Follow the FOURTH PILLAR LIVE channel on WhatsApp
ഫ്ലോറിഡ: നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍(ഐ.എസ്.എസ്.) നിന്ന് തിരിച്ചെത്തിക്കാനുള്ള സ്പേസ് എക്സ് ക്രൂ 10 പേടകം വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലർച്ചെ 4.30ന് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററില്‍നിന്നായിരുന്നു വിക്ഷേപണം.
4 പുതിയ ബഹിരാകാശ സഞ്ചാരികളും പേടകത്തിലുണ്ട്. റഷ്യയുടെ റോസ്‌കോസ്‌മോസ് യാത്രികൻ കിറിൽ പെസ്‌കോവ്, നാസ ബഹിരാകാശയാത്രികരായ നിക്കോൾ അയേഴ്സ്, ആൻ മക്ലെയ്ൻ, ജപ്പാൻ ഏറോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി ബഹിരാകാശ യാത്രികൻ തകുയ ഒനിഷി എന്നിവരാണ് പേടകത്തിലുള്ള ബഹിരാകാശ സഞ്ചാരികള്‍.

10 മണിക്കൂര്‍ നേരത്തെ യാത്രയ്ക്കൊടുവില്‍ സ്പേസ് എക്സിൻ്റെ ക്രൂ–10 ബഹിരാകാശത്തെത്തിച്ചേരും. ഇവര്‍ക്ക് ചുമതല കൈമാറിയ ശേഷമായിരിക്കും സുനിതയുടേയും ബുച്ച് വിൽമോറിൻ്റെയും മടക്കയാത്ര. ശനിയാഴ്ച രാത്രി 11.30ഓടെ പേടകം ഐ.എസ്.എസുമായി ഡോക്കിങ് നടത്തും. 2 ദിവസത്തെ ഹാന്‍ഡ് ഓവര്‍ പ്രക്രിയകള്‍ക്ക് ശേഷം മാര്‍ച്ച് 19ന് സുനിത ഉള്‍പ്പെടെയുള്ളവരുമായി പേടകം ഭൂമിയിലേക്ക് തിരിക്കും.
9 മാസങ്ങളോളമായി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള ക്രൂ 10 വിക്ഷേപണം നേരത്തെ 2 തവണ മാറ്റിവെച്ച ശേഷമാണ് നാസ ഇപ്പോള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്. മാര്‍ച്ച് 26ന് ക്രൂ10 വിക്ഷേപിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, യു.എസ്. പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റേയും സ്‌പേസ് എക്‌സ് സി.ഇ.ഒ. ഇലോണ്‍ മസ്‌കിൻ്റേയും നിര്‍ദേശത്തെത്തുടര്‍ന്ന് ദൗത്യം നേരത്തേയാക്കി. മാര്‍ച്ച് 12ന് 2 തവണ വിക്ഷേപണത്തിന് ശ്രമിച്ചെങ്കിലും അവസാനനിമിഷത്തെ സാങ്കേതിക തകരാറുകള്‍ മൂലം മാറ്റിവെയ്ക്കുകകയായിരുന്നു.
ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് സ്പേസ് എക്സ് ക്രൂ 10 പേടകത്തിൻ്റെ വിക്ഷേപണം താല്‍കാലികമായി മാറ്റി വച്ചത്. റോക്കറ്റിനും പേടകത്തിനും തകരാറൊന്നും സംഭവിച്ചിട്ടില്ലായിരുന്നു. അതിനാൽ വേഗത്തിൽ തകരാർ പരിഹരിച്ച് വിക്ഷേപണം സാദ്ധ്യമായി.
2024 ജൂണിലാണ് സുനിതയും ബുച്ച് വില്‍മോറും 10 ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തെത്തിയത്. ഇവര്‍ പോയ സ്റ്റാര്‍ലൈനര്‍ പേടകത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതോടെ ഇരുവരും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് സ്പേസ് എക്സിൻ്റെ ക്രൂ10-ല്‍ ഇരുവരേയും തിരിച്ചെത്തിക്കാന്‍ തീരുമാനിച്ചു. ഫെബ്രുവരിയിലെങ്കിലും ഇരുവരേയും തിരികെ ഭൂമിയിലെത്തുമെന്ന് കരുതിയെങ്കിലും യാത്ര വീണ്ടും നീണ്ടു.