Follow the FOURTH PILLAR LIVE channel on WhatsApp
എൽ.ഡി.എഫ്. സർക്കാരിൻ്റെ കാലത്ത് ആരോഗ്യ വകുപ്പിനെതിരെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും രൂക്ഷമായ ആക്രമണമാണ് ഉണ്ടായിരുന്നത്. മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷമായ ആക്രമണമുണ്ടായി. ഡോക്ടർക്ക് പറ്റുന്ന ഒരു ചെറിയ പിഴവ് പോലും ഒന്നാം പേജിൽ വാർത്തയാവുകയും അതിൻ്റെ പേരിൽ മന്ത്രിയെ വീട്ടിൽ ആക്രമിക്കുകയും ചെയ്ത ഭൂതകാലം ഒരു മാസം മുൻപാണ് കഴിഞ്ഞു പോയത്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ വ്യാജവാർത്തകളും പ്രചാരണങ്ങളും ചർച്ചാവിഷയമായി. ആരോഗ്യരംഗത്ത് എൽ.ഡി.എഫ്. ഉണ്ടാക്കിയ സമാനതകളില്ലാത്ത മുന്നേറ്റം ഈ വ്യാജവാർത്തകളിൽ മുങ്ങിപ്പോയി. എല്ലാം താറുമാറായി എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. യു.ഡി.എഫിന് കേരളത്തിൽ ഭരണം കിട്ടി.
യു.ഡി.എഫ്. വന്നതോടെ സിസ്റ്റം ‘ശരിയായി’ എന്ന വ്യാഖ്യാനമാണ് ആരോഗ്യമന്ത്രി കെ.മുരളീധരൻ നല്കിയത്. പക്ഷേ, കഴിഞ്ഞ 2 ദിവസമായി വരുന്ന ഞെട്ടിക്കുന്ന വാർത്തകൾ സിസ്റ്റം ശരിയായതിന് ശേഷം സംഭവിക്കുന്നതാണ്.
മെയ് 31
- പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ രോഗിക്ക് അടിയന്തര ചികിത്സ നല്കാത്തതിനെ തുടർന്ന് രോഗി തന്നെ പൊലീസിൻ്റെ സഹായത്താൽ ചികിത്സയ്ക്ക് വേണ്ടി കാലുപിടിച്ച സംഭവം പൊന്നാനി താലൂക്ക് ആശുപത്രിയിൽ
ജൂൺ 1
- തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യുവിൽ കഴിഞ്ഞിരുന്ന മധ്യവയസ്കൻ്റെ കാൽ പുഴുവരിച്ച നിലയിൽ
- തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിടക്കയിൽ നിന്ന് താഴെ വീണു പരുക്കേറ്റ രോഗി മരണപ്പെട്ടു
- തൃശ്ശൂർ മെഡിക്കൽ കോളജിൽ നിന്ന് പാമ്പ് കടിയേറ്റ് ഡോക്ടർ ഗുരുതരാവസ്ഥയിൽ
വെറും 2 ദിവസത്തിനുള്ള കേരളത്തിലെ സർക്കാർ ആരോഗ്യ രംഗത്തെ വാർത്തകൾ ഇങ്ങനെയാണെങ്കിലും കാര്യമായ പ്രതികരണങ്ങൾ എൽ.ഡി.എഫ്. കാലത്തേതുപോലെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഉണ്ടായിട്ടില്ല. എന്ത് നടപടി സ്വീകരിച്ചു, ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ സംവിധാനങ്ങൾ നടപ്പാക്കും എന്നത് സംബന്ധിച്ചൊന്നും യാതൊരു വിധ വാർത്തയുമില്ല. ആരോഗ്യമന്ത്രി ചിത്രത്തിലേയില്ല. സാധാരണക്കാരായ രോഗികൾക്ക് ഗതിയില്ലാതായി എന്നു സാരം.
ആരോഗ്യ രംഗത്തെ, കോൺഗ്രസ് നയിച്ച ഏതൊരു കാലഘട്ടമെടുത്ത് പരിശോധിച്ച് നോക്കിയാലും നശിപ്പിച്ച് നാറാണക്കല്ലെടുപ്പിച്ചിട്ടേ അവർ സീൻ വിടാറുള്ളൂ. ഇടയ്ക്ക് വി.എം.സുധീരൻ മന്ത്രിയായിരുന്ന കാലത്തു മാത്രമാണ് എന്തെങ്കിലുമൊക്കെ ചെയ്യാൻ ശ്രമിച്ച പ്രതീതിയെങ്കിലും ഉണ്ടായിട്ടുള്ളത്. ഇക്കൂട്ടത്തിൽ അവസാനം വന്നുപോയ ഉമ്മൻ ചാണ്ടി സർക്കാരിലെ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറാണ് ഈ ഗണത്തിലെ കുപ്രസിദ്ധൻ. ഇപ്പോൾ പട്ടികയിലേക്ക് 10 ദിവസത്തിനകം കെ.മുരളീധരനും എത്തിക്കഴിഞ്ഞു.






















