Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിന് ശേഷം വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
സ്ത്രീകള്‍ക്കുനേരേ അശ്ലീലപരാമര്‍ശം നടത്തൽ, അത്തരം പരാമര്‍ശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടർന്ന് ബുധനാഴ്ച രാവിലെ വയനാട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരത്തോടെ കൊച്ചിയിൽ എത്തിക്കുകയായിരുന്നു.
അതേസമയം കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെതിരെ പരാതിക്കാരിയായ നടി ഹണി റോസ് രഹസ്യമൊഴി നല്‍കി. എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ബുധനാഴ്ച വൈകുന്നേരം രഹസ്യമൊഴി നല്‍കിയത്. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്ത ശേഷമുള്ള പ്രധാനപ്പെട്ട നീക്കമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. കോടതിയിൽ ഹാജരാക്കുമ്പോൾ ബോബി ചെമ്മണ്ണൂര്‍ ജാമ്യഹര്‍ജി നല്‍കുമെന്നതുറപ്പാണ്. പരാതിക്കാരിയുടെ രഹസ്യമൊഴി നൽകുന്നതിലൂടെ ഇത് തടയുക എന്ന ലക്ഷ്യംകൂടി പൊലീസിനുണ്ട്. രഹസ്യമൊഴി കോടതിയുടെ മുന്നിലെത്തിയാല്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം കിട്ടുക ബുദ്ധിമുട്ടാവും. ഇത് മുന്നില്‍ കണ്ടാണ് പൊലീസ് നീക്കം.
മാസങ്ങള്‍ക്കുമുന്‍പ് രണ്ട് ഷോപ്പുകളുടെ ഉദ്ഘാടനങ്ങള്‍ക്ക് നടി വന്നിരുന്നുവെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. ആഭരണങ്ങള്‍ ധരിച്ച് മോഡലിങ്ങൊക്കെ ചെയ്ത് അവര്‍ നൃത്തം ചെയ്തിരുന്നു. പോസിറ്റീവായി താനൊരു പരാമര്‍ശം നടത്തി. കുറേപ്പേര്‍ അത് ദ്വയാര്‍ഥത്തില്‍ ഉപയോഗിച്ചു. അവര്‍ക്കത് ഡാമേജായി, വിഷമമായി. അതില്‍ തനിക്കും വിഷമമുണ്ട്. താന്‍ മനപ്പൂര്‍വം ഒരാളോടും ഇങ്ങനെയൊന്നും ചെയ്യില്ല. തമാശയ്ക്ക് എന്തെങ്കിലുമൊക്കെ പറയും. മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായിട്ടായിരുന്നു അതെല്ലാമെന്നും ബോബി പറഞ്ഞിരുന്നു. എന്നാല്‍ ഈ വിശദീകരണം തള്ളിക്കൊണ്ടാണ് പൊലീസ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്.