Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി. തന്നോട് ഒന്നും ചോദിച്ചില്ലെന്നും പുറത്തുവരുന്ന വാർത്തകളിലേതുപൊലെ വീണയ്ക്ക് ഒരുപാട് ബാങ്ക് അക്കൗണ്ടുകളൊന്നും ഇല്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഇ.ഡി. റെയ്ഡ് സംബന്ധിച്ച ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകിയത്.
‘ഇ.ഡി. എന്നോടൊന്നും ചോദിച്ചില്ല. ഞാനവിടെ ഉണ്ടായിരുന്നു എന്ന് മാത്രം’, പ്രതിപക്ഷ നേതാവിനെ ഇ.ഡി. ചോദ്യംചെയ്‌തോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
വീണയുടെ ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി. മരവിപ്പിച്ചെന്ന വാർത്തകൾ സംബന്ധിച്ച ചോദ്യത്തിനും പിണറായി മറുപടി പറഞ്ഞു. ‘ചിലർ പറയുന്നതുപോലെ വലിയ എണ്ണം ബാങ്ക് അക്കൗണ്ടുകളൊന്നും വീണയുടേത് അല്ല. വീണയുടെ ഒരു ബാങ്ക് അക്കൗണ്ട് അവർ ഫ്രീസ് ചെയ്തിട്ടുണ്ട്. അത് ശരിയാണ്’, അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് ഇ.ഡി. ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിക്കപ്പെട്ട സംഭവത്തിലും പിണറായി പ്രതികരിച്ചു. ‘കാര്യങ്ങൾ സമാധാനപരമായി നീക്കാൻ അവിടെയുള്ളവർ നോക്കിയതാണല്ലോ. എല്ലാവരും കണ്ടതാണല്ലോ അത്. എന്താണ് പൊതു സമീപനം എന്ന് അതിൽനിന്ന് വ്യക്തമാണല്ലോ. അതുമാത്രമേ അക്കാര്യത്തിൽ പറയാനുള്ളൂ’, പിണറായി പറഞ്ഞു.
കൻ്റോൺമെൻ്റ് ഹൗസിലേക്ക് മാറുമെന്നും ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു. ‘ഇപ്പോൾ അവിടെയുള്ള ആൾ അവിടെനിന്ന് മാറണം. അതിനുശേഷമല്ലേ എനിക്കങ്ങോട്ട് മാറാനാകൂ. അതിനുള്ള നടപടികൾ അദ്ദേഹം സ്വീകരിക്കുന്നുണ്ട്. അതിനുശേഷം അല്ലറചില്ലറ മെയിൻ്റനൻസ് വർക്ക് നടത്താനുണ്ടെങ്കിൽ അതും ചെയ്യണം. അതിനുശേഷമാണ് അങ്ങോട്ട് മാറുന്ന കാര്യം തീരുമാനിക്കുക’, പിണറായി പറഞ്ഞു.























