സഭയിലുമെത്തി വന്ദേമാതരം; പിണറായിയുടെ കാലത്തും ആർലേക്കർ വന്നു, വന്ദേമാതരം ഇല്ലാതെ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ട് സഭാ നടപടികൾക്ക് തുടക്കം. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കര്‍ സഭയിലെത്തിയപ്പോഴാണ് ആദ്യമായി വന്ദേമാതരം ആലപിക്കപ്പെട്ടത്. ജന​ഗമണന ആലപിച്ചാണ് ഇതുവരെ സഭാ നടപടികൾ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്തിരുന്നത്.

നിയമസഭയിൽ വന്ദേമാതരത്തിനു ശേഷം ജനഗണമനയും ആലപിച്ചു. ദേശീയ ഗീതമായ വന്ദേ മാതരവും ദേശീയ ഗാനമായ ജനഗണമനയും ഒരു ചടങ്ങിൽ ഒരുമിച്ച് ആലപിക്കുകയാണെങ്കിൽ ആദ്യം വന്ദേമാതരമാവണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ പുതുക്കിയ മാനദണ്ഡങ്ങൾ നിർദേശിക്കുന്നു. ഇതുപ്രകാരമായിരുന്നു നിയമസഭയിൽ ബാൻഡ് സംഘത്തിൻ്റെ ആലാപനം.

വന്ദേമാതരത്തിൻ്റെ ആദ്യത്തെ 6 വരികൾ മാത്രമാണ് സഭയിൽ പാടിയത്. ഗാനത്തിൻ്റെ എല്ലാ വരികളും പാടണമെന്ന നിർദ്ദേശം ലോക്ഭവനിൽ നിന്നു വന്നിരുന്നുവെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. വന്ദേമാതരം പൂർണമായി ആലപിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദേശത്തിലും പറയുന്നത്. ബഹുസ്വര സമൂഹത്തിന് യോജിക്കാത്ത, വന്ദേമാതരത്തിൻ്റെ പൂർണരൂപം യു.ഡി.എഫ്. സർക്കാരിൻ്റെ സത്യപ്രതിജ്ഞാചടങ്ങിൽ ആലപിച്ചത് വിവാദമായിരുന്നു. ഈ വിവാദം ആവര്‍ത്തിക്കേണ്ടതില്ലെന്നതിനാലാണ് ആദ്യ 6 വരികൾ മാത്രം പാടിയാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചത്. വന്ദേമാതരം പാടണം എന്ന നിര്‍ദേശം അംഗീകരിച്ചതിലൂടെ ലോക്ഭവനുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനായെന്നും സര്‍ക്കാർ കണക്കുകൂട്ടുന്നു.

വന്ദേമാതരത്തിൻ്റെ ആദ്യ 2 ഈരടികൾക്ക് ശേഷമുള്ള ഭാ​ഗങ്ങൾ വിവാദം സൃഷ്ടിക്കുന്നതാണ്. ബഹുസ്വര സമൂഹത്തിന്‌ യോജിച്ചതല്ല ​ഗാനമെന്ന നിലപാട്‌ 1937ൽ കോൺ​ഗ്രസ് പ്രവര്‍ത്തക സമിതി തന്നെ എടുത്തിരുന്നു. 1937 ഒക്‌ടോബര്‍ 30ന്‌ നടന്ന പ്രവര്‍ത്തക സമിതി ഔദ്യോഗിക പ്രമേയത്തിൻ്റെ ഭാഗമായാണ്‌ ആദ്യ ഈരടികൾക്ക് ശേഷമുള്ള ഭാ​ഗം വെട്ടിമാറ്റിയത്‌. 1950 ജനുവരി 24ന് ഭരണഘടനാ നിർമാണ സഭയില്‍ 1937ല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി തീരുമാനിച്ച വന്ദേമാതര ഗാനത്തിൻ്റെ ആദ്യത്തെ 8 വരി മാത്രമേ ദേശീയ ഗീതമായി അവതരിപ്പിക്കാന്‍ പാടുള്ളൂവെന്ന്‌ വ്യക്തമാക്കിയതുമാണ്‌. എന്നാൽ ഇത്തരത്തില്‍ മാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫ്. സർക്കാരിൻ്റെ സത്യപ്രതിജ്ഞാചടങ്ങിൽ ആലപിച്ചു.

Recent Articles

Related Articles

Special