Follow the FOURTH PILLAR LIVE channel on WhatsApp
എൽവിൻ സി.ജോൺസൺ സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം ‘ടാരന്റിനോ’യുടെ ചിത്രീകരണം ആരംഭിച്ചു. കേരളപ്പിറവി ദിനത്തിൽ ചേർത്തല പള്ളിപ്പുറത്ത് കടവൻ ഹൗസിൽ നടന്ന പൂജാചടങ്ങോടെയാണ് ചിത്രത്തിന് തുടക്കമായത്.
ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധ നേടിയ എൽവിൻ സി.ജോൺസന്റെ ആദ്യ ഫീച്ചർ ചിത്രമാണിത്. മിഡിൽ ഈസ്റ്റിലെ ചലച്ചിത്ര നിർമാണ കമ്പനിയായ പ്ലോട്ട് പിക്ചേഴ്സും ‘സംഭവം അധ്യായം ഒന്ന്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നല്ല സിനിമയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

പൂജാചടങ്ങിൽ സബീന ബീവി, അഭിനേതാക്കൾ, അണിയറപ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു. പട്ടണം റഷീദ് സ്വിച്ചോൺ കർമവും പ്ലോട്ട് പിക്ചേഴ്സ് ദുബായിയുടെ പ്രതീഷ് ആശ ഫസ്റ്റ് ക്ലാപ്പും നിർവഹിച്ചു.
പോലീസ് ത്രില്ലർ സ്വഭാവത്തിലാണ് ‘ടാരന്റിനോ’ ഒരുക്കുന്നത്. ഓരോ കേസിനും പിന്നിലെ കഥയും അതിന്റെ ഉപരിതലത്തിന് അപ്പുറമുള്ള സത്യങ്ങളും അന്വേഷിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പരമ്പരാഗത കഥപറച്ചിലിൽനിന്ന് മാറി നിഗൂഢതകളും അപ്രതീക്ഷിത വഴിത്തിരിവുകളും വെളിപ്പെടുത്തലുകളും ചേർന്ന കഥയാണ് ചിത്രത്തിന്റേതെന്ന് അണിയറപ്രവർത്തകർ പറയുന്നു.
രഞ്ജി പണിക്കർ, ദീപക് പറമ്പോൽ, സിദ്ദിഖ്, മണിയൻപിള്ള രാജു, സെന്തിൽ കൃഷ്ണ, നിരഞ്ജ് മണിയൻപിള്ള രാജു, പാർഥ് തിവാരി, നന്ദു, ശ്രീജിത്ത് രവി, അദിതി രവി, ക്ലെയർ സി.ജോൺ, ഓർഹാൻ, ആദിശേഷൻ, ഫഹദ് സിദ്ദീഖ് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. വിനീത് കുമാറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ക്യാമറയ്ക്കു മുന്നിലും പിന്നിലും പുതുമുഖ പ്രതിഭകൾക്കും അവസരം നൽകിയാണ് ചിത്രം ഒരുക്കുന്നത്. എസ്.ജയകൃഷ്ണനാണ് തിരക്കഥ. ഗോഡ്‌വിൻ തോമസ് സംഗീതവും പ്രകാശ് രാണ ഛായാഗ്രഹണവും നിർവഹിക്കുന്നു. അർജുൻ പ്രകാശാണ് എഡിറ്റർ. മഹേഷ് ശ്രീധർ കലാസംവിധാനവും പട്ടണം റഷീദ് മേക്കപ്പും ബ്യൂസി ബേബി ജോൺ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.
ശ്രീനാഥ് രവീന്ദ്രൻ സൗണ്ട് ഡിസൈനും റിഷാജ് മുഹമ്മദ് സ്റ്റിൽസും ശ്രാവൺ സത്യ ആക്ഷനും നിർവഹിക്കുന്നു. അതൂപ് മോഹൻ എസ്. ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. യെല്ലോ ടൂത്താണ് ഡിസൈൻ നിർവഹിക്കുന്നത്. വിജയൻ ഉണ്ണി ഫിനാൻസ് കൺട്രോളറും ജയേഷ് എൻ.ആർ. പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്.


























