Follow the FOURTH PILLAR LIVE channel on WhatsApp
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെയും രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങളെയും തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ മന്ത്രിസഭയിൽനിന്ന് രാജിവെക്കാൻ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് അയച്ചതായി അദ്ദേഹം അറിയിച്ചു. ജന്തർ മന്തറിലും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുമായി രൂപപ്പെട്ട സാഹചര്യത്തിൽ “ദേശവിരുദ്ധ ശക്തികൾ സാഹചര്യം മുതലെടുക്കാതിരിക്കാനും രാജ്യത്തിൻ്റെ ഐക്യം സംരക്ഷിക്കാനും” വേണ്ടിയാണ് രാജിയെന്ന് പ്രധാൻ കത്തിൽ വ്യക്തമാക്കി.
“എൻ്റെ യുവ സുഹൃത്തുക്കൾക്ക്” എന്ന അഭിസംബോധനയോടെയാണ് പ്രധാൻ പ്രസ്താവന ആരംഭിച്ചത്. 40ലധികം വർഷമായി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസപരിഷ്കാരത്തിനുമൊപ്പം പ്രവർത്തിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ശക്തവും സമഗ്രവുമായ വിദ്യാഭ്യാസസംവിധാനമാണ് ശക്തമായ രാജ്യത്തിൻ്റെ അടിത്തറയെന്നും യുവജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക രാഷ്ട്രീയ-സാമൂഹിക ജീവിതത്തിലുള്ള എല്ലാവരുടെയും ധാർമിക ബാധ്യതയാണെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.
മെയ് 3ന് നടന്ന നീറ്റ്-യു.ജി. പരീക്ഷയിൽ ക്രമക്കേടുകൾ പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര സർക്കാർ വിഷയം ഗൗരവമായി പരിഗണിച്ചുവെന്നും അന്വേഷണം സി.ബി.ഐക്ക് കൈമാറിയെന്നും പരീക്ഷ റദ്ദാക്കി പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചുവെന്നും പ്രധാൻ കത്തിൽ അവകാശപ്പെട്ടു. അടുത്ത വർഷം മുതൽ പരീക്ഷ സി.ബി.ടി. രീതിയിൽ നടത്താനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 20 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ പരീക്ഷ സുഗമമായി നടത്തുക എന്നതായിരുന്നു സർക്കാരിൻ്റെ ആദ്യ പരിഗണനയെന്നും കേന്ദ്ര സർക്കാരിനൊപ്പം സംസ്ഥാന സർക്കാരുകളും ജില്ലാ ഭരണകൂടങ്ങളും പ്രധാന പങ്കുവഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുനഃപരീക്ഷ ജൂൺ 21ന് പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി.
“ആദ്യ ദിവസം മുതൽ ഞാൻ ഉത്തരവാദിത്വം ഏറ്റെടുത്തു; ഈ സാഹചര്യത്തിൽനിന്ന് ഒരിക്കലും മാറിനിന്നിട്ടില്ല,” എന്നും പ്രധാൻ പ്രസ്താവനയിൽ പറഞ്ഞു. പരീക്ഷാ മാഫിയ കാരണം മികവുള്ള ഒരു വിദ്യാർത്ഥിയുടെയും അവസരം നഷ്ടമാകാൻ അനുവദിക്കില്ലെന്നതായിരുന്നു തൻ്റെ നിലപാട്. ജൂലൈ 16ന് പ്രസിദ്ധീകരിച്ച നീറ്റ്-യു.ജി. ഫലം തൃപ്തികരമായിരുന്നുവെന്നും ദരിദ്ര പശ്ചാത്തലത്തിലുള്ള മികവുറ്റ വിദ്യാർത്ഥികൾക്കും വിജയിക്കാനായെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, ഉത്തരവാദിത്വമുള്ള സ്ഥാനങ്ങളിൽ ഇരിക്കുന്ന ചിലർ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം കത്തിൽ പരാമർശിച്ചു.
കഴിഞ്ഞ 10 ദിവസങ്ങളിലെ സംഭവവികാസങ്ങൾ തന്നെ വേദനിപ്പിച്ചുവെന്നും ഇത് തൻ്റെ വ്യക്തിപരമായ പ്രതിഷ്ഠയുടെ പ്രശ്നമല്ലെന്നും പ്രധാൻ പറഞ്ഞു. രാജ്യത്തിൻ്റെ യുവശക്തിയാണ് ഇന്ത്യയുടെ യഥാർത്ഥ കരുത്ത്. യുവാക്കളെ ആശയക്കുഴപ്പത്തിൻ്റെ വലയത്തിൽ കുടുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. ഒരു വിദ്യാർത്ഥിയുടെ ഭാവിയും നിയമപ്രശ്നങ്ങളിൽ കുടുങ്ങരുതെന്നും കുട്ടികൾ പഠനത്തിലും കരിയർ നിർമ്മാണത്തിലും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജിക്ക് ഇടയാക്കിയ പശ്ചാത്തലം നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഡൽഹിയിലെ ജന്തർ മന്തറിൽ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭം ഉയർന്നതാണ്. പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകളും യുവജനപ്രസ്ഥാനങ്ങളും രാജ്യതലസ്ഥാനത്ത് ദിവസങ്ങളായി സമരത്തിലായിരുന്നു. പൊലീസ് നടപടിയും വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ മർദ്ദനവും വിവാദമായതോടെ പ്രതിഷേധം കൂടുതൽ ശക്തമായി.
രാജിക്കത്തിൽ പ്രധാനമന്ത്രിയുടെ മാർഗനിർദേശത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും പ്രധാൻ നന്ദി അറിയിച്ചു. മന്ത്രിസഭയിലെ സഹപ്രവർത്തകർക്കും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും അദ്ദേഹം നന്ദി പറഞ്ഞു. രാഷ്ട്രസേവനമാണ് തൻ്റെ ജീവിതത്തിലെ പരമപ്രധാന കർത്തവ്യമെന്നും ഭാവിയിലും ഭാരത മാതാവിൻ്റെയും ഒഡീഷയിലെ ജനങ്ങളുടെയും രാജ്യത്തെ യുവജനങ്ങളുടെയും ആഗ്രഹങ്ങൾ നിറവേറ്റാൻ താൻ പ്രവർത്തിക്കുമെന്നും അദ്ദേഹം കത്തിൻ്റെ അവസാനത്തിൽ കുറിച്ചു.




























