പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ വീഴ്ച പറ്റിയ എസ്.എച്ച്.ഒ. മഹേന്ദ്ര സിംഹനു സസ്പെൻഷൻ. പാലക്കാട് എസ്.പി. വിജയകുമാറിൻ്റെ റിപ്പോർട്ടിനെ തുടർന്ന് ഉത്തരമേഖല ഐ.ജി. രാജ്പാൽ മീണയാണു സസ്പെൻഡ് ചെയ്തത്. കൊലക്കേസ് പ്രതിയായ ചെന്താമര ജാമ്യവ്യസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിച്ചില്ലെന്നാണു റിപ്പോർട്ടിലുള്ളത്. അതേസമയം ചെന്താമരയെ പോത്തുണ്ടിയിലെ മാട്ടായിയിൽ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന സെഷൻസ് കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച ചെന്താമര അവിടെ ഒരു മാസം താമസിച്ചു. നാട്ടുകാരെ ഭീഷണിപ്പെടുത്തി. നേരിട്ടു പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ല. അന്നുതന്നെ കേസെടുത്ത് കോടതിയെ അറിയിച്ചാൽ സ്വാഭാവികമായും ജാമ്യം റദ്ദാകും. പകരം, ചെന്താമരയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു താക്കീത് ചെയ്യുകയാണു പൊലീസ് ചെയ്തത്. ഇതു വീഴ്ചയാണെന്നു ചൂണ്ടിക്കാട്ടിയാണ് എസ്.എച്ച്.ഒയ്ക്കെതിരെ നടപടിയെടുത്തത്.
ചെന്താമരയെ പോത്തുണ്ടിയിലെ മാട്ടായിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് ആദ്യം കണ്ടത്. കുട്ടികൾ ചെന്താമരയല്ലേയെന്ന് ചോദിച്ചപ്പോൾ ഇയാൾ ഓടിമറയുകയായിരുന്നു. തുടർന്ന് പൊലീസ് പ്രദേശത്ത് ശക്തമായ തെരച്ചിൽ നടത്തുകയാണ്.
നെന്മാറ സ്റ്റേഷന് 5 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള സ്ഥലമാണ് മാട്ടായി. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ആണ് പൊലീസ് തെരയുന്നത്. ആലത്തൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം മാട്ടായിയിലുണ്ട്.