ മാനേജരുമാണ്. വിനോദ് വേണുഗോപാൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും ഷിഹാബ് വെണ്ണല പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്.

ദുബായിലും പോണ്ടിച്ചേരിയിലുമായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

COMMENT

Recent Articles

Related Articles

Special