Follow the FOURTH PILLAR LIVE channel on WhatsApp
ബംഗളൂരു: രാജ്യത്തിൻ്റെ ആദ്യ സ്‌പേസ് ഡോക്കിങ് പരീക്ഷണമായ സ്‌പേഡെക്‌സ് ദൗത്യം പൂർണവിജയം. ബഹിരാകാശത്ത് നേരത്തേ കൂട്ടിച്ചേർത്ത ഉപഗ്രഹങ്ങളെ വേർപെടുത്തി സ്‌പേസ് അൺഡോക്കിങ് വിജയകരമായി പൂർത്തിയാക്കി. വ്യാഴാഴ്ച രാവിലെ 9 മണിക്കുശേഷമാണ് ഉപഗ്രഹങ്ങളുടെ അണ്‍ഡോക്കിങ് പൂർത്തിയായത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2024 ഡിസംബര്‍ 30നാണ് പി.എസ്.എൽ.വി.-സി60 ലോഞ്ച് വെഹിക്കിളില്‍ 2 സ്‌പേഡെക്‌സ് ഉപഗ്രഹങ്ങൾ ഐ.എസ്.ആർ.ഒ. വിക്ഷേപിച്ചത്. എസ്.ഡി.എക്‌സ്. 01- ചേസര്‍, എസ്.ഡി.എക്‌സ്. 02- ടാര്‍ഗറ്റ് എന്നിങ്ങനെയായിരുന്നു 220 കിലോഗ്രാം വീതം ഭാരമുള്ള ഈ ഉപഗ്രഹങ്ങളുടെ പേരുകള്‍. ജനുവരി 16ന് ഈ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് ഒന്നായി മാറി. ഉപഗ്രഹങ്ങൾ തമ്മിലുള്ള ദൂരം കുറച്ച് ആണ് ദൗത്യം വിജയകരമാക്കിയത്.
ഡോക്കിങ്ങിനു ശേഷം 2 ഉപഗ്രഹങ്ങളെ ഒരൊറ്റ വസ്തുവായി വിജയകരമായി നിയന്ത്രിക്കാൻ സാധിച്ചിരുന്നു. അതിനുശേഷമാണ് ഇവയെ വേർപെടുത്തുന്നതിനുള്ള അൺഡോക്കിങ് ശ്രമങ്ങൾ തുടങ്ങിയത്. അതിപ്പോൾ വിജയകരമായി പൂർത്തീകരിച്ചു. പവർ ട്രാൻസ്ഫർ പരിശോധനകളും ഇതിനോടൊപ്പം നടത്തിയിരുന്നു.
ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ അടക്കമുള്ള പദ്ധതികള്‍ക്ക് ഐ.എസ്.ആർ.ഒയ്ക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്പേസ് ഡോക്കിങ്. ഡോക്കിങ് – അൺഡോക്കിങ് പരീക്ഷണം വിജയിച്ചതോടെ ഈ സാങ്കേതികവിദ്യ സായത്തമാക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയായി ഐ.എസ്.ആർ.ഒ. മാറി. റഷ്യ, യു.എസ്., ചൈന എന്നീ രാജ്യങ്ങളിലെ ഏജൻസികളാണ് നേരത്തേ ഈ നേട്ടം കൈവരിച്ചവർ.