Follow the FOURTH PILLAR LIVE channel on WhatsApp
ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയമായ ക്ലാസിക് സംഗീതചിത്രങ്ങളിലൊന്നായ ‘ശങ്കരാഭരണം’ നവംബറിൽ വീണ്ടും തിയേറ്ററുകളിലെത്തുന്നു. മലയാളത്തിലും തമിഴിലുമായി ലോകവ്യാപകമായി റീ-റിലീസ് ചെയ്യുന്ന ചിത്രം 4കെ അൾട്രാ എച്ച്.ഡി. ദൃശ്യവ്യക്തതയിലും 7.1 സറൗണ്ട് സൗണ്ട് ശബ്ദമികവിലുമാണ് പ്രേക്ഷകരിലേക്കെത്തുന്നത്. തീയതി പിന്നീട് പ്രഖ്യാപിക്കും.
ചിത്രത്തിന്റെ പുതിയ ഡിജിറ്റൽ പതിപ്പ് ഒരുക്കിയിരിക്കുന്നത് ശ്രീലാൽ ദേവരാജാണ്. പീപ്പിൾസ് ഫിലിം അക്കാദമിയും ചാനൽ ഫൈവും ചേർന്നാണ് ചിത്രം തിയേറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നത്.
കെ.വിശ്വനാഥ് സംവിധാനം ചെയ്ത് 1980ൽ പുറത്തിറങ്ങിയ ‘ശങ്കരാഭരണം’ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ മഹത്വവും കലാകാരന്റെ ജീവിതവും മാനുഷികബന്ധങ്ങളുടെ ആഴവും പ്രമേയമാക്കിയ ചിത്രമാണ്. ജെ.വി. മയാജുലു, മഞ്ജു ഭാർഗവി, രാജ്യലക്ഷ്മി, തുളസി, ചന്ദ്രമോഹൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കെ.വി.മഹാദേവന്റെ സംഗീതവും എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ആലാപനവും ചിത്രത്തിന്റെ പ്രധാന സവിശേഷതകളായിരുന്നു. ‘ശങ്കരാ… നാദശരീരപരാ…’ ഉൾപ്പെടെയുള്ള ഗാനങ്ങൾ പതിറ്റാണ്ടുകൾക്കിപ്പുറവും സംഗീതാസ്വാദകർക്കിടയിൽ ജനപ്രിയമായി തുടരുന്നു.
ദേശീയതലത്തിലും ചിത്രം ശ്രദ്ധേയമായ അംഗീകാരങ്ങൾ നേടിയിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ‘ശങ്കരാഭരണം’ സ്വന്തമാക്കി. അന്നത്തെ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ചിത്രം രാഷ്ട്രപതി ഭവനിലും പ്രദർശിപ്പിക്കപ്പെട്ടിരുന്നു.
പുതിയ ഡിജിറ്റൽ പതിപ്പിലൂടെ ചിത്രത്തിന്റെ ദൃശ്യ-ശ്രാവ്യ അനുഭവം നവീകരിച്ചാണ് വീണ്ടും വലിയ സ്ക്രീനിലെത്തിക്കുന്നത്. പഴയ തലമുറയ്ക്ക് സിനിമയുമായി ബന്ധപ്പെട്ട ഓർമകൾ പുതുക്കാനും പുതിയ തലമുറയ്ക്ക് തിയേറ്ററിൽ ഈ ക്ലാസിക് അനുഭവിക്കാനും റീ-റിലീസ് അവസരമൊരുക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി.ആർ.ഒ. എ.എസ്. ദിനേശ്, മനു ശിവൻ.






























