Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും തലമുതിർന്ന കമ്മ്യൂണിസ്റ്റ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്. കാലയവനികയ്ക്കു പിന്നിലേക്ക്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പുന്നപ്ര-വയലാര്‍ സമരനായകൻ, ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ്, ഒരു വ്യാഴവട്ടത്തോളം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പതിറ്റാണ്ടുകളോളം രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന അദ്ദേഹം ഇനി ഓർമകളിൽ. 101ാം വയസ്സിലായിരുന്നു പോരാട്ടങ്ങള്‍ രാകിമിനുക്കിയ ആ ജ്വലിക്കുന്ന ജീവിതത്തിന് തിരശ്ശീല.
തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.20-ഓടെയായിരുന്നു വി.എസിൻ്റെ അന്ത്യം സംഭവിച്ചത്. ഭാര്യ വസുമതിയും മക്കളായ വി.എ.അരുണ്‍കുമാറും വി.വി.ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. എം.എൽ.എ. സ്ഥാനം ഒഴിഞ്ഞ ശേഷം വാര്‍ധക്യസഹജമായ അവശതകളുമായി വിശ്രമജീവിതം നയിച്ചുവന്ന വി.എസിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ജൂൺ 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ചുദിവസമായി ആരോഗ്യനില മാറ്റമില്ലാതെ തുടരുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ആരോഗ്യസ്ഥിതി വഷളായി അന്ത്യം സംഭവിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തുടങ്ങിയവരും മന്ത്രിമാരും പാർട്ടി നേതാക്കളും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എസ്.യു.ടി. ആശുപത്രിയിൽ എത്തി വി.എസിനെ സന്ദർശിച്ചിരുന്നു.
സി.പി.എമ്മിൻ്റെ രൂപവത്കരണത്തില്‍ പങ്കാളിയായവരില്‍ ജീവനോടെ ഉണ്ടായിരുന്നവരില്‍ അവസാനത്തെ കണ്ണിയായിരുന്നു വി.എസ്. 2006 മുതല്‍ 2011 വരെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 3 തവണയായി 15 വര്‍ഷം പ്രതിപക്ഷ നേതാവായി. 7 തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1985 മുതല്‍ 2009 വരെ പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. പിന്നീട് വിഭാഗീയതയുടെ പേരില്‍ പിണറായി വിജയനൊപ്പം പി.ബിയില്‍ നിന്ന് തരംതാഴ്ത്തപ്പെട്ടു. 1980 മുതല്‍ 1992 വരെ സി.പി. എം. സംസ്ഥാന സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞശേഷം 2016 മുതല്‍ 2021 വരെ ഭരണപരിഷ്‌കാര കമ്മീഷൻ്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു.
ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 1923 ഒക്ടോബര്‍ 20നാണ് ശങ്കരൻ്റെയും അക്കമ്മയുടെയും മകനായി അച്യുതാനന്ദൻ ജനിച്ചത്. അച്ഛൻ്റെയും അമ്മയുടെയും മരണത്തെ തുടര്‍ന്ന് ഏഴാം ക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച് വി.എസ്. തൊഴിലാളികള്‍ക്കിടയിലെത്തി. തിരുവിതാംകൂറില്‍ ഭരണപരിഷ്‌കാരത്തിന് വേണ്ടി നടന്ന നിവര്‍ത്തന പ്രക്ഷോഭത്തിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പ്രക്ഷോഭത്തിൻ്റെ ഭാഗമായി അദ്ദേഹം 1938ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി.
പിന്നീട് തൊഴിലാളി സംഘടനകളിലേക്കും പുരോഗമന പ്രസ്ഥാനങ്ങളിലേക്കും തൻ്റെ പ്രവര്‍ത്തനംവിപുലമാക്കിയ വി.എസ്. 1940-ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്. പി.കൃഷ്ണപിള്ളയാണ് വി.എസിൻ്റെ രാഷ്ട്രീയഗുരു. ആലപ്പുഴയിലെ കര്‍ഷക തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള പ്രക്ഷോഭങ്ങളിലും സ്വാതന്ത്ര്യ സമരത്തിൻ്റെയും ഭാഗമായി. 1946ല്‍ നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭമായിരുന്നു ആ രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ല്.
1957-ല്‍ കേരളത്തില്‍ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തുമ്പോള്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്നു വി.എസ്. ആ സമിതിയിലെ 9 അംഗങ്ങളില്‍ ഏറ്റവും ഒടുവിലെ വ്യക്തിയായിരുന്നു അദ്ദേഹം. 1965ലായിരുന്നു വി. എസിൻ്റെ ആദ്യത്തെ തിരഞ്ഞെടുപ്പ് പോരാട്ടം. അമ്പലപ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന കെ.എസ്.കൃഷ്ണക്കുറുപ്പിനോട് പരാജയപ്പെട്ടു. എന്നാല്‍, 2 വര്‍ഷം കഴിഞ്ഞ് 1967ല്‍ കോണ്‍ഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി അദ്ദേഹം ആദ്യമായി നിയമസഭയിലെത്തി. ഈ വിജയം 1970ലും ആവര്‍ത്തിച്ചു. ആര്‍.എസ്.പിയിലെ കെ.കെ കുമാരപിള്ളയായിരുന്നു എതിരാളി. എന്നാല്‍, 1977ല്‍ വി.എസ് വീണ്ടും പരാജയത്തിൻ്റെ കയ്പുനീര് നുകര്‍ന്നു. കുമാരപിള്ളയോട് തന്നെയാണ് വി.എസ്. പരാജയപ്പെട്ടത്.
1977ലെ പരാജയത്തിന് ശേഷം 1991ലാണ് വി.എസ്. തിരഞ്ഞെടുപ്പ് രംഗത്തേക്ക് മടങ്ങിയെത്തുന്നത്. മാരാരിക്കുളം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഡി.സുഗതനെ 9980 വോട്ടിന് പരാജയപ്പെടുത്തിയാണ് വി.എസിൻ്റെ മടങ്ങിവരവ്. എന്നാല്‍, 1996ല്‍ പാര്‍ട്ടിക്കുള്ളിലെ വിമത നീക്കത്തെ തുടര്‍ന്ന് ഈ മണ്ഡലത്തില്‍ തന്നെ വി.എസ്. പരാജയപ്പെടുകയായിരുന്നു. ‘വി.എസ്. ജയിക്കുമ്പോൾ പാർട്ടി തോല്ക്കും പാർട്ടി ജയിക്കുമ്പോൾ വി.എസ്. തോല്ക്കും’ എന്ന പ്രയോഗം അങ്ങനെ നിലവിൽ വന്നു. ഈ തോല്‍വിയില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട വി.എസ്. പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ശക്തനായി മാറി.
2001ല്‍ സി.പി.എമ്മിൻ്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കുന്ന പാലക്കാട് മലമ്പുഴയിലാണ് വി.എസ് ജനവിധി തേടിയത്. ഇടതുപക്ഷത്തിന് അഞ്ചക്കത്തിന് മുകളില്‍ ഭൂരിപക്ഷം സമ്മാനിച്ചിരുന്ന ഈ മണ്ഡലത്തില്‍ വി.എസിൻ്റെ ഭൂരിപക്ഷം 4703ല്‍ ഒതുങ്ങി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയായിരുന്നു മലമ്പുഴയില്‍ വി.എസിൻ്റെ എതിരാളി. 2006ല്‍ ഇതേ മണ്ഡലത്തില്‍ വി.എസ്. ഭൂരിപക്ഷം 20,017 ആയി ഉയര്‍ത്തി. 2006ല്‍ എല്‍.ഡി.എഫ്. വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും, വി.എസിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയുമായിരുന്നു. കേരളത്തിലെ ഏറ്റവും പ്രായം ചെന്ന മുഖ്യമന്ത്രിയായിരുന്നു അന്ന് 82 വയസ്സുള്ള വി.എസ്.
2011ല്‍ വി.എസ്. വീണ്ടും മലമ്പുഴയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അത്തവണ എല്‍.ഡി.എഫ്. പ്രതിപക്ഷത്തായിരുന്നു. 2016ല്‍ എല്‍.ഡി.എഫ്. ഭരണത്തില്‍ തിരിച്ചു വരികയും വി.എസ്. മലമ്പുഴയില്‍ നിന്നു വിജയം ആവര്‍ത്തിക്കുകയും ചെയ്‌തു. മുഖ്യമന്ത്രിയായത് പിണറായി വിജയനാണ്. അനുരഞ്ജനം എന്ന നിലയില്‍ വി.എസിനെ പിന്നീട് ഭരണപരിഷ്‌കരണ കമ്മീഷൻ്റെ ചെയര്‍മാനാക്കി.
പ്രായാധിക്യത്തെയും അനാരോഗ്യത്തെയും തുടര്‍ന്ന് 2021ലെ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തില്ലായിരുന്ന വി.എസ്. കഴിഞ്ഞ കുറച്ചു നാളുകളായി വിശ്രമജീവിതം നയിക്കുകയായിരുന്നു.