Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കേന്ദ്രവുമായി ഒരുവിധ ഏറ്റുമുട്ടലിനും തയ്യാറല്ലെന്നു വ്യക്തമാക്കി വി.ഡി.സതീശൻ സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം. കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെയോ നിലപാടുകളെയോ വിമര്‍ശിക്കുന്ന ഒരു വരിപോലും നയപ്രഖ്യാപന പ്രസംഗത്തിലില്ല. ഫെഡറലിസത്തില്‍ ഊന്നി കേന്ദ്രസര്‍ക്കാരുമായി മികച്ച ബന്ധത്തില്‍ പോകാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നു.
പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിൻ്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ അടക്കം കേന്ദ്രസര്‍ക്കാരിനെതിരായ അതിരൂക്ഷ വിമര്‍ശനം പതിവായിരുന്നു. സാമ്പത്തിക രംഗത്ത് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ ഞെരുക്കുന്നതും, വികസനപദ്ധതികള്‍ക്ക് പണം അനുവദിക്കാത്തതിലും ഇടതുസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിൽ നിന്നും തീർത്തും വിഭിന്നമായ നിലപാടാണ് യു.ഡി.എഫ്. സർക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
ജവഹര്‍ലാല്‍ നെഹ്റുവിനെ ഉദ്ധരിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗം തുടങ്ങിയത്. സംസ്ഥാനത്ത് പുതുതായി സ്ഥാനമേറ്റ സര്‍ക്കാര്‍ സുതാര്യമായ ഭരണം ഉറപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കടുത്ത സാമ്പത്തിക പ്രശ്നമാണ് സംസ്ഥാനത്ത് നേരിടുന്നത്. സര്‍ക്കാരിൻ്റെ സുതാര്യത ഉറപ്പാക്കാന്‍ സാങ്കേതിക വിദ്യയുടെ സഹായം ഉറപ്പാക്കും. ധവള പത്രം പുറത്തിറക്കാന്‍ ഇതിനായി പ്രത്യേക സംഘത്തെ നിയമിക്കും. ഇത് സുതാര്യമായ സര്‍ക്കാരാണെന്നും സംശുദ്ധമായ ഭരണം ഉറപ്പാക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.
യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നല്കിയ ഇന്ദിരാ ഗ്യാരൻ്റി നടപ്പക്കാനാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് നയപ്രഖ്യാപനത്തിൽ പറഞ്ഞു. 25 ലക്ഷത്തിൻ്റെ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുമെന്നതാണ് ഇതിൽ പ്രധാനം. കെ.എസ്.ആര്.ടി.സി ബസ്സില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതടക്കമുള്ള യു.ഡി.എഫ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച പദ്ധതികളെയും ഗവര്‍ണര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. 3000 രൂപയായി ക്ഷേമപെന്ഷന് ഉയര്‍ത്തും. ലൈഫ് മിഷനില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. 1000 രൂപ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം അനുവദിക്കും.
സംസ്ഥാനത്ത് പ്ലസ് ടു സീറ്റുകള്‍ വര്‍ധിപ്പിക്കും. വിദ്യാർഥിനികള്‍ക്ക് പ്രതിമാസം 3 ദിവസം വരെ ആര്‍ത്തവ അവധി അനുവദിക്കും. അവധിക്ക് പകരം പ്രത്യേക ക്ലാസ് നല്‍കും. പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ 6 മാസം പ്രസവാവധിയും അനുവദിക്കും. സഹകരണ സ്ഥാപനങ്ങളുമായി പരിഷ്കരണ നടപടികളുണ്ടാവുമെന്നും നയപ്രഖ്യപനത്തില്‍ വ്യക്തമാക്കുന്നു. അച്ചടക്കം ഉറപ്പാക്കാന്‍ സഹകരണ സ്ഥാപനങ്ങളില്‍ മേല്‍നോട്ടമുണ്ടാവും.
ലഹരിക്കെതിരെ സീറോ ടോളറന്‍സ് നയം നടപ്പാക്കും. മയക്കുമരുന്ന്, സംഘടിത കുറ്റകൃത്യങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ എന്നിവയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. ലഹരിക്കെതിരെ സൈബര്‍ സര്‍വെയ്ലന്‍സ് അടക്കം നടപ്പാക്കും. ലഹരിക്കെതിരായ വിമുക്തി പദ്ധതി ശക്തമാക്കും.
സംസ്ഥാനത്തെ ബൈപ്പാസുകള്‍ 4 വരിപ്പാതകളാക്കും. ഹരിത കെട്ടിടങ്ങളെ പ്രോത്സാഹിപ്പിക്കും. എല്ലാ റോഡുകളും ബി.എം.ബി.സി. നിലവാരത്തിലേക്ക് ഉയര്‍ത്തും. കൂടുതല്‍ നഗരങ്ങളിലേക്ക് അന്താരാഷ്ട്ര ചലച്ചിത്രോത്സവം വ്യാപിപ്പിക്കും. മലബാര്‍ ക്ഷേത്ര തീര്‍ത്ഥാടന പദ്ധതി ആരംഭിക്കും.
മത്സ്യമേഖലക്കായി ബ്ലൂ എക്കണോമി നടപ്പാക്കും.സംസ്ഥാനത്തെ സംയോജിത തുറമുഖ ഹബ്ബാക്കും. ദക്ഷിണേന്ത്യയുടെ ഏവിയേഷന്‍ ഹബ്ബാക്കും. 10,000 ചെറുകിട വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും നയ പ്രഖ്യാപനത്തില്‍ പറയുന്നു.























