Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ലോക നാടകദിനമായ മാർച്ച് 27ന് തൈക്കാട് സൂര്യ ഗണേശത്തിൻ്റെ അരങ്ങിൽ പുതിയ നാടകാവിഷ്ക്കാരവുമായി ആപ്റ്റ് പെർഫോമൻസ് ആൻഡ് റിസർച്ച് വീണ്ടുമെത്തുന്നു. പ്രശസ്ത കഥാകൃത്ത് എസ്.ആർ.ലാലിൻ്റെ ഒരു കോട്ടയം കഥ പോലെ എന്ന ചെറുകഥയാണ് ഒരു ടെർമിനൽ പ്രണയകഥ എന്ന നാടകമായി മാറുന്നത്. കഥയുടെ നാടക ഭാഷ്യവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് അനീഷ് ബാബുരാജാണ്.
പ്രണയം സാമൂഹിക വിഷയമായി അവസ്ഥാന്തരം പ്രാപിക്കുന്ന നാടകത്തിൻ്റെ ഉൾക്കാഴ്ച്ചകളിൽ കേരളീയതയിൽ ഇഴുകി നിൽക്കുന്ന സാംസ്കാരിക മൂല്യച്യുതികളെ ആക്ഷേപഹാസ്യങ്ങളിലൂടെയും വികാരനിർഭരമായ രംഗങ്ങളിലൂടെയും തുറന്നു കാട്ടുവാനുള്ള ശ്രമങ്ങൾ ചേർത്തു വെച്ചിരിക്കുന്നു. സർഗ്ഗാത്മകതയുടെ കളവുകളും കല്പനാ വൈഭവങ്ങളും യഥാർത്ഥ ജീവിത സ്ഥലികളിൽ നിന്നും എത്രയോ വിഭിന്നമെന്ന് ചിന്തിക്കും വിധം തുറക്കുന്ന കാഴ്ചകളുടെ വാതായനമായി തീരുകയാണ് ഒരു ടെർമിനൽ പ്രണയകഥ എന്ന ചെറുനാടകം. സാംസ്കാരിക വിചിന്തനങ്ങളുടെ പണിപ്പുരകളായി സാഹിത്യവും കലയും വളരേണ്ടുന്നതിൻ്റെ ആവശ്യകത നാടകം തുറന്ന് കാട്ടുന്നു.
ഏതോ ചിറകടിയൊച്ചകൾ, ലാസ്റ്റ് ലെറ്റർ ഫ്രം ഹാമിൽട്ടൺ, ഗൈഡ്, പെറ്റ്സ് ഓഫ് അനാർക്കി, കാർണിവൽ അറ്റ് മണവാളൻ പാറ, ലേബർ കോഡ് തുടങ്ങി നിരവധി പ്രേക്ഷക ശ്രദ്ധ നേടിയ നാടകങ്ങളുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ആപ്റ്റ് പെർഫോമൻസ് ആൻഡ് റിസർച്ചിൻ്റെ പുതിയ നാടക സംരഭവും മികച്ച അരങ്ങനുഭവം പകരുമെന്ന പ്രതീക്ഷയാണ് നാടക സ്നേഹികൾക്ക് ഉള്ളത്.
നാടകകൃത്തും അഭിനേതാവുമായ പ്രേംജിത്ത് സുരേഷ്ബാബു, നാടക സിനിമാ പ്രവർത്തകരായ സൂര്യ കുറുപ്പ്, ബിജു ഗോപാൽ, അലമേലു അമ്പു, അഖിൽ പത്മ, ഷാനു യോർദ്ധ, ജീവ ജ്യോതി, മാധ്യമ പ്രവർത്തകയും അഭിനേത്രിയുമായ എം.രേഷ്മ തുടങ്ങിയവർ അരങ്ങിൽ എത്തുന്നു. മ്യൂസിക് എക്സിക്യൂഷൻ ഗൗരി കൃഷ്ണയും, ലൈറ്റ് ഡിസൈനിങ് ആൻഡ് ക്രിയേറ്റീവ് സപ്പോർട്ട് സാം ജോർജ്ജും നിർവ്വഹിക്കുന്നു.