Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് നേരിട്ട് ഉത്പന്നങ്ങൾ വാങ്ങുന്നതിന് കെ.എസ്.ഇ.ബിക്ക് ടെണ്ടർ ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനായി സ്റ്റോഴ്സ് പർച്ചേസ് മാന്വലിലെ ഖണ്ഡിക 9.23ൽ നിന്ന് 1 വർഷത്തേക്ക് കെ.എസ്.ഇ.ബിക്ക് ഇളവ് അനുവദിക്കും.
പൊതുമേഖലാസ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫർമേഷൻ്റെ (ബി.പി.ടി.) അപേക്ഷ അംഗീകരിച്ചാണ് സർക്കാർ ഉത്തരവ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കാൻ കഴിയുന്നതിലൂടെ അവയുടെ പ്രവർത്തനം ഗണ്യമായി മെച്ചപ്പെടുത്താൻ ഉത്തരവ് വഴിയൊരുക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
കേരള ഇലക്ട്രിക്കൽസ് ആൻഡ് അലൈഡ് എൻജിനീയറിങ്ങ് കമ്പനിയുടെ (കെൽ) 6 ഉത്പന്നങ്ങൾ, ട്രാക്കോ കേബിൾ കമ്പനിയുടെ 5 ഉത്പന്നങ്ങൾ, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻ്റസ്ട്രീസിൻ്റെ 2 ഉത്പന്നങ്ങൾ, സ്റ്റീൽ ഇൻ്റസ്ട്രിയൽസ് കേരള ലിമിറ്റഡിൻ്റെ (സിൽക്ക്) 9 ഉത്പന്നങ്ങൾ എന്നിവയാണ് ടെണ്ടർ/ക്വട്ടേഷൻ നടപടികൾ കൂടാതെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന് ഇനി വാങ്ങാൻ കഴിയുക. ബി.പി.ടി. തയ്യാറാക്കിയിട്ടുള്ള പട്ടികയിൽ ഉൾപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ കൂടാതെ നേരിട്ട് സംഭരിക്കുന്നതിന് സ്റ്റോക്ക് പർച്ചേസ് മാന്വലിൽ ഖണ്ഡിക 9.23ൽ ഇളവ് അനുവദിക്കാവുന്നതാണെന്ന് ധനകാര്യ വകുപ്പും അഭിപ്രായപ്പെട്ടു.
കെൽ, ട്രാക്കോ കേബിൾ, യുണൈറ്റഡ് ഇലക്ട്രിക്കൽസ് എന്നിവ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ ഉത്തരവിൽ വ്യക്തമാക്കിയ വിലയിൽ അധികരിക്കാതെയാണ് വാങ്ങുക. സ്റ്റീൽ ഇൻ്റസ്ട്രിയൽ കേരള ലിമിറ്റഡ് സ്വന്തമായി നിർമ്മിക്കുന്ന 9 ഉത്പന്നങ്ങൾ മാർക്കറ്റ് വിലയിൽ അധികരിക്കുന്നില്ലെന്ന് ഉറപ്പാക്കും.
പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശികയും സർക്കാർ നേരത്തെ ഒഴിവാക്കി നൽകിയിരുന്നു. പൊതുമേഖലാ സംരക്ഷണത്തിനായി മറ്റൊരു സംസ്ഥാനത്തുമില്ലാത്ത മാതൃകാപരമായ നടപടികളാണ് കേരള സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.