Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: കോടതികള്‍ ഉത്തരവുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) ടൂളുകളുടെ സഹായത്തോടെ പുറപ്പെടുവിക്കരുതെന്ന് വ്യക്തമാക്കി കേരളാ ഹൈക്കോടതി ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.
അംഗീകൃത എ.ഐ. ടൂളുകളേ ഉപയോഗിക്കാവൂ. എ.ഐ. ടൂളുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അക്കാദമിയിലോ ഹൈക്കോടതിയിലോ നടക്കുന്ന പരിശീലനപരിപാടിയില്‍ പങ്കെടുക്കണം. അംഗീകൃത എ.ഐ. ടൂളുകളുടെ കാര്യത്തലില്‍ അപാകം ശ്രദ്ധയില്‍പ്പെട്ടാല്‍ ഹൈക്കോടതിയുടെ ഐ.ടി. വിഭാഗത്തെ അറിയിക്കണമെന്നും നിർദേശമുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കർശന നടപടിയുണ്ടാകുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഏതെല്ലാം എ.ഐ. ടൂളുകളാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഉത്തരവുകള്‍ എഴുതാനും സാക്ഷിമൊഴികള്‍ രേഖപ്പെടുത്താനുമൊക്കെ എ.ഐ. ടൂളുകള്‍ കോടതികളിൽ ഉപയോഗിക്കുന്നുണ്ട്. എ.ഐ. ടൂളുകള്‍ ഉപയോഗിക്കുന്ന എല്ലാ ഘട്ടത്തിലും മേല്‍നോട്ടമുണ്ടാകണം. എ.ഐ. ടൂളുകള്‍ ഉപയോഗിക്കുമ്പോഴും തെറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രതവേണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ചാറ്റ് ജി.പി.ടി. പോലുള്ള ക്ലൗഡ് അധിഷ്ഠിത എ.ഐ. ടൂളുകള്‍ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എ.ഐ. ടൂളുകള്‍ പലകാര്യങ്ങളിലും സഹായകരമാണെങ്കിലും നിയന്ത്രണമില്ലാത്ത ഉപയോഗം സ്വകാര്യതയെയും ഡാറ്റയുടെ സുരക്ഷയെയുമൊക്കെ ബാധിക്കും എന്നതിനാലാണ് ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.