Follow the FOURTH PILLAR LIVE channel on WhatsApp
മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കമായി. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം താത്കാലികമായി ‘L368’ എന്ന പേരിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആശിർവാദ് സിനിമാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ചിത്രം ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനു ജോർജ് അലക്സാണ്ടറാണ് നിർമിക്കുന്നത്. കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന പൂജാചടങ്ങോടെയാണ് ചിത്രത്തിന് ഔദ്യോഗിക തുടക്കമായത്.
പി.ജി.ജോർജും കുഞ്ഞൂഞ്ഞമ്മ ജോർജും ചേർന്ന് സ്വിച്ചോൺ കർമം നിർവഹിച്ചു. മോഹൻലാൽ ആദ്യ ക്ലാപ്പ് നൽകി. അഭിനേതാക്കളും അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും ചടങ്ങിൽ പങ്കെടുത്തു.


‘വരനെ ആവശ്യമുണ്ട്’ എന്ന ആദ്യ ചിത്രത്തിനുശേഷം 6 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ സിനിമയുമായി എത്തുന്നതെന്ന് അനൂപ് സത്യൻ പറഞ്ഞു. ഏറെ ആരാധിക്കുന്ന നടനായ മോഹൻലാലിനെ നായകനാക്കി സിനിമ ഒരുക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അനൂപിന്റെ സിനിമാപ്രേമത്തെക്കുറിച്ചും മോഹൻലാലിനോടുള്ള ആരാധനയെക്കുറിച്ചും ഓർമിച്ചുകൊണ്ടായിരുന്നു സത്യൻ അന്തിക്കാടിന്റെ ആശംസ. ‘L368’ എന്ന നമ്പറിൽ തന്റെ 20 ചിത്രങ്ങളും ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം തമാശയായി ചൂണ്ടിക്കാട്ടി.
6 വർഷത്തെ ഇടവേള ഒരു ചലച്ചിത്രകാരനെ സംബന്ധിച്ചിടത്തോളം ദീർഘമാണെന്നും അതിന് ശേഷം മോഹൻലാലിനൊപ്പം അനൂപ് തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെന്നും ജൂഡ് ആന്റണി ജോസഫ് പറഞ്ഞു. സത്യൻ അന്തിക്കാടിനൊപ്പവും മക്കളായ അഖിൽ സത്യൻ, അനൂപ് സത്യൻ എന്നിവർക്കൊപ്പവും സിനിമയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം മുകേഷും പങ്കുവച്ചു. ചിത്രത്തിന്റെ ഭാഗമല്ലെങ്കിലും തനിക്ക് പ്രിയപ്പെട്ട നിരവധി പേരുടെ സംരംഭമാണിതെന്ന് ടൊവിനോ തോമസും പറഞ്ഞു.
ആശിഷ് ജോ ആന്റണി, സംഗീത് പ്രതാപ്, ജെയ്ക്സ് ബിജോയ്, ആന്റണി പെരുമ്പാവൂർ, ബിനു ജോർജ് അലക്സാണ്ടർ, മോഹൻലാൽ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.
ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നില്ലെന്ന് അനൂപ് സത്യൻ പറഞ്ഞു. വിവിധ ജോണറുകളുടെ സ്വഭാവം ഉൾക്കൊള്ളുന്ന സിനിമയായിരിക്കുമെന്ന സൂചന മാത്രമാണ് അദ്ദേഹം നൽകിയത്. മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് തിയേറ്റർ കലാകാരന്മാരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഇവ തെന്നൽ, മുകേഷ്, അജു വർഗീസ്, സംഗീത് പ്രതാപ്, രാജേഷ് മാധവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ തുടർ ഷെഡ്യൂളുകൾ ഇടുക്കി, മംഗളൂരു എന്നിവിടങ്ങളിലും കർണാടകയിലെ വിവിധ ലൊക്കേഷനുകളിലുമായി നടക്കും.
കൈതപ്രമാണ് ഗാനരചന. ജെയ്ക്സ് ബിജോയ് സംഗീതവും ഷഹ്നാസ് ജലാൽ ഛായാഗ്രഹണവും നിർവഹിക്കുന്നു. പ്രശാന്ത് മാധവൻ കലാസംവിധാനവും സുജിത് സുധാകർ വസ്ത്രാലങ്കാരവും സജീവ് സജി മേക്കപ്പും നിർവഹിക്കുന്നു.
അനിൽ രാധാകൃഷ്ണനാണ് സിങ്ക് സൗണ്ട്. വിഷ്ണു പിഷാരടി വി.എഫ്.എക്സും സ്റ്റണ്ട് സെൽവ ആക്ഷനും നിർവഹിക്കുന്നു. എസ്തറ്റിക് കുഞ്ഞമ്മയാണ് ഡിസൈൻ. അതുല്യ മധു ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. ആദർശ് ലൈല സുന്ദർ പ്രൊഡക്ഷൻ മാനേജറും ശ്രീക്കുട്ടൻ, ധനേഷ് എന്നിവർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാണ്. ബിജു തോമസാണ് പ്രൊഡക്ഷൻ കൺട്രോളർ. പി.ആർ.ഒ. വാഴൂർ ജോസ്.
ആശിർവാദ് റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.































