കപ്പൽ പണിയാൻ പോയി, കള്ളക്കഥ പണിതു

Follow the FOURTH PILLAR LIVE channel on WhatsApp 

കേരളത്തിൽ 10,000 കോടി രൂപയുടെ കപ്പൽനിർമാണ പദ്ധതി തുടങ്ങാൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി.ഡി.സതീശൻ്റെ പ്രഖ്യാപനം ആദ്യം കേട്ടപ്പോൾ കേരളം ഒന്നു ഞെട്ടി. ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി പറഞ്ഞത്: “ടാറ്റ കപ്പൽനിർമാണത്തിൽ നിക്ഷേപിക്കാൻ തയ്യാറാണ്, സർക്കാർ ഭൂമി നൽകും, 10,000 കോടി രൂപയുടെ പദ്ധതി അവർ നിർദേശിച്ചിട്ടുണ്ട്, ഒരു മാസത്തിനകം ഇടപാട് തീർക്കും.” വാർത്ത പുറത്ത് വന്നപ്പോൾ സതീശഭക്തർക്കു കേരളം ഉടൻ “കപ്പൽരാജ്യം” ആകാനിരിക്കുകയാണ് എന്ന ആവേശം. വിഴിഞ്ഞം തീരത്ത് ഒരു പ്രഭാതത്തിൽ കണ്ണുതുറക്കുമ്പോൾ ടാറ്റയുടെ കപ്പൽശാല പൊങ്ങി വന്നേക്കുമെന്നായിരുന്നു ഭാവം. മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പക്ഷേ കപ്പൽ വെള്ളത്തിലിറങ്ങുന്നതിനു മുമ്പ് കഥ കരയിൽ കുടുങ്ങി. ഇ.ടി. ഇൻഫ്ര റിപ്പോർട്ട് പ്രകാരം, കേരളത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തിലോ ഇത്തരമൊരു 10,000 കോടി രൂപയുടെ കപ്പൽനിർമാണ പദ്ധതി ടാറ്റയുടെ മേശപ്പുറത്ത് ഇല്ലെന്ന് ടാറ്റ ഗ്രൂപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ടാറ്റയുടെ ഔദ്യോഗിക വക്താവ് ഇ.ടി. ഇൻഫ്ര-യുടെ ഇമെയിലിന് മറുപടി നൽകിയില്ലെങ്കിലും, ടാറ്റ വൃത്തങ്ങളെ ഉദ്ധരിച്ച ഈ നിഷേധം മുഖ്യമന്ത്രിയുടെ അവകാശവാദത്തെ നേരിട്ട് തറപറ്റിച്ചു.

“ഉദ്ദേശിച്ചത് അങ്ങനെയല്ല” എന്ന സർക്കാർ ഭാഷ്യം

അവകാശവാദം പൊളിഞ്ഞപ്പോൾ സർക്കാർ രംഗത്ത് വന്നു. പതിവുപോലെ പത്രക്കുറിപ്പിൻ്റെ കുട തുറന്നു. മുഖ്യമന്ത്രി 10,000 കോടി എന്ന് പറഞ്ഞത് ഒരു സ്ഥാപനവുമായി ഒറ്റ നിക്ഷേപ കരാർ ഉറപ്പിച്ചുവെന്ന അർത്ഥത്തിലല്ല, വിവിധ പദ്ധതികളിലൂടെയും പല നിക്ഷേപകരിലൂടെയും വരും വർഷങ്ങളിൽ ആകർഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്ന ആകെ നിക്ഷേപസാധ്യതയെന്നായിരുന്നു വിശദീകരണം. ഒരു വാചകത്തിൽ പറഞ്ഞാൽ, “ടാറ്റ 10,000 കോടി നിക്ഷേപിക്കും” എന്നത് “ഒരിക്കൽ ആരെങ്കിലും എവിടെയെങ്കിലും ഒക്കെ നിക്ഷേപിച്ചേക്കാം” എന്നാക്കി പരിഭാഷപ്പെടുത്തി.

സർക്കാർ പത്രക്കുറിപ്പിലെ അടുത്ത തന്ത്രം അതിലും മനോഹരം. ടാറ്റയുടെ 10,000 കോടി രൂപയുടെ കപ്പൽശാലയെന്ന വൻകഥയ്ക്ക് പകരം, മലബാർ സിമൻ്റ്സും ടാറ്റ പ്രോജക്ട്സ് ഗ്രൂപ്പിൻ്റെ ഭാഗമായ ആർട്സൺ എഞ്ചിനീയറിങ്ങും ചേർന്ന് കൊച്ചിൻ പോർട്ടിൽ കപ്പൽനിർമാണ യൂണിറ്റ് തുടങ്ങുന്ന സംയുക്ത സംരംഭം മുന്നോട്ട് വെച്ചു. ഒരു കപ്പൽ മുങ്ങുമ്പോൾ അടുത്തുള്ള വള്ളം കാണിച്ച് “ഇതാ കപ്പൽ” എന്നു പറയുന്നതുപോലെയായിരുന്നു ആ വിശദീകരണം. സർക്കാർ പത്രക്കുറിപ്പ് പ്രകാരം ഈ പദ്ധതിക്ക് പ്രധാന അനുമതികൾ ലഭിച്ചു, കൊച്ചിൻ പോർട്ട് ഭൂമി ലഭ്യമാക്കി, പ്രാഥമിക വികസനപ്രവർത്തനങ്ങൾ തുടങ്ങി.

ഇടതുസർക്കാരിൻ്റെ പഴയ ഉത്തരവിനെ സതീശൻ പുതിയ കപ്പലാക്കി

ഇവിടെയാണ് പഴയൊരു സർക്കാർ ഉത്തരവ് കഥയുടെ യഥാർത്ഥ ഹാസ്യഭാഗം തുറന്നുകാട്ടുന്നത്. 2025 ഫെബ്രുവരി 19ന് തന്നെ വ്യവസായ വകുപ്പ് G.O.(Rt) No.187/2025/ID എന്ന ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ആ ഉത്തരവിൽ പറയുന്നത് മലബാർ സിമൻ്റ്സ് ലിമിറ്റഡിന് കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ലീസായി ലഭിച്ച 6.93 ഏക്കർ ഭൂമി ഉപയോഗിച്ച് ആർട്സൺ എഞ്ചിനീയറിങ്ങുമായി സംയുക്ത കപ്പൽനിർമാണ പദ്ധതിക്കായി ധാരണാപത്രം ഒപ്പിടാൻ തത്വത്തിൽ അനുമതി നൽകുന്നു എന്നതാണ്. അതും 2025 ഫെബ്രുവരി 21, 22 തീയതികളിൽ നടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ധാരണാപത്രം ഒപ്പിടാനായിരുന്നു നിർദേശം. അതു പ്രകാരം ഇരു സ്ഥാപനങ്ങളും ധാരണാപത്രം ഒപ്പിടുകയും ചെയ്തു. അന്ന് അധികാരത്തിലുണ്ടായിരുന്നത് ഇപ്പോഴത്തെ യു.ഡി.എഫ്. സർക്കാർ അല്ല. അതായത്, സർക്കാർ ഇപ്പോൾ സ്വന്തം “മിഷൻ സമുദ്ര”യുടെ തെളിവായി ഉയർത്തിക്കാട്ടുന്ന ഈ പദ്ധതി, കഴിഞ്ഞ ഇടതുപക്ഷ സർക്കാർ കാലത്ത് തന്നെ ഉത്തരവായി രൂപം കൊണ്ടതും പ്രാവർത്തികമായതുമാണ്. ഈ സംയുക്ത കപ്പൽനിര്‍മാണ പദ്ധതിയുടെ പ്രാരംഭപണികൾ അടുത്തയാഴ്ച തുടങ്ങാനിരിക്കുകയാണെന്നത് വേറെ കാര്യം.

ഉത്തരവിൽ മറ്റൊരു പ്രധാന വിവരം കൂടി ഉണ്ട്. മലബാർ സിമൻ്റ്സ് ഈ സംയുക്ത പദ്ധതിയിൽ ഇടുന്ന “നിക്ഷേപം” എന്താണെന്ന് ചോദിച്ചാൽ, അത് 10,000 കോടി രൂപയുടെ സമുദ്രഗർജ്ജനമല്ല. കൊച്ചിൻ പോർട്ട് ട്രസ്റ്റിന് 6.93 ഏക്കർ ഭൂമിക്കായി നൽകിയ 57.89 കോടി രൂപയുടെ അപ്ഫ്രണ്ട് ലാൻഡ് ലീസ് പ്രീമിയം ആണ്. അതായത് സർക്കാർ പത്രക്കുറിപ്പിൽ ഇപ്പോൾ മിഷൻ സമുദ്രയുടെ മഹാകപ്പൽപോലെ അവതരിപ്പിക്കുന്ന പദ്ധതിയുടെ അടിസ്ഥാന രേഖയിൽ കാണുന്നത് 6.93 ഏക്കർ ഭൂമിയും 57.89 കോടി രൂപയുടെ ലീസ് പ്രീമിയവും മാത്രമാണ്. അവിടെനിന്ന് നേരിട്ട് 10,000 കോടിയുടെ കപ്പൽനിർമാണ സാമ്രാജ്യത്തിലേക്ക് ചാടാൻ സർക്കാരിന് നല്ലൊരു രാഷ്ട്രീയ ക്രെയിൻ വേണ്ടിവരും.

6.93 ഏക്കർ വള്ളവും 2000 ഏക്കർ കപ്പൽശാലയും

ഇപ്പോൾ ചിത്രം വ്യക്തമാണ്. മുഖ്യമന്ത്രി പറഞ്ഞത് ടാറ്റയുടെ 10,000 കോടി രൂപയുടെ കപ്പൽനിർമാണ പദ്ധതി. ടാറ്റ വൃത്തങ്ങൾ പറഞ്ഞത് അത്തരമൊരു പദ്ധതി ഇല്ല. സർക്കാർ പിന്നീട് പറഞ്ഞത്, “അത് ഒറ്റ കമ്പനിയല്ല, മൊത്തം ഭാവി നിക്ഷേപസാധ്യതയാണ്.” അതിനുശേഷം തെളിവായി കാണിച്ചത് മലബാർ സിമൻ്റ്സ്–ആർട്സൺ സംയുക്ത പദ്ധതി. എന്നാൽ ആ സംയുക്ത പദ്ധതിയുടെ അടിസ്ഥാനം 2025 ഫെബ്രുവരി 19ലെ ഇടതുസർക്കാർ കാലത്തെ ഉത്തരവാണ്.

ഇതിനെ നിക്ഷേപ നയമെന്ന് വിളിക്കണോ, പുനർനാമകരണ വ്യായാമമെന്ന് വിളിക്കണോ? പഴയ ഫയലിൽ പുതിയ കവറിട്ട്, അതിൽ മിഷൻ സമുദ്രയുടെ സ്റ്റിക്കർ ഒട്ടിച്ചാൽ പദ്ധതി പുത്തൻതാകുമോ? പഴയ ഉത്തരവിനെ പുതിയ സർക്കാരിൻ്റെ വൻനേട്ടമാക്കി വായിക്കുന്നതാണെങ്കിൽ നാളെ തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരം മിഷൻ ഹെറിറ്റേജിൻ്റെ ഭാഗമായി യു.ഡി.എഫ്. സർക്കാർ പണിതതാണെന്ന് പറയേണ്ടിവരും.

ഗ്രീൻഫീൽഡ് കപ്പൽശാലയുടെ യാഥാർത്ഥ്യം

10,000 കോടി രൂപയുടെ കപ്പൽനിർമാണ പദ്ധതി എന്ന വാചകം വെറും സൗണ്ട് എഫക്റ്റ് അല്ല. അതിന് ഭൂമി വേണം. കടൽമുഖം വേണം. കേന്ദ്രാനുമതി വേണം. ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് വേണം. ഒരു ഗ്രീൻഫീൽഡ് കപ്പൽനിർമാണ ക്ലസ്റ്ററിന് ഏകദേശം 2 കിലോമീറ്റർ വാട്ടര്‍ഫ്രണ്ടും ഏകദേശം 2000 ഏക്കർ ഭൂമിയും വേണ്ടിവരും. അത്തരം വലിപ്പമുള്ള പദ്ധതിക്ക് കേരളത്തിൽ അനുയോജ്യമായ ഭൂമിയും കടൽമുഖവും കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് വ്യവസായവൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നു. അതിലും പ്രധാനമായി, കേരളം അത്തരമൊരു ഗ്രീൻഫീൽഡ് കപ്പൽനിർമാണ ക്ലസ്റ്ററിനായി സ്ഥലം കണ്ടെത്തുകയോ ഡി.പി.ആർ. തയ്യാറാക്കുകയോ കേന്ദ്രപദ്ധതിയിൽ മുന്നോട്ടു പോകുകയോ ചെയ്തിട്ടില്ല.

ഇപ്പോൾ ഒന്നു കണക്കുകൂട്ടാം. മുഖ്യമന്ത്രി പറഞ്ഞത് 10,000 കോടി. ഗ്രീൻഫീൽഡ് കപ്പൽശാലയ്ക്ക് പറയുന്നത് ഏകദേശം 2000 ഏക്കർ. സർക്കാരിൻ്റെ പത്രക്കുറിപ്പ് പിടിച്ചുനിൽക്കാൻ കൊണ്ടുവന്ന പഴയ പദ്ധതി 6.93 ഏക്കർ. ഈ 6.93 ഏക്കർ കൊണ്ട് 2000 ഏക്കറിൻ്റെ സ്വപ്നം കാണണമെങ്കിൽ അത് വ്യവസായനയം അല്ല; അത് ഉറക്കത്തിൽ നടക്കുന്ന ധനകാര്യ കലാരൂപമാണ്.

കേന്ദ്രാനുമതി കിട്ടിയത് ഗുജറാത്തിന്; തലക്കെട്ട് കിട്ടിയത് കേരളത്തിന്

കപ്പൽനിർമാണരംഗത്ത് മറ്റ് തീരസംസ്ഥാനങ്ങൾ മുന്നേറുന്ന സമയത്താണ് കേരളത്തിൻ്റെ പ്രഖ്യാപനനാടകം നടന്നത്. മനോരമ റിപ്പോർട്ട് പ്രകാരം, കേരളം ടാറ്റയുമായി സംസാരിക്കുന്നുവെന്ന വാർത്ത വന്ന അതേ ദിവസം തന്നെ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയം ഗുജറാത്തിലെ പോർബന്ദറിൽ ഗ്രീൻഫീൽഡ് കപ്പൽനിർമാണ ക്ലസ്റ്ററിനും വാദിനാറിൽ കപ്പൽപ്പണിശാലയ്ക്കും തത്വത്തിലുള്ള അനുമതി നൽകി. വാദിനാറിലെ 1570 കോടി രൂപയുടെ കപ്പൽപ്പണിശാല കൊച്ചിൻ ഷിപ്പ്‌യാർഡും ദീൻദയാൽ പോർട്ട് അതോറിറ്റിയും ചേർന്നാണ് വികസിപ്പിക്കുന്നത്.

അവിടെ പദ്ധതി, സ്ഥലം, കേന്ദ്രാനുമതി, സ്ഥാപനങ്ങൾ, ചെലവ്, അടിസ്ഥാനസൗകര്യങ്ങൾ. ഇവിടെ അഭിമുഖം, തലക്കെട്ട്, നിഷേധം, വിശദീകരണം, പിന്നെ പഴയ ഉത്തരവ്. ഗുജറാത്തിൽ കപ്പൽശാലയ്ക്ക് തത്വത്തിൽ അനുമതി. കേരളത്തിൽ കപ്പൽശാലയ്ക്ക് “മുഖ്യമന്ത്രി ഉദ്ദേശിച്ചത് അങ്ങനെയല്ല” അനുമതി.

പത്രക്കുറിപ്പിലെ രണ്ടാം കള്ളം

സർക്കാർ പത്രക്കുറിപ്പിലെ ഏറ്റവും കൗതുകകരമായ ഭാഗം ഇതാണ്: “ഇതിൻ്റെ ഭാഗമായാണ് മലബാർ സിമൻ്റ്സ് ലിമിറ്റഡും ആർട്സൺ എഞ്ചിനീയറിങ് ലിമിറ്റഡും ചേർന്ന് കൊച്ചിൻ പോർട്ടിൽ കപ്പൽനിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിന് സർക്കാർ സൗകര്യമൊരുക്കിയത്.” ഈ വാചകം വായിച്ചാൽ ഇപ്പോഴത്തെ സർക്കാർ വന്നശേഷമാണ് ഈ സംയുക്ത സംരംഭത്തിന് ഭരണപരമായ ജീവൻ കിട്ടിയതെന്ന് സാധാരണ വായനക്കാരന് തോന്നും. പക്ഷേ ഫയൽ പറയുന്നത് മറ്റൊരു കഥയാണ്. 2025 ഫെബ്രുവരി 19ന് തന്നെ സർക്കാർ ഈ ധാരണാപത്രത്തിന് തത്വാനുമതി നൽകി. ഇതുപ്രകാരം ധാരണാപത്രം ഒപ്പിട്ടത് 2025 ഫെബ്രുവരിയിലെ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ. അന്ന് വി.ഡി.സതീശൻ മുഖ്യമന്ത്രിയായിരുന്നില്ല, പിണറായി വിജയനായിരുന്നു ആ സ്ഥാനത്ത്.

അതുകൊണ്ട് സർക്കാർ പത്രക്കുറിപ്പ് കൃത്യമായ വിവരവിനിമയം അല്ല; പിഴച്ച പ്രസ്താവനയെ രക്ഷിക്കാൻ പഴയ ഫയൽ എടുത്ത് പുതിയ മഷി പുരട്ടിയ ശ്രമമാണ്. ഇതാണ് ഭരണത്തിൻ്റെ പുതിയ വ്യാകരണം: ആദ്യം വൻ പ്രഖ്യാപനം. പിന്നെ കമ്പനി അറിയില്ലെന്ന് വാർത്ത. പിന്നെ “മുഖ്യമന്ത്രി ഉദ്ദേശിച്ചത് അങ്ങനെയല്ല.” ഒടുവിൽ ഇടതുസർക്കാർ കാലത്തെ ഉത്തരവ് എടുത്ത് “ഞങ്ങളുടെ മിഷൻ സമുദ്ര മുന്നേറുന്നു” എന്ന പത്രക്കുറിപ്പ്.

500 കോടിയുടെ ബോട്ട് യൂണിറ്റിനെ 10,000 കോടിയുടെ കപ്പൽസ്വപ്നമാക്കുമ്പോൾ

സർക്കാർ വിശദീകരിച്ച മലബാർ സിമൻ്റ്സ്–ആർട്സൺ സംയുക്ത സംരംഭം കൊച്ചിൻ പോർട്ടിലെ ബോട്ട് ബിൽഡിങ് ഫെസിലിറ്റിയുമായി ബന്ധപ്പെട്ടതാണ്; 2025 ഫെബ്രുവരിയിൽ ധാരണാപത്രം ഒപ്പിട്ട 500 കോടി രൂപയുടെ പദ്ധതിയെന്ന നിലയിലാണ് അത് ചൂണ്ടിക്കാട്ടുന്നത്. അതായത് സർക്കാരിൻ്റെ വിശദീകരണം തന്നെ മുഖ്യമന്ത്രിയുടെ ആദ്യ അവകാശവാദത്തിൽ നിന്ന് വലിപ്പത്തിലും സ്വഭാവത്തിലും മാറിപ്പോകുന്നു. ആദ്യം പറഞ്ഞത് ടാറ്റ ഗ്രൂപ്പിൻ്റെ 10,000 കോടി രൂപയുടെ കപ്പൽനിർമാണ നിക്ഷേപം. പിന്നീട് പറഞ്ഞത് പല നിക്ഷേപകരുടെ ഭാവി സാധ്യത. അതിനുശേഷം പിടിച്ചുനിൽക്കാൻ കാണിച്ചത് 2025ലെ മലബാർ സിമൻ്റ്സ്–ആർട്സൺ പദ്ധതി.

ഇത് കപ്പൽശാസ്ത്രത്തിൽ എന്ത് വിഭാഗത്തിൽ വരുമെന്നറിയില്ല. രാഷ്ട്രീയശാസ്ത്രത്തിൽ ഇതിനെ “പറഞ്ഞത് ഒന്ന്, ഉദ്ദേശിച്ചത് രണ്ട്, തെളിവായി കാണിച്ചത് മൂന്ന്” എന്ന വിഭാഗത്തിൽ ചേർക്കാം.

ടാറ്റ എന്ന പേര്: നിക്ഷേപമോ അലങ്കാരമോ?

ടാറ്റ എന്ന പേര് ഇന്ത്യൻ വ്യവസായലോകത്ത് വിശ്വാസത്തിൻ്റെ പേരാണ്. അതുകൊണ്ടുതന്നെ ഒരു സംസ്ഥാന മുഖ്യമന്ത്രി ടാറ്റയുടെ പേരിൽ 10,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിക്കുമ്പോൾ അതിന് രേഖ വേണം. കത്ത് വേണം. കമ്പനി അംഗീകാരം വേണം. സർക്കാർ ഫയൽ വേണം. കേന്ദ്രാനുമതിയിലേക്കുള്ള നടപടിക്രമം വേണം. ഇല്ലെങ്കിൽ അത് നിക്ഷേപവാർത്തയല്ല, വ്യവസായത്തിൻ്റെ പേരിൽ നടത്തുന്ന രാഷ്ട്രീയ അലങ്കാരമാണ്.

മുഖ്യമന്ത്രിയുടെ വാക്കിൽ “ടാറ്റ തയ്യാറാണ്.” സർക്കാരിൻ്റെ പത്രക്കുറിപ്പിൽ “അത് ഒറ്റ ടാറ്റയല്ല, പല നിക്ഷേപകരുടെ സാധ്യത.” വിശദീകരണത്തിൻ്റെ തെളിവിൽ “മലബാർ സിമൻ്റ്സും ആർട്സണും ചേർന്ന പഴയ പദ്ധതി.” ഇത്രയും രൂപമാറ്റം ഒരു വാർത്തയ്ക്ക് വരണമെങ്കിൽ അതിനെ “മിഷൻ സമുദ്ര” എന്ന് വിളിക്കുന്നത് ശരിയാണ്; കാരണം അത് ശരിക്കും തിരമാല പോലെ രൂപംമാറുകയാണ്.

സർക്കാർ മറുപടി പറയേണ്ട ചോദ്യങ്ങൾ

ഇപ്പോൾ സർക്കാർ ജനങ്ങളോട് വ്യക്തമായി പറയേണ്ട ചില കാര്യങ്ങളുണ്ട്. ടാറ്റ ഗ്രൂപ്പ് 10,000 കോടി രൂപയുടെ കപ്പൽനിർമാണ പദ്ധതിക്ക് കേരള സർക്കാരിനോട് ഔദ്യോഗിക അപേക്ഷ നൽകിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ആ അപേക്ഷയുടെ തീയതി എന്ത്? ഏത് ടാറ്റ കമ്പനിയാണ് അപേക്ഷിച്ചത്? പദ്ധതിരേഖ ഉണ്ടോ? ഭൂമി എവിടെയാണ്? കേന്ദ്ര തുറമുഖ മന്ത്രാലയത്തിന് അപേക്ഷ നൽകിയിട്ടുണ്ടോ? ഒരു മാസത്തിനകം അനുമതി നൽകുമെന്ന മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം ഏത് ഫയലിൻ്റെ അടിസ്ഥാനത്തിലാണ്?

മലബാർ സിമൻ്റ്സ്–ആർട്സൺ സംയുക്ത പദ്ധതി ഇപ്പോഴത്തെ സർക്കാർ കൊണ്ടുവന്നതാണോ? അല്ലെങ്കിൽ 2025 ഫെബ്രുവരി 19ലെ ഇടതുസർക്കാർ കാലത്തെ ഉത്തരവിൻ്റെ തുടർച്ചയാണോ? ആ ഉത്തരവിൽ പറയുന്ന 6.93 ഏക്കർ ഭൂമിയും 57.89 കോടി രൂപയുടെ ലീസ് പ്രീമിയവും എങ്ങനെ 10,000 കോടി രൂപയുടെ സമുദ്ര നിക്ഷേപ സ്വപ്നവുമായി ബന്ധപ്പെടുന്നു? ഈ ചോദ്യങ്ങൾക്ക് “ഉദ്ദേശിച്ചത് അങ്ങനെയല്ല” എന്ന മറുപടി പോര.

കപ്പൽ ഇപ്പോഴും കടലാസിലാണ്

കേരളത്തിന് സമുദ്രാധിഷ്ഠിത വികസനം വേണം. കപ്പൽനിർമാണം, കപ്പൽപ്പണിശാല, ഓഫ്‌ഷോർ ഫാബ്രിക്കേഷൻ, മാരിടൈം സേവനങ്ങൾ — ഇവയെല്ലാം സാധ്യതയുള്ള മേഖലകളാണ്. വിഴിഞ്ഞവും കൊച്ചിയും കൊച്ചിൻ ഷിപ്പ്‌യാർഡും ചേർന്നുള്ള സാധ്യതകളെ ഗൗരവമായി വികസിപ്പിക്കണം. പക്ഷേ അതിന് ആദ്യം വേണ്ടത് വിശ്വാസ്യതയാണ്. നിക്ഷേപം വരുന്നത് അതിശയോക്തിയുടെ കാറ്റിൽ അല്ല; രേഖകളുടെ കരയിൽ നിന്നാണ്.

ഈ സംഭവത്തിൽ സംഭവിച്ചത് അതിൻ്റെ വിപരീതമാണ്. മുഖ്യമന്ത്രി വലിയൊരു ടാറ്റ കപ്പൽ പ്രഖ്യാപിച്ചു. ടാറ്റ വൃത്തങ്ങൾ അതിന് നങ്കൂരം ഇല്ലെന്ന് പറഞ്ഞു. സർക്കാർ പത്രക്കുറിപ്പ് കപ്പൽ ചുരുക്കി “മൊത്തം നിക്ഷേപസാധ്യത” ആക്കി. പിന്നെ രക്ഷയ്ക്കായി കൊണ്ടുവന്ന വള്ളം പഴയ ഇടതുസർക്കാർ കാലത്തെ ഉത്തരവിൽ നിന്നുള്ളതാണെന്ന് PDF തെളിയിച്ചു.

അതുകൊണ്ട് ഈ കഥയുടെ ഇപ്പോഴത്തെ തലക്കെട്ട് ലളിതമാണ്:
ടാറ്റയുടെ പേരിൽ കപ്പൽ പണിയാൻ പോയ സർക്കാർ, ഒടുവിൽ പഴയ ഫയലിൽനിന്ന് ഒരു വള്ളം കണ്ടെത്തി.
ആ വള്ളത്തിനും തറയിട്ടത് ഇവർ അല്ല.

10,000 കോടിയുടെ കപ്പൽ ഇപ്പോഴും കടലിൽ ഇറങ്ങിയിട്ടില്ല.
അത് മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ തിരമാലയിൽ മാത്രം ഒഴുകുന്നു.
ആ തിരമാലയിൽ തെളിവ് കുറവാണ്; നുര കൂടുതലാണ്.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special