Follow the FOURTH PILLAR LIVE channel on WhatsApp
ചെന്നൈ: പ്രമുഖ വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ ഗോകുലം ഗോപാലൻ്റെ സ്ഥാപനങ്ങളിലെ ഇ.ഡി റെയ്ഡ് അവസാനിച്ചു. പുലർച്ചയോടെയാണ് ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആൻ്റ് ഫിനാൻസിലെ പരിശോധന അവസാനിച്ചത്. രേഖകളും 1.5 കോടി രൂപയും പിടിച്ചെടുത്തതായി ഇ.ഡി. വൃത്തങ്ങൾ വെളിപ്പെടുത്തി.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചശേഷം ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. വെള്ളിയാഴ്ച രാവിലെ കോഴിക്കോട് കോര്‍പറേറ്റ് ഓഫീസില്‍വെച്ച് ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ചെന്നൈയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി. വൈകുന്നേരത്തോടെ ചെന്നൈയിലെത്തിയ ഗോകുലം ഗോപാലനെ അവിടെ വെച്ചും ഇ.ഡി ചോദ്യം ചെയ്തു. ഏഴര മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്.
പി.എം.എൽ.എ. ലംഘനം, വിദേശ നാണയ വിനിമയ ചട്ടങ്ങളുടെ (ഫെമ) ലംഘനം തുടങ്ങിയവയുടെ പേരിലാണ് ഇ.ഡി. പരിശോധന. ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഗോകുലം ചിറ്റ്സ് ആൻ്റ് ഫിനാന്‍സില്‍ പ്രവാസികളില്‍ നിന്നടക്കം ചട്ടങ്ങള്‍ ലംഘിച്ച് പണം സ്വീകരിച്ചെന്നും ആരോപണമുണ്ട്. 2022ല്‍ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിൻ്റെ ഭാഗമായാണ് അന്വേഷണം എന്നാണ് വിശദീകരണം. ഗോകുലം ഗ്രൂപ്പിൻ്റെ മറ്റ് സാമ്പത്തിക ഇടപാടുകളും ഇ.ഡി. പരിശോധിക്കുന്നുണ്ട്.
ചെന്നൈയിലെ ഓഫീസിന് പുറമെ വീട്ടിലും കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസ്, ഗോകുലം മാള്‍ എന്നിവിടങ്ങളിലും ഇ.ഡി. വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. ഏറെ വിവാദമായ എമ്പുരാന്‍ എന്ന ചിത്രത്തിൻ്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ് ഗോകുലം ഗോപാലന്‍. എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഈ സിനിമയുടെ നിര്‍മാതാക്കളിലൊരാളായ ഗോകുലം ഗോപാലൻ്റെ ഓഫീസുകളില്‍ ഇഡി പരിശോധന നടന്നത്.