Follow the FOURTH PILLAR LIVE channel on WhatsApp
അഹമ്മദാബാദ്: ട്വിസ്റ്റുകള്‍നിറഞ്ഞ സെമിഫൈനല്‍ മത്സരത്തിനൊടുവില്‍ കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ പ്രവേശിച്ചു. ആവേശപ്പോരില്‍ നേടിയ 2 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിങ്സ് ലീഡ് കേരളത്തിനു തുണയായി. ഗുജറാത്തിൻ്റെ അവസാന ബാറ്ററായ അര്‍സാന്‍ നാഗ്വസ്വാലയുടെ ഷോട്ട് ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സല്‍മാന്‍ നിസാറിന്‍റെ ഹെല്‍മറ്റിലിടിച്ച് സ്ലിപ്പില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലെത്തിയതോടെയാണ് കേരളം നാടകീയമായി ഫൈനല്‍ ഉറപ്പിച്ചത്. ക്വാർട്ടറിൽ ജമ്മു കശ്മീരിനെതിരെ 1 റണ്‍ ലീഡില്‍ സെമി ഉറപ്പിച്ച കേരളം ഗുജറാത്തിനെതിരെ രണ്ട് റണ്‍സ് ലീഡില്‍ ഫൈനലും ഉറപ്പിച്ച് ചരിത്രനേട്ടം സ്വന്തമാക്കി.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനും നാടകീയമായ പുറത്താകലുകള്‍ക്കുമൊടുവിലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. 7 വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സെന്ന നിലയിൽ അവസാന ദിനം ക്രീസിലിറങ്ങിയ ഗുജറാത്തിന് അഞ്ചാം ദിനം തുടക്കത്തിലെ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമാതോടെ 9ന് 449 എന്ന സ്കോറിലേക്ക് വീണെങ്കിലും അവസാന വിക്കറ്റില്‍ പ്രിയാജിത് സിങ് ജഡേജയും അര്‍സാന്‍ നാഗ്വസ്വാലയും ചേര്‍ന്ന് പ്രതിരോധിച്ചു നിന്നതോടെ കേരളത്തിന്‍റെ ചങ്കിടിപ്പേറി.
ഒടുവില്‍ ലീഡിനായി വെറും 3 റണ്‍സ് മാത്രം മതിയെന്ന ഘട്ടത്തില്‍ ആദിത്യ സര്‍വാതെയുടെ പന്തില്‍ ബൗണ്ടറിയടിക്കാന്‍ ശ്രമിച്ച നാഗ്വസ്വാലയുടെ ഷോട്ട് ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സല്‍മാന്‍ നിസാറിന്‍റെ ഹെല്‍മറ്റിലിടിച്ച് സ്ലിപ്പില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലെത്തി. അതോടെ കേരളത്തിന് 2 റൺസ് ലീഡ്. ഇതിന് മുമ്പ് നാഗ്വസ്വാലയുടെ ദുഷ്കരമായൊരു ക്യാച്ച് സല്‍മാന്‍ നിസാറിന്‍റെ കൈകള്‍ക്കിടയിലൂടെ ചോര്‍ന്നിരുന്നു.
ഒന്നാം ഇന്നിങ്‌സില്‍ പുറത്താകാതെ 177 റണ്‍സ് നേടി കേരളത്തിന്റെ നട്ടെല്ലായി മാറിയ മുഹമ്മദ് അസ്ഹറുദ്ദീനാണ് കളിയിലെ താരം. മറ്റൊരു സെമിയില്‍ മുംബൈയെ പരാജയപ്പെടുത്തിയ വിദര്‍ഭയാകും കലാശപ്പോരില്‍ കേരളത്തിന്റെ എതിരാളികള്‍. 80 റണ്‍സിനായിരുന്നു വിദർഭയുടെ വിജയം.
7ന് 429 റണ്‍സുമായി അവസാന ദിനം ഇറങ്ങിയ ഗുജറാത്തിനെതിരെ 28 റണ്‍സിനിടെ 3 വിക്കറ്റെടുക്കണമെന്ന വലിയ വെല്ലുവിളിയായിരുന്നു കേരളത്തിനുണ്ടായിരുന്നത്. കേരളം 455 റണ്‍സിന് ഗുജറാത്തിനെ എറിഞ്ഞിട്ടു. രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ കേരളത്തിന് 114 റണ്‍സെടുക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സിന്റെ ലീഡോഡെയാണ് കേരളം ഫൈനലില്‍ പ്രവേശിച്ചത്. ഏറെക്കുറേ സാധ്യതകള്‍ അസ്തമിച്ചെന്ന് കരുതിയിടത്ത് നിന്ന് പൊരുതിക്കയറി ലീഡ് പിടിച്ചെടുക്കുകയായിരുന്നു.
അഞ്ചാം ദിനം ജലജ് സക്സേനയിലൂടെയാണ് കേരളം ആക്രമണം തുടങ്ങിയത്. ആദ്യ 5 ഓവറുകളില്‍ സര്‍വാതെയെയും സക്സേനയെയും ഫലപ്രദമായി പ്രതിരോധിച്ച ഗുജറാത്തിന് പക്ഷേ ആറാം ഓവറില്‍ അടിതെറ്റി. ആദിത്യ സര്‍വാതെയുടെ പന്തില്‍ ഫ്രണ്ട് ഫൂട്ടില്‍ കയറി അടിക്കാന്‍ നോക്കിയ ജയ്മീത് പട്ടേലിനെ മുഹമ്മദ് അസറുദ്ദീന്‍ സ്റ്റംപ് ചെയ്തു പുറത്താക്കി. കത്തുകാത്തിരുന്ന വിക്കറ്റ് വീണത്തിന്‍റെ ആവേശത്തിലായി കേരളം. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ 21 റണ്‍സ് കൂടി വേണമായിരുന്നു അപ്പോള്‍ ഗുജറാത്തിന്. സിദ്ദാര്‍ത്ഥ് ദേശായിയും അര്‍സാന്‍ നാഗസ്വാലയും ചേര്‍ന്ന് പിന്നീട് 5 ഓവര്‍ കൂടി കേരളത്തിന്‍റെ ക്ഷമ പരീക്ഷിച്ചു.
ഇതിനിടെ അക്ഷയ് ചന്ദ്രനെതിരെ ബൗണ്ടറി നേടി നാഗ്വസ്വാല കേരളത്തെ ബാക്ക് ഫൂട്ടിലാക്കി. എന്നാല്‍ പൊരുതി നിന്ന സിദ്ധാര്‍ത്ഥ് ദേശായിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി സര്‍വാതെ വീണ്ടും ഗുജറാത്തിനെ ഞെട്ടിച്ചു. അപ്പോള്‍ ഒന്നാം ഇന്നിങ്സ് ലീഡ് നേടാന്‍ 13 റണ്‍സ് കൂടി വേണമായിരുന്നു ഗുജറാത്തിന്. അവസാന വിക്കറ്റില്‍ പ്രിയാജിത് സിങ് ജഡേജയും നാഗ്വസ്വാലയും ചേർന്ന് പ്രതിരോധിച്ചു നിന്നതോടെ കേരളത്തിന്‍റെ ചങ്കിടിപ്പേറി. ഒടുവില്‍ കാവ്യനീതിപോലെ സല്‍മാന്‍ നിസാറിന്‍റെ ഹെല്‍മെറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലൊതുങ്ങിയപ്പോള്‍ കേരളം ആനന്ദത്താല്‍ തുള്ളിച്ചാടി. കേരളത്തിനായി ജലജ് സക്സേനയും ആദിത്യ സര്‍വാതെ 4 വിക്കറ്റുകള്‍വീതം നേടി. അവസാന ദിവസത്തെ 3 വിക്കറ്റും സാര്‍വാതെയ്ക്കാണ്.