Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: അമൂല്യ നിധിശേഖരമുള്ള ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നുണ്ടെന്നും ഭക്തർ സമർപ്പിച്ച സ്വർണമുൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായെന്നും പൊലീസ് റിപ്പോർട്ട്. രാജകുടുംബവുമായി ബന്ധമുള്ളവർ സുരക്ഷാ പരിശോധനകൾ കൂടാതെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നുണ്ടെന്നും ഇവർ ക്ഷേത്ര ജീവനക്കാരുടെയും സെക്യൂരിറ്റി വിഭാഗത്തിൻ്റെയും ഒത്താശയോടെയാണ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നതെന്നും സർക്കാരിന് പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ക്ഷേത്രത്തിലെ പല വിലപിടിപ്പുള്ള വസ്തുക്കളും അറ്റകുറ്റപ്പണികൾക്കായി പുറത്തേക്ക് കൊണ്ടുപോയ ശേഷം തിരികെ എത്തിച്ചിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രത്തിലെ നീക്കങ്ങൾ നിരീക്ഷിച്ച് സംസ്ഥാന ഇൻ്റലിജൻസ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പി. റിപ്പോർട്ട് തയ്യാറാക്കി ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. ഭക്തർ കാണിക്കയായി സമർപ്പിച്ച ഏകദേശം 78 ഗ്രാം സ്വർണക്കട്ടികളും നാണയങ്ങളും കാണാതായിട്ടുണ്ട്. കൂടാതെ, ക്ഷേത്രത്തിൻ്റെ ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന ‘വൈരനാമം’ കഴിഞ്ഞ 6 മാസമായി തിരികെ വെച്ചിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ക്ഷേത്രത്തിലെ സ്വർണവിളക്ക് മാറ്റി പകരം ഔദ്യോഗിക രേഖകളൊന്നുമില്ലാതെ ഒരു വെള്ളിവിളക്ക് സ്ഥാപിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
രാജകുടുംബാംഗങ്ങൾ മാത്രം ഉപയോഗിക്കുന്ന ചെമ്പകത്തുമ്മൂട് വഴിയിലൂടെ മറ്റു വ്യക്തികൾ സുരക്ഷാപരിശോധന കൂടാതെ ഉള്ളിൽ പ്രവേശിക്കുന്നതും പുറത്തു കടക്കുന്നതും ഗുരുതര വീഴ്ചയാണ്. ഗണപതി വി.അയ്യർ, രാജേഷ് കഴക്കൂട്ടം, ജിം അരുൺ, കോട്ടുകാൽ ഷൈജു, പദ്മേഷ് പരശുരാമൻ, വിമാനക്കമ്പനി ജീവനക്കാരനായ അശോക എന്നിവർ ഒരു പരിശോധനയും കൂടാതെ ക്ഷേത്രത്തിൽ കയറിയിറങ്ങുകയാണ്. ഇവർ കവടിയാർ കൊട്ടാരത്തിലെ സ്ഥിരം സന്ദർശകരും രാജകുടുംബാംഗമായ ആദിത്യ വർമയുടെ അടുപ്പക്കാരുമാണെന്നും റിപ്പോർട്ടിലുണ്ട്.
നിരീക്ഷണ ക്യാമറകളിൽ ചിലത് പ്രവർത്തിക്കാത്തതും ദുരൂഹമാണ്. ശ്രീകോവിലിലേക്കുള്ള പ്രവേശന കവാടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ ചിലതും പ്രവർത്തിക്കുന്നില്ല. ശ്രീകോവിലിൽ സ്വർണം പതിപ്പിക്കാനായി കൊണ്ടുപോയതിൽ 13 ഗ്രാം സ്വർണക്കമ്പി കാണാതായതിനെത്തുടർന്ന് ക്യാമറകൾ പരിശോധിച്ചെങ്കിലും തുമ്പ് ലഭിച്ചില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ അടക്കം ഒട്ടേറെ ഭക്തരെ ക്ഷേത്രദർശന ടിക്കറ്റിൻ്റെ മറവിൽ കബളിപ്പിക്കുന്നതായും ആരോപണമുണ്ട്. 100 രൂപയുടെയും 500 രൂപയുടെയും ടിക്കറ്റുകൾ വ്യാജമായി അച്ചടിച്ചാണ് ഭക്തരെ ചതിക്കുന്നത്. ക്ഷേത്രം നിയോഗിച്ച ആൾ എന്ന വ്യാജേന സംഘത്തിനൊപ്പം തട്ടിപ്പുകാരിലെ ഒരാളും ക്ഷേത്രത്തിലേക്ക് കടക്കും. ശേഷം ഭക്തരെ ഒഴിവാക്കി മുങ്ങും. കിഴക്കേനട കേന്ദ്രീകരിച്ചാണ് കൂടുതലും തട്ടിപ്പ് നടക്കുന്നത്. ഇവിടെയുള്ള പൊലീസ് എയ്ഡ് പോസ്റ്റ് നിർജീവമാണ്.
സുരക്ഷാ വീഴ്ച ശ്രദ്ധയിൽപെട്ടതിനാൽ ട്രഷററുടെ ഓഫിസിലും വെഹിക്കിൾ ഷെഡുകളിലും സൂക്ഷിച്ചിരിക്കുന്ന സ്വർണവും വെള്ളിയും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും അടിയന്തരമായി സ്ട്രോങ് റൂമിലേക്ക് മാറ്റണമെന്ന് ഡി.ജി.പി. ശുപാർശ ചെയ്തു. ഭക്തർ നൽകുന്ന കാണിക്ക അളവും തൂക്കവും എണ്ണവും രേഖപ്പെടുത്തി ലോക്കറുകളിൽ സൂക്ഷിക്കണം. ക്ഷേത്രത്തിൽ പ്രവേശിക്കുന്ന എല്ലാവരെയും സ്ഥാനമാനങ്ങൾ നോക്കാതെ കർശന സുരക്ഷാ പരിശോധനയ്ക്കു വിധേയമാക്കണമെന്നും ശുപാർശയുണ്ട്.























