ഗാലറിയിൽ നിന്ന് അസ്ഹറുദ്ദീൻ്റെ പേരു നീക്കുന്നു; ക്രിക്കറ്റ് കളിച്ചതിൽ ഖേദിക്കുന്നുവെന്ന് താരം

Follow the FOURTH PILLAR LIVE channel on WhatsApp 

ഹൈദരാബാദ്: രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്നു മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ്റെ പേര് നീക്കാൻ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്.സി.എ.). ഹൈദരാബാദ് സ്റ്റേഡിയത്തിലെ നോർത്ത് സ്റ്റാൻഡിൽ നിന്ന് അസ്ഹറിൻ്റെ പേരു നീക്കം ചെയ്യണമെന്ന് എച്ച്.സി.എ. ഓംബുഡ്സ്മാൻ കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

ഈ നീക്കത്തിനെതിരെ അസ്ഹറുദ്ദീൻ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. തീരുമാനം വേദനിപ്പിക്കുന്നതാണെന്നും ക്രിക്കറ്റ് കളിച്ചതിൽ ഖേദം തോന്നുന്നെന്നും അസ്ഹറുദ്ദീൻ പറഞ്ഞു.

കളിയെ കുറിച്ച് ഒരു ധാരണപോലും ഇല്ലാത്തവരാണ് നേതൃസ്ഥാനത്ത് ഇരിക്കുന്നതും കളി പഠിപ്പിക്കുന്നതും എന്നത് ഹൃദയഭേദകമാണ്. ഇത് കായികരംഗത്തിന് തന്നെ അപമാനമാണ്. പേര് നീക്കം ചെയ്യാനുള്ള നീക്കത്തിനെതിരെ തെലങ്കാന ഹൈക്കോടതിയെ സമീപിക്കും. വിഷയത്തിൽ ബി.സി.സി.ഐ. ഇടപ്പെട്ട് കൃത്യമായ നടപടി സ്വീകരിക്കണമെന്നും അസഹറുദ്ദീൻ ആവശ്യപ്പെട്ടു.

അസോസിയേഷൻ പ്രസിഡൻ്റ് ആയിരിക്കെ പദവി ദുരുപയോഗം ചെയ്താണ് താരം സ്വന്തം പേര് സ്റ്റാൻഡിനു നൽകിയതെന്ന പരാതിയിലാണ് ഓംബുഡ്സ്മാൻ വിധിയുണ്ടായത്. ഹൈദരാബാദിലെ ലോർഡ്സ് ക്രിക്കറ്റ് ക്ലബാണ് പരാതിക്കാർ.

COMMENT

Recent Articles

Related Articles

Special