Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം : തിരുവനന്തപുരം ഗവ. ലോ കോളേജിൽ മുഴുവൻ സീറ്റിലും ഉജ്ജ്വല വിജയം നേടി എസ്.എഫ്.ഐ. വൻ ഭൂരിപക്ഷത്തിലാണ് എല്ലാ സീറ്റിലും എസ്.എഫ്.ഐ. ജയിച്ചത്. കഴിഞ്ഞവർഷം നഷ്ടമായ സീറ്റുകൾ ഒന്നൊഴിയാതെ പിടിച്ചെടുത്താണ് എസ്.എഫ്.ഐയുടെ മുന്നേറ്റം.
ഭരത് നായർ (ചെയർപേഴ്സൺ). പ്രിയ ജോർജ് (വൈസ് ചെയർപേഴ്സൺ), സായിറാം കെ. (ജനറൽ സെക്രട്ടറി), ശ്രീസൂര്യ എൻ. (ആർട്സ് ക്ലബ്ബ് സെക്രട്ടറി), രാഹുൽ എസ്. (മാഗസിൻ എഡിറ്റർ), അസിക പി., അഷർ ജോസ് റാഫേൽ (സർവകലാശാലാ യൂണിയൻ കൗൺസിലർമാർ), ഗായത്രി രാജൻ, ഫിസ റഹ്മാൻ കെ.എ. (വനിതാ പ്രതിനിധികൾ) എന്നിവരാണ് എസ്.എഫ്.ഐ. പാനലിൽ ജയിച്ച് ലോ കോളേജ് യൂണിയൻ ഭാരവാഹികളായത്. ആകെയുള്ള 9 ജനറൽ സീറ്റും എസ്.എഫ്.ഐക്കാണ്. കോളേജിലെ 15 ക്ലാസ് പ്രതിനിധികളിൽ 11ഉം എസ്.എഫ്.ഐ. നേടി.
കഴിഞ്ഞ വർഷം യൂണിയൻ നേടിയെങ്കിലും ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, ജനറൽ സെക്രട്ടറി എന്നീ പ്രധാന സീറ്റുകൾ എസ്.എഫ്.ഐയ്ക്ക് നഷ്ടമായിരുന്നു. കേരളത്തിൽ എസ്.എഫ്.ഐയുടെ തകർച്ചയുടെ തുടക്കം എന്ന നിലയിൽ വാർത്തകളും വ്യാഖ്യാനങ്ങളുമുണ്ടായി. അവിടെ നിന്നാണ് അച്ചടക്കത്തോടും ചിട്ടയോടും കൂടിയ പ്രവർത്തനത്തിലൂടെ സംഘടന ശക്തമായി തിരിച്ചുവന്നത്.
ലോ കോളേജ് യൂണിയൻ ചെയർമാനായിരുന്ന എം.എ.സക്കീറിന്റെ 30ാം രക്തസാക്ഷി ദിനത്തിലാണ് എസ്.എഫ്.ഐ. കാമ്പസിൽ മുഴുവൻ സീറ്റും പിടിച്ചടക്കി ഉജ്ജ്വല വിജയം നേടിയത്. 30 വർഷങ്ങൾക്ക് മുൻപ് ജനുവരി 17 നാണ് സക്കീറിനെ പി.ഡി.പി. ക്രിമിനലുകൾ കൊലപ്പെടുത്തുന്നത്.