Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: എമ്പുരാൻ സിനിമ സംഘപരിവാർ അനുകൂലികളിൽ നിന്നു വ്യാപക സൈബർ ആക്രമണം നേരിട്ടതിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ. ഗുജറാത്ത് വംശഹത്യയിലെ സംഘപരിവാർ ഇടപെടൽ തുറന്നുകാട്ടിയതിനു പിന്നാലെയാണ് എമ്പുരാൻ വ്യാപക സൈബർ ആക്രമണം നേരിട്ടത്.
ഈ പശ്ചാത്തലത്തിലാണ് മോഹൻലാലിൻ്റെ ഖേദപ്രകടനം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മോഹൻലാൽ ഖേദം പ്രകടിപ്പിച്ചത്.
സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ പ്രമേയങ്ങൾ ചിലർക്ക് മനോവിഷമമുണ്ടാക്കിയതിനാൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് മോഹൻലാൽ പറഞ്ഞത്. ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്നും അത്തരം വിഷയങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളതായും മോഹൻലാൽ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജും മോഹൻലാലിൻ്റെ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
കുറിപ്പിൻ്റെ പൂർണരൂപം
ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ
അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.
സ്നേഹപൂർവം മോഹൻലാൽ