പറയേണ്ടത് പറയാതിരുന്നു; കേന്ദ്ര അവ​ഗണനയിലെ മൗനം ആശങ്കപ്പെടുത്തുന്നതെന്ന് പിണറായി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം:​ ഗവർണറുടെ നയപ്രഖ്യാപനം ഒരു നയമില്ലായ്മയുടെ പ്രഖ്യാപനമായി മാറിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനം പാലിച്ചു. ഇത് സംസ്ഥാനത്തിന് അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായവ നഷ്ടപ്പെടാനാണ് ഇടയാക്കുകയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജനങ്ങൾക്ക് ആശ്വാസം നൽകുന്ന നടപടികൾക്കുള്ള കാഴ്ചപ്പാട് നയപ്രഖ്യാപനത്തിൽ ഉണ്ടായില്ല. നാടിൻ്റെ മുഖഛായ മാറ്റിയ കിഫ്ബി, കുടുംബശ്രീ, വിവിധ മിഷനുകൾ ഇവയെക്കുറിച്ചെല്ലാം വല്ലാത്ത മനംപാലിച്ചു. ലോകശ്രദ്ധ ആകർഷിച്ചതായിരുന്നു അതിദാരി​ദ്ര്യ മുക്ത സംസ്ഥാനമെന്ന നേട്ടം. അതിൻ്റെ അടുത്തഘട്ടത്തെക്കുറിച്ച് നയപ്രഖ്യാപനത്തിൽ പരാമർശമുണ്ടായില്ല. യു.ഡി.എഫ്. പുറത്തിറക്കിയ പ്രകടനപത്രികയിലെ വാ​ഗ്ദാനങ്ങളിൽനിന്നുള്ള ഒളിച്ചോട്ടവും നയപ്രഖ്യാപനത്തിൽ കാണാനുണ്ട്.

കേന്ദ്രസർക്കാരുമായി നല്ലബന്ധം ആ​ഗ്രഹിക്കുന്നതിൽ തെറ്റില്ല. പക്ഷേ കേന്ദ്രം കേരളത്തോട് സ്വീകരിച്ച നിലപാട് എന്തായിരുന്നു എന്ന അനുഭവമുണ്ട്. സാമ്പത്തിക ഫെഡറിലസത്തിൻ്റെ കടയ്ക്കൽ കത്തിവെക്കുന്ന നിലപാടാണ് കേന്ദ്രം മുൻപ് സ്വീകരിച്ചത്. അതിൽ സർക്കാർ നിലപാട് വ്യക്തമാക്കണമായിരുന്നു. കേരളത്തിൻ്റെ വികസനത്തെ പിന്നോട്ടടിപ്പിക്കുമോ എന്ന ആശങ്കയാണ് ഇതിലൂടെ ഉയരുന്നതെന്നും പിണറായി പറഞ്ഞു.

കേരളത്തിൻ്റെ സമ​ഗ്രവികസനത്തിനുള്ള ബ്ലൂപ്രിൻ്റ് കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ ആവിഷ്കരിച്ചിരുന്നു. അത് എങ്ങനെയൊക്കെയാണ് മുന്നോട്ടുപോകുക എന്നിവയെക്കുറിച്ച് ഒരു സൂചനപോലും ഉണ്ടായില്ല. സംസ്ഥാനത്തിൻ്റെ ധനകാര്യസ്ഥിതി റിസർവ് ബാങ്ക് തന്നെ അം​ഗീകരിച്ച കണക്കനുസരിച്ച് 5429 കോടി രൂപ ഖജനാവിൽ നീക്കിവെച്ചാണ് എൽ.ഡി.എഫ്. സർക്കാർ ഇറങ്ങിയത്. പക്ഷേ ആ ഭാ​ഗം മറച്ചുവെച്ച് ശരിയല്ലാത്ത പ്രചാരണം സൃഷ്ടിക്കാനും നയപ്രഖ്യാപനത്തിൽ ശ്രമിച്ചു.

നരേന്ദ്രമോദി പ്രഖ്യാപിച്ച ബ്ലൂ എക്കോണണിയാണോ ഇവിടെ പിന്തുടരാൻ പോകുന്നത് എന്നതിലും വ്യക്തതയുണ്ടായിട്ടില്ല. പുതുയു​ഗത്തിലേക്കുള്ള റൂട്ട് മാപ്പ് നയപ്രഖ്യാപനത്തിൽ ഉണ്ടായില്ല. ലക്ഷ്യം എങ്ങനെ സാധ്യമാക്കുമെന്നത് അവ്യക്തമാണ്. ഇനിയും സർക്കാരിന് മുന്നിൽ സമയമുണ്ട്. കഠിനമായ എതിർപ്പ് രേഖപ്പെടുത്തി മുന്നോട്ടുപോകുക എന്നതല്ല പ്രതിപക്ഷം ഉദ്ദേശിക്കുന്നത്. നാടിൻ്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും മുൻതൂക്കം നൽകുന്ന ഏത് പരിപാടിക്കും പിന്തുണ നൽകുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Recent Articles

Related Articles

Special