Follow the FOURTH PILLAR LIVE channel on WhatsApp
പോച്ചഫ്‌സ്ട്രൂം: സ്വർണനേട്ടത്തോടെ 2025 സീസണിന് ഗംഭീര തുടക്കം കുറിച്ച് ജാവലിൻ താരം നീരജ് ചോപ്ര. ദക്ഷിണാഫ്രിക്കയിലെ പോച്ചഫ്‌സ്ട്രൂമില്‍ നടന്ന പോച്ച് ഇന്‍വിറ്റേഷണല്‍ മത്സരങ്ങളിൽ 84.52 മീറ്റർ എറിഞ്ഞ് താരം സ്വര്‍ണം നേടി. ദക്ഷിണാഫ്രിക്കയുടെ ഡോവ് സ്മിത്ത് ഉള്‍പ്പെടെ ആറുപേര്‍ മത്സരരംഗത്തുണ്ടായിരുന്നു.
നീരജും ഡോവും മാത്രമാണ് 80 മീറ്ററിനപ്പുറം എറിഞ്ഞത്. നീരജിന് തൻ്റെ റെക്കോഡ് ദൂരമായ 89.94 മീറ്റര്‍ മറികടക്കാനായില്ലെങ്കിലും സ്വര്‍ണം നേടി. അതേസമയം ഡോവ് തൻ്റെ മികച്ച ദൂരമായ 83.29 മീറ്ററിനടുത്തെത്തി. 82.44 മീറ്റര്‍ ദൂരമെറിഞ്ഞാണ് ഡോവിൻ്റെ വെള്ളിനേട്ടം. 71.22 മീറ്റർ എറിഞ്ഞ ഡങ്കന്‍ റോബര്‍ട്ട്‌സണ്‍ മൂന്നാമതെത്തി.
നീരജ് തൻ്റെ ദീര്‍ഘകാല പരിശീലകനായിരുന്ന ക്ലോസ് ബര്‍ട്ടോണിയറ്റ്‌സുമായി അടുത്തിടെ പിരിഞ്ഞിരുന്നു. ജാവലിന്‍ ഇതിഹാസം യാന്‍ സെലെസ്‌നിയുടെ കീഴിലാണ് ഇപ്പോൾ പരിശീലനം. ജാവലിന്‍ ത്രോയില്‍ ഏറ്റവും ദൂരമെറിഞ്ഞ ലോക റെക്കോഡ് ഇദ്ദേഹത്തിൻ്റെ പേരിലാണ്. 1996ല്‍ സെലസ്നി സ്ഥാപിച്ച 98.48 മീറ്ററാണ് ഇതുവരെയുള്ള ലോകറെക്കോഡ്. ഇദ്ദേഹത്തിൻ്റെ കീഴില്‍ പരിശീലനം മെച്ചപ്പെട്ടതായി നീരജ് പറഞ്ഞിരുന്നു.
സീസണില്‍ 90 മീറ്ററിനപ്പുറം എന്ന ലക്ഷ്യം നേടാനുള്ള പ്രയത്‌നത്തിലാണ് ചോപ്ര. മെയ് 16ന് ആരംഭിക്കുന്ന ദോഹ ഡയമണ്ട് ലീഗാണ് അദ്ദേഹത്തിൻ്റെ അടുത്ത മത്സരവേദി.
































