ദിവ്യക്ക് സി.ബി.ഐ. നീതി നല്കുമോ?

Follow the FOURTH PILLAR LIVE channel on WhatsApp 

കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിൻ്റെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐയ്ക്കു വിടാൻ വി.ഡി.സതീശൻ സർക്കാർ തീരുമാനിച്ചു. ഈ ആവശ്യവുമായി നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയും സുപ്രീം കോടതിയും കയറിയിറങ്ങിയെങ്കിലും ഫലം കണ്ടിരുന്നില്ല. സർക്കാർ തീരുമാനം കോടതിയെപ്പോലും മറികടന്നുള്ളതാണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു.

എന്തായാലും കേരള സർക്കാർ പറഞ്ഞതുകൊണ്ടു മാത്രം സി.ബി.ഐ. ഈ കേസിൻ്റെ അന്വേഷണം ഏറ്റെടുക്കണമെന്നില്ല. പക്ഷേ, ഈ കേസ് സി.ബി.ഐ. ഏറ്റെടുക്കണം എന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നത് ഒരുപക്ഷേ സി.പി.എം. നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ പി.പി.ദിവ്യ ആയിരിക്കും. കാരണം അവരാണല്ലോ ഇപ്പോൾ എല്ലാവരുടെയും കണ്ണിൽ പ്രതിസ്ഥാനത്ത്.

നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിനെ വാളയാർ കേസുമായി താരതമ്യം ചെയ്യപ്പെടുന്നുണ്ട്. പൊതുസമൂഹം ഒരു തരത്തിലും അംഗീകരിക്കാനിടയില്ലാത്ത, പൊതുബോധത്തിനു തീർത്തും വിരുദ്ധമായ അപ്രിയ സത്യം പറഞ്ഞ് ജനങ്ങളുടെ ശത്രുത ഏറ്റുവാങ്ങേണ്ടതില്ലെന്ന് പൊലീസും ഭരണകൂടവും തീരുമാനിച്ചു കുഴങ്ങിയ കേസാണ് രണ്ടും.

ഒരു കാലത്ത് യു.ഡി.എഫിൻ്റെ പ്രിയപ്പെട്ട പ്രചാരണ താരമായിരുന്ന വാളയാറമ്മയുടെ തനിനിറം പുറത്തുകൊണ്ടുവന്നത് സി.ബി.ഐ. അന്വേഷണമാണ്. സി.ബി.ഐ. വന്ന് കാര്യം പറഞ്ഞപ്പോൾ ആർക്കും ഒരു വിരോധവും ഇല്ലായിരുന്നു. ഈ കേസിൻ്റെ പേരിൽ അതുവരെ ക്രൂശിക്കപ്പെട്ട മുൻ മന്ത്രി എം.ബി.രാജേഷിന് ഒറ്റ ദിവസംകൊണ്ടാണ് ചീത്തപ്പേര് മാറിക്കിട്ടിയത്. അതുപോലൊരു അപ്രിയ സത്യം നിലനില്ക്കുന്ന നവീൻ ബാബു കേസിൽ സി.ബി.ഐ. വന്നാൽ സത്യം വെളിപ്പെടുമെന്നും താൻ കുറ്റവിമുക്തയാക്കപ്പെടുമെന്നും ദിവ്യക്ക് പ്രതീക്ഷിച്ചുകൂടെ?

വീണുടഞ്ഞു പോയേക്കാവുന്ന വ്യക്തിത്വത്തെ ഓർത്തുള്ള അപമാന ഭയം കൊണ്ടാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത് എന്നത് വ്യക്തം. അതിനുള്ള കാരണം ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച തെറ്റുകളുടെ പേരിലോ, അത് പിടിക്കപ്പെട്ടാൽ കൈകാര്യം ചെയ്യാനുള്ള മാനസിക ബലം ഇല്ലാത്തത് കൊണ്ടോ ആവണം. നവീൻ ബാബുവിന് അഴിമതിയുടെയോ കൈക്കൂലിയുടെയോ വലിയ ചരിത്രമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ആത്മഹത്യയിലേക്കു നയിച്ച കാരണം എന്താണെന്നു കണ്ടെത്തിയേ മതിയാകൂ. മറ്റു കാരണങ്ങളൊന്നും വ്യക്തമാവാത്തതിനാലാണ് ഇപ്പോഴും കുറ്റം ദിവ്യ പറഞ്ഞ വാക്കുകൾക്കുമേൽ നില്ക്കുന്നത്.

നവീൻ ബാബുവിൻ്റെ ആത്മഹത്യയ്ക്ക് കാരണക്കാരി എന്ന പേരിൽ പുറത്താകുമ്പോൾ ദിവ്യ കേരളത്തിലെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു. മികച്ച ഭരണ പാടവമുള്ള അവരെ തേടി അവസരങ്ങളും വന്നിരുന്നു.
പക്ഷേ ഈ വിഷയത്തിലുണ്ടായതായി പറയപ്പെടുന്ന അമിതമായ ധാർമിക രോഷവും സംയമനമില്ലായ്മയും അവരെ വീഴ്ത്തിക്കളഞ്ഞു.

നവീൻ ബാബുവിൻ്റെ മരണം ആത്മഹത്യ തന്നെയാണ് എന്ന കാര്യത്തിൽ മറ്റൊരു നിഗമനത്തിൽ സി.ബി.ഐയും എത്താൻ സാധ്യതയില്ല. ഈ ആത്മഹത്യയിലേയ്ക്ക് നവീൻ ബാബുവിനെ എങ്ങിനെ നയിച്ചു എന്നതിനെ കുറിച്ചാണ് സി.ബി.ഐ. അന്വേഷിക്കുന്നതെങ്കിൽ നവീൻ ബാബു എന്താണോ തന്നെ കുറിച്ച് സമൂഹം അറിയരുതെന്നും സ്ഥാപിക്കപ്പെടരുതെന്നും ആഗ്രഹിച്ചത്, അത് തന്നെയാവും തീക്കടൽ കടഞ് ആദ്യം പുറത്ത് വരിക. തെളിവായി വാളയാർ അടക്കം ഇത്തരം ചില കേസുകൾ നമുക്ക് മുന്നിലുണ്ടല്ലോ.

Recent Articles

Related Articles

Special