തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് നിന്ന് ഉടന്‍ മാറ്റില്ലെന്ന് കെ.സുധാകരന് കോൺഗ്രസ് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കി. സുധാകരനെ നിലനിര്‍ത്തി പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് ഹൈകമാൻഡിന്റെ പുതിയ തീരുമാനം. അദ്ദേഹത്തെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നാണ് ഇപ്പോൾ അറിയിച്ചത്.
പുനഃസംഘടനാ നടപടികളുമായി മുന്നോട്ടു പോകാന്‍ സുധാകരന് നിര്‍ദ്ദേശം ലഭിച്ചു. തനിക്കെതിരായ നീക്കങ്ങളിലും പ്രചരിപ്പിക്കുന്ന വാർത്തകളിലും സുധാകരന്‍ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ എ.ഐ.സി.സിയുടെ അനുകൂല മറുപടി.
സുധാകരന് പകരം ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, സണ്ണി ജോസഫ്, റോജി എം.ജോണ്‍ തുടങ്ങിയവരെ കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ഈ നീക്കങ്ങൾക്കു ചുക്കാൻ പിടിച്ചത്. തന്നെ പുറത്താക്കാനുള്ള നീക്കം ശക്തിപ്രാപിച്ചതോടെ സുധാകരൻ പ്രതിരോധിക്കാനിറങ്ങി. കെ.പി.സി.സി. പ്രസിഡൻ്റ് സ്ഥാനത്തു നിന്നു മാറ്റുകയാണെങ്കിൽ എം.പി. സ്ഥാനം രാജിവെയ്ക്കുമെന്നും കടുത്ത തീരുമാനമെടുക്കുമെന്നും അദ്ദേഹം എ.ഐ.സി.സി. നേതൃത്വത്തിലുള്ളവരെ അറിയിച്ചു. അതോടെയാണ് സുധാകരന് ഹൈക്കമാൻഡ് വഴങ്ങിയത്.
ഇതിനിടെ അനുനയ ശ്രമങ്ങളുടെ ഭാഗമായി കോൺഗ്രസിൻ്റെ സംഘടനാ ജനറൽ സെക്രട്ടറി. കെ.സി.വേണുഗോപാല്‍ ശനിയാഴ്ച കെ.സുധാകരനുമായി കൂടിക്കാഴ്ച നടത്തും. കെ.സുധാകരനും വി.ഡി.സതീശനും തമ്മിലുള്ള അകല്‍ച്ച സംഘടനാ സംവിധാനത്തെ നിശ്ചലമാക്കുന്നെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുണ്ട്. പ്രധാന വിഷയങ്ങളില്‍പ്പോലും കൂട്ടായ ചര്‍ച്ചയിലൂടെ പൊതുനിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല എന്ന് ഹൈക്കമാൻഡ് വിലയിരുത്തുന്നു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍കൂര്‍ തയ്യാറെടുപ്പ് നടത്തിയാല്‍ ജയിക്കാവുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ച സതീശന്റെ ക്രമീകരണമായിരുന്നു പരാതിക്ക് അടിസ്ഥാനം. സദുദ്ദേശ്യപരമായി ചെയ്ത കാര്യങ്ങള്‍ സംശയത്തോടെ കണ്ടതില്‍ സതീശന് പരിഭവമുണ്ടായിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ.