‘ചിൽ’ നായ്ക്കുട്ടി കേന്ദ്രകഥാപാത്രം; ‘ഖുശ്പു’ ഫസ്റ്റ് ലുക്ക് പുറത്ത്

Follow the FOURTH PILLAR LIVE channel on WhatsApp 

‘ചിൽ’ എന്ന നായ്ക്കുട്ടിയെ പ്രധാന കഥാപാത്രമാക്കി സുജൻ അരോമൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഖുശ്പു’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ സുരാജ് വെഞ്ഞാറമൂടാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പോസ്റ്റർ പ്രകാശനം ചെയ്തത്.

ബൈജു ക്രിയേഷൻസിന്റെ ബാനറിൽ സിന്തൈ വിജയൻ കഥയെഴുതി നിർമിക്കുന്ന ചിത്രം ഹൊറർ കോമഡി ഡ്രാമ സ്വഭാവത്തിലാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്നാണ് ‘ചിൽ’ എന്ന നായ്ക്കുട്ടിയുടെ സാന്നിധ്യം.

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശത്തുനിന്ന് അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ചില്ലിനെയാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായി അവതരിപ്പിക്കുന്നത്. ദുരന്തഭൂമിയിൽനിന്ന് കണ്ടെത്തിയ ചില്ലിനെ ഷാജി ബാലരാമപുരം, ജിഗേഷ് സുകുമാർ, ബിജോയ് എന്നിവർ പരിശീലിപ്പിച്ചാണ് ചിത്രീകരണത്തിനായി ഒരുക്കിയത്. തെരുവുനായയുടെ അതിജീവനവും പിന്നീട് സിനിമയിലെത്തുന്ന യാത്രയും ചിത്രത്തിന് വേറിട്ട പശ്ചാത്തലം നൽകുന്നുവെന്ന് അണിയറപ്രവർത്തകർ പറയുന്നു.

യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടാൻ ശ്രമിക്കുന്ന ഒരു സംഘം സുഹൃത്തുക്കളുടെ ജീവിതമാണ് ‘ഖുശ്പു’വിന്റെ പ്രമേയം. അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ഹൊറർ, നർമ്മം, സസ്പെൻസ് എന്നിവ ചേർത്താണ് ചിത്രം ഒരുക്കുന്നത്.

ജാഫർ ഇടുക്കി, ഷാലു റഹീം, ഡയാന ഹമീദ്, ചിത്ര നായർ, സിനി കോലത്തുകര, പൂജ റാം, അൻവർ ഷെരീഫ്, നിർമൽ പാലാഴി, പ്രമോദ് വെളിയനാട്, അമൽ രാജ്ദേവ്, അനീഷ് ദാർ, ഷിബു ലാപ്പൻ, അനു ആനന്ദൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ജിനേഷാണ് കോ-പ്രൊഡ്യൂസർ. റെജിൻ സാന്റോ ഛായാഗ്രഹണവും കാച്ചപ്പിള്ളി ആന്റേഴ്സ് എഡിറ്റിങ്ങും നിർവഹിക്കുന്നു. സിബി അമരാവിളയാണ് കലാസംവിധാനം. അഭിരാം യു.ബി. സൗണ്ട് ഡിസൈനും ഫൈനൽ മിക്സിങ്ങും നിർവഹിക്കുന്നു.

അഫ്സൽ യൂസഫ്, ദിനു മോഹൻ, സമദ് പ്രിയദർശിനി, സുജൻ അരോമൽ എന്നിവർ സംഗീതം ഒരുക്കുന്നു. വില്യം ഫ്രാൻസിസാണ് ഒറിജിനൽ സ്കോർ. ദിനു മോഹൻ, സുജൻ അരോമൽ എന്നിവർ ഗാനരചന നിർവഹിക്കുന്നു. വൈക്കം വിജയലക്ഷ്മി, നജീം അർഷാദ്, റിനു റസാഖ്, നിഹാസ് ഷംനാദ്, ഷിനു എസ്.കെ., ജ്യോത്സ്ന ജോസ് അരക്കൽ, സുദർശൻ സുകുമാരൻ എന്നിവരാണ് ഗായകർ.

രതീഷ് രവി മേക്കപ്പും ഗോപൻ വികൃതി വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. വിനു ശ്രീധർ ചീഫ് അസോസിയേറ്റ് ഡയറക്ടറും അനുരാജ് മേടയിൽ അസോസിയേറ്റ് ഡയറക്ടറുമാണ്. സഫി ആയൂർ പ്രൊഡക്ഷൻ കൺട്രോളറാണ്.

ജോജി ഡി.പറക്കൽ കളറിസ്റ്റാണ്. ഫിൽമിയോൺ പ്രൊഡക്ഷൻസാണ് എ.ഐ.യും വി.എഫ്.എക്സും നിർവഹിക്കുന്നത്. സൗത്ത് സ്റ്റുഡിയോസ്, കൊച്ചിയാണ് സ്റ്റുഡിയോ. ബിനാസ് നാസർ സ്റ്റിൽസും ഡാവിഞ്ചി സ്റ്റുഡിയോ ഡിസൈനും നിർവഹിക്കുന്നു. പി.ആർ.ഒ. എ.എസ്.ദിനേശ്, മനു ശിവൻ.

COMMENT

Recent Articles

Related Articles

Special