Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: മുന്‍ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനാകും. കേന്ദ്രനേതൃത്വം കോര്‍ കമ്മിറ്റിയില്‍ രാജീവ് ചന്ദ്രശേഖറിൻ്റെ പേര് നിര്‍ദ്ദേശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലുള്‍പ്പെടെ മികച്ച പ്രകടനം കാഴ്ച വെച്ചത് പരിഗണിച്ചാണ് ബി.ജെ.പി. കേന്ദ്രനേതൃത്വം രാജീവ് ചന്ദ്രശേഖറിൻ്റെ പേര് നിര്‍ദേശിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ള കേന്ദ്രനേതാക്കന്മാരുമായുള്ള അടുപ്പം, പൊതുപ്രവര്‍ത്തനത്തില്‍ പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കാനുള്ള കഴിവ് തുടങ്ങിയവയാണ് രാജീവ് ചന്ദ്രശേഖറെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷപദത്തില്‍ എത്തിച്ചതെന്നാണ് വാദം. ലോക്സഭയിലേയ്ക്കുള്ള കന്നി അങ്കത്തില്‍ത്തന്നെ കുറഞ്ഞ സമയത്തിനുള്ളില്‍ തരൂരിനെതിരെ മികച്ച മല്‍സരം കാഴ്ചവച്ചത് രാജീവിൻ്റെ നേട്ടമായി. തരൂരിൻ്റെ ഭൂരിപക്ഷം ഒരുലക്ഷത്തില്‍ നിന്ന് പതിനാറായിരത്തിലേക്ക് കുറച്ചു.
മൂന്നാം മോദി മന്ത്രിസഭ ചുമതലയേറ്റയുടന്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്ന് സമൂഹമാധ്യമത്തില്‍ കുറിച്ചയാളാണ് രാജീവ് ചന്ദ്രശേഖര്‍. പോസ്റ്റ് പിന്നീട് പിന്‍വലിച്ചതും ചര്‍ച്ചയായി. അതിനു ശേഷം കേരളത്തിൽ സജീവമാവുകയായിരുന്നു. അടുത്തകാലത്ത് തിരുവനന്തപുരത്ത് വീടും സ്വന്തമാക്കി.
ഗ്രൂപ്പുകള്‍ക്ക് അതീതമായി സംസ്ഥാന ബി.ജെ.പിയെ നയിക്കുകയെന്ന കഠിനപരീക്ഷണമാണ് രാജീവിന് മുന്നില്‍. തദ്ദേശ തിരഞ്ഞെടുപ്പിനും തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പിനും അധിക സമയമില്ലെന്നതും വെല്ലുവിളിയാണ്. തിരുവനന്തപുരം നഗരസഭ പിടിക്കുക എന്നതാണ് പുതിയ അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് കേന്ദ്രനേതൃത്വം നല്‍കിയിരിക്കുന്ന പ്രധാന ദൗത്യം.