Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സമാധി വിവാദത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഈ അസുഖങ്ങൾ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കിൽ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
ഗോപൻ്റെ മരണം വിവാദമാവുകയും കല്ലറ പൊളിച്ച് പോസ്റ്റ്മോർട്ടം നടത്തുകയുമായിരുന്നു. നേരത്തെ, പോസ്റ്റുമോർട്ടത്തിൻ്റെ പ്രാഥമിക റിപ്പോർട്ട് പ്രകാരം മരണത്തിൽ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കല്ലറ തുറന്ന് ഗോപൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചത്. കുടുംബത്തിൻ്റെ എതിർപ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കുകയും മതാചാര പ്രകാരം സംസ്കാരം നടത്തുകയും ചെയ്തിരുന്നു.
അതിനിടെ, പോസ്റ്റ്‍മോർട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിൽ അസ്വഭാവികതയില്ലെന്ന് വ്യക്തമായതോടെ മകൻ സനന്ദൻ പ്രതികരണവുമായി രംഗത്തെത്തി. തങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വ്യക്തമായെന്നും വളരെയധികം വിഷമമുണ്ടെന്നും സനന്ദൻ പറഞ്ഞു. ആന്തരിക അവയവ പരിശോധന ഫലങ്ങള്‍ കൂടി വന്നാലെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നാണ് പറയുന്നത്. അത് വന്നാലും പേടിക്കാനില്ല. അച്ഛൻ മഹാസമാധിയായതാണ്. ഇതിന് തടസം നിന്നവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നും മകൻ പറഞ്ഞു.