വെടിക്കൂട്ടിൽ സ്വർണം വാരിയ ദ്രോണാചാര്യൻ വിടവാങ്ങി; പ്രൊഫ.സണ്ണി തോമസ് അന്തരിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

കോട്ടയം: ഒളിമ്പിക്സിലടക്കം ഇന്ത്യക്ക് 150ലേറെ ഷൂട്ടിങ് മെഡലുകൾ നേടിത്തന്ന പരിശീലകനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രൊഫ.സണ്ണി തോമസ് (85) അന്തരിച്ചു. കോട്ടയം ഉഴവൂരിലെ വീട്ടിൽ ബുധനാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

ഷൂട്ടിങ്ങിൽ ഇന്ത്യ നേടിയ മെഡൽത്തിളങ്ങൾക്കു പിന്നിൽ ഷൂട്ടിങ് ടീമിൻ്റെ പ്രധാന പരിശീലകനായിരുന്ന സണ്ണി തോമസിൻ്റെ അധ്വാനവും അർപ്പണവുമുണ്ടെന്നത് ഏവരും അംഗീകരിക്കുന്ന കാര്യമാണ്. 1993 മുതൽ 2012 വരെ 19 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിൻ്റെ പരിശീലകനായിരുന്നു സണ്ണി തോമസ്. 2004ൽ ആതൻസ് ഒളിംപിക്സിൽ രാജ്യവർധൻ സിങ് റാത്തോഡ് വെള്ളി നേടിയപ്പോൾ ഇന്ത്യയുടെ ഒളിംപിക് ചരിത്രത്തിലെ ആദ്യ വ്യക്തിഗത വെള്ളി മെഡലായി അത്. 2008ലെ ബെയ്ജിങ് ഒളിംപിക്സിൽ അഭിനവ് ബിന്ദ്ര സ്വർണമണിഞ്ഞപ്പോൾ അത് ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണമായി. 2012ലെ ലണ്ടൻ ഒളിംപിക്സിൽ വിജയകുമാർ വെള്ളിയും ഗഗൻ നരങ് വെങ്കലവും നേടിയപ്പോഴും സണ്ണി തോമസിലെ പരിശീലകന് അംഗീകാരമെത്തി. ഏഷ്യൻ ഗെയിംസുകളിൽ 29 മെഡലുകളും കോമൺ വെൽത്ത് ഗെയിംസിൽ 95 മെഡലുകളും സണ്ണി തോമസിൻ്റെ കുട്ടികൾ വെടിവച്ചിട്ടു. ലോകകപ്പിലെ നേട്ടങ്ങൾ 50ഓളം.

അഭിനവ് ബിന്ദ്ര ഒളിമ്പിക്സ് സ്വർണം നേടിയപ്പോൾ പ്രൊഫ.സണ്ണി തോമസിനൊപ്പം

കോട്ടയം തിടനാട് മേക്കാട്ട് കാഥികനായ കെ.കെ.തോമസിൻ്റെയും മറിയക്കുട്ടിയുടെയും മകനായി 1941 സെപ്റ്റംബർ 26നാണ് സണ്ണി തോമസിൻ്റെ ജനനം. കാളകെട്ടിയിലും ഈരാറ്റുപേട്ടയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കോട്ടയം എം.ഡി. സെമിനാരിയിൽ യൂ.പി., ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോട്ടയം സി.എം.എസിൽ നിന്ന് ഫിസിക്‌സിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് തേവര സേക്രഡ് ഹാർട്ട് കോളജിൽ ഇംഗ്ലീഷ് അധ്യാപകനായി നിയമിതനായി. അവിടെ നിന്ന് 1964ൽ ഉഴവൂർ സെൻ്റ് സ്റ്റീഫൻ കോളേജിൽ ഇംഗ്ലീഷ് വിഭാഗം മേധാവി ആയി എത്തി. 1997ൽ വിരമിക്കുന്നതു വരെ അവിടെ തുടർന്നു.

വളരെ ചെറുപ്പം മുതൽ ഷൂട്ടിങ്ങിൽ കമ്പമുണ്ടായിരുന്ന സണ്ണി തോമസിൻ്റെ ജീവിതത്തിൽ വഴിത്തിരിവായത് 1965ൽ കോട്ടയം റൈഫിൾ ക്ലബ്ബിൽ ചേർന്നതാണ്. 1965ൽ നടന്ന സംസ്ഥാന ഷൂട്ടിങ്ങിൽ 2 സ്വർണവും 2 വെള്ളിയും 1 വെങ്കലവും നേടി. പിന്നീട് 1970ൽ അഹമ്മദാബാദിൽ വെപ്പൺ ട്രെയിനിങ് സ്‌കൂളിൽ ഷൂട്ടിങ് കോഴ്‌സിനു ചേർന്നു. പിന്നീട് നിരവധി മത്സരങ്ങളിൽ പങ്കെടുത്തു. 1976ൽ ദേശീയ ചാമ്പ്യൻ. 1993ൽ ഇന്ത്യൻ ടീമിൻ്റെ പരിശീലകനായി. അദ്ദേഹത്തിൻ്റെ ശിഷ്യർ നൂറുകണക്കിന് അന്താരാഷ്ട്ര മെഡലുകൾ ഇന്ത്യക്കു സമ്മാനിച്ചു. പരിശീലക മികവിന് 2001ൽ ദ്രോണാചാര്യ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

ഭാര്യ: പ്രൊഫ.കെ.ജെ.ജോസമ്മ. മക്കൾ: മനോജ് സണ്ണി, സനിൽ സണ്ണി, സോണിയ സണ്ണി. അധ്യാപകനായിരുന്ന ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ ബുധനാഴ്ച 3 മണി മുതൽ 5 വരെയും ഉഴവൂരിലെ വീട്ടിൽ വ്യാഴാഴ്ച രാവിലെ 9 വരെയും മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ഇടപ്പള്ളി പൂക്കാടുപ്പടി റോഡിലെ തേവക്കൽ സെൻ്റ് മാർട്ടിൻ ഡീ പോറസ് പള്ളിയിൽ നടക്കും.

COMMENT

Recent Articles

Related Articles

Special