29 C
Trivandrum
Saturday, March 15, 2025

16കാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 7 വർഷം കഠിന തടവ്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ രണ്ടാനച്ഛന് 7 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ 3 മാസം കൂടി തടവ് അനുഭവിക്കണമെന്നും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍.രേഖ വിധിച്ചു. അതേസമയം പീഡനത്തിന് കൂട്ടുനിന്ന കുട്ടിയുടെ അമ്മയെ കുറ്റക്കാരിയല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വെറുതേവിട്ടു.

2020 ഓഗസ്റ്റ് 3നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലരാമപുരത്തെ വീട്ടില്‍ താമസിക്കുമ്പോള്‍ അര്‍ധരാത്രിയാണ് പ്രതി ലൈംഗികാതിക്രമത്തിന് ശ്രമിച്ചത്. കുട്ടി കട്ടിലില്‍ കിടക്കവേ പ്രതി മുറിക്കുള്ളില്‍ കയറി കുട്ടിയെ കടന്ന് പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭയന്നുപോയ കുട്ടി വീട്ടില്‍ നിന്ന് ഓടി സമീപത്തുള്ള കാട്ടില്‍ ഒളിച്ചിരുന്നു.

പിന്നാലെ ചെന്ന പ്രതി കാട്ടിലെത്തി കുട്ടിയെ അടിക്കുകയും വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. കുട്ടിയുടെ അമ്മ വന്നപ്പോഴും വിവരങ്ങള്‍ ചോദിക്കാതെ കുട്ടിയെ അടിച്ചു. കുട്ടി അടുത്ത ദിവസം തന്നെ അച്ഛന്റെ ബന്ധുക്കളെ വിവരം അറിയിച്ചു. അടുത്ത ദിവസം ബന്ധുക്കളെത്തി കുട്ടിയെ അച്ഛന്റെ വീട്ടിലേക്ക് കൊണ്ടുപോയി.

ഇതിനുമുമ്പും പലതവണ രണ്ടാനച്ഛന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് കുട്ടി മൊഴി നല്‍കി. അച്ഛന്റെ ബന്ധുക്കള്‍ ഇടപ്പെട്ടിട്ടാണ് പൊലീസില്‍ വിവരം അറിയിച്ചത്. സംഭവം അറിഞ്ഞിട്ടും പുറത്തു പറയാത്തതിനാലാണ് അമ്മയെ രണ്ടാം പ്രതി ആക്കിയത്. വിചാരണ വേളയില്‍ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു എന്ന പറഞ്ഞെങ്കിലും അമ്മയ്ക്കെതിരായി കുട്ടി ഒന്നും പറഞ്ഞില്ല. അതിനാല്‍ അമ്മയ്ക്കെതിരെ തെളിവില്ല എന്നുകണ്ട് കോടതി വെറുതെ വിട്ടു.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍, അഡ്വ.ആര്‍.വൈ.അഖിലേഷ് എന്നിവര്‍ ഹാജരായി. വിഴിഞ്ഞത്തെ പൊലീസ് ഉദ്യോഗസ്ഥരായ എസ്.എസ്.സജി, കെ.എല്‍.സമ്പത്ത് എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന്‍ 18 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

Recent Articles

Related Articles

Special

Enable Notifications OK No thanks