Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിൻ്റെ നയപ്രഖ്യാപന ദിവസമായ വെള്ളിയാഴ്ച മാധ്യമങ്ങളെ കൻ്റോൺമെൻ്റ് ഹൗസിൽ വിലക്കി മുഖ്യമന്ത്രി വി.ഡി.സതീശൻ. കഴിഞ്ഞ 3 ദിവസങ്ങളായി മാധ്യമങ്ങളോട് പ്രതികരിക്കാത്തതിനെ തുടർന്നാണ് ഇപ്പോഴത്തെ വിലക്കും.
പ്രതിപക്ഷ നേതാവായ പിണറായി വിജയൻ്റെ വസതിയിൽ ഇ.ഡി. റെയ്ഡ് നടത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് കഴിഞ്ഞ 3 ദിവസമായി മുഖ്യമന്ത്രി യാതൊരു മറുപടിയും നൽകിയിട്ടില്ല. പലയിടത്തും വെച്ച് മാധ്യമങ്ങൾ അദ്ദേഹത്തോട് റൈഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചുവെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. ‘തടസ്സമില്ലാതെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമെന്ന് പറഞ്ഞിരുന്നതല്ലേ, ഇപ്പോൾ മാധ്യമങ്ങളെ പേടിയാണോ’ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചിട്ടും സതീശൻ പ്രതികരിച്ചില്ല.
ഇത് കണക്കിലെടുത്ത് മുഖ്യമന്ത്രി താമസിക്കുന്ന കൻ്റോൺമെൻ്റ് ഹൗസിൽ മാധ്യമങ്ങളുടെ അനുമതി നിഷേധിച്ചിരിക്കുകയാണ്. സത്യപ്രതിജ്ഞയ്ക്ക് ശേഷവും ക്ലിഫ് ഹൗസിൽ നടക്കുന്ന പണികൾ കാരണം മുഖ്യമന്ത്രി കൻ്റോൺമെൻ്റ് ഹൗസിൽ തന്നെ തുടരുകയാണ്.
മുഖ്യമന്ത്രി ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതിനുപിന്നാലെയാണ് പിണറായി വിജയൻ്റെ വീടുകളിൽ ഇ.ഡി. കടന്നുകയറിയത്. നേരത്തെയുള്ള അന്വേഷണങ്ങളിലൊന്നും ഇ.ഡിക്ക് ഒരു തെളിവും ലഭിച്ചിരുന്നില്ല. എന്നിട്ടും ഭരണമാറ്റത്തിനു പിന്നാലെ ഇ.ഡി. കടന്നുവന്നതിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന ആരോപണം ശക്തമാണ്.






















