29 C
Trivandrum
Friday, January 17, 2025

ദക്ഷിണേന്ത്യയിൽ കണ്ടുകെട്ടിയ 7,324 കോടിയുടെ ആസ്തി ഇ.ഡി. ലേലം ചെയ്യുന്നു

ചെന്നൈ: ദക്ഷിണേന്ത്യയിലെ 5 സംസ്ഥാനങ്ങളിൽ നിന്നു കണ്ടുകെട്ടിയ 7,324 കോടി രൂപയുടെ ആസ്തികള്‍ ലേലംചെയ്ത് സാമ്പത്തിക കുറ്റകൃത്യങ്ങളിലെ ഇരകള്‍ക്കു പണംനല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി ആരംഭിച്ചു. 5 ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ 64 കേസുകളിലെ കുറ്റാരോപിതരില്‍നിന്നു കണ്ടുകെട്ടിയതാണ് ഇത്രയും ആസ്തികള്‍.

Follow the FOURTH PILLAR LIVE channel on WhatsApp 

വായ്പാ തട്ടിപ്പു നടത്തിയ വിജയ് മല്യയുടെയും നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും 15,113 കോടി രൂപയുടെ ആസ്തികള്‍ ലേലംചെയ്ത് ബാങ്കുകള്‍ക്ക് പണം തിരിച്ചുനല്‍കിയിട്ടുണ്ട്. മറ്റു കേസുകളിലും ഈ മാതൃക പിന്തുടരാനാണ് ഉദ്ദേശിക്കുന്നതെന്ന് ഇ.ഡി. വ്യക്തമാക്കി.

തമിഴ്നാട്, കേരളം, കര്‍ണാടകം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നടന്ന തട്ടിപ്പുകളിലെ പ്രതികളില്‍ നിന്നാണ് 7,324 കോടി രൂപ ഇ.ഡി. കണ്ടുകെട്ടിയത്. അമിതലാഭം വാഗ്ദാനംചെയ്ത് നടത്തിയ നിക്ഷേപത്തട്ടിപ്പുകളും ബാങ്കുകളില്‍ നടത്തിയ വായ്പാ തട്ടിപ്പുകളുമാണ് ഇതില്‍ പ്രധാനം.

സാമ്പത്തിക കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച പണം കണ്ടുകെട്ടി ഇരകള്‍ക്കു തിരിച്ചുനല്‍കാന്‍ അനധികൃത പണമിടപാടു തടയുന്നതിനുള്ള നിയമത്തില്‍ (പി.എം.എല്‍.എ.) വകുപ്പുണ്ട്. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹായത്തോടെ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇതു ചെയ്യുക. ഇതിനായി പണം നഷ്ടപ്പെട്ടവര്‍ പ്രത്യേക പി.എം.എല്‍.എ. കോടതിയെ സമീപിക്കണം. കണ്ടുകെട്ടിയ വസ്തു ലേലംചെയ്ത് പണം ഇരകള്‍ക്കുനല്‍കാന്‍ കോടതി ഉത്തരവിടുകയും വേണം.

വായ്പാ തട്ടിപ്പുകളില്‍ പണം തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ബാങ്കുകള്‍ക്ക് നേരിട്ട് കോടതിയെ സമീപിക്കാം. എന്നാല്‍, നിക്ഷേപത്തട്ടിപ്പുകളില്‍ ഇരകള്‍ അതതു സംസ്ഥാനങ്ങളിലെ പൊലീസ് വഴിയാണ് കോടതിയെ സമീപിക്കേണ്ടത്. ബാങ്കുകളും പൊലീസും ഈയാവശ്യമുന്നയിച്ച് കോടതിയില്‍ പോകുമ്പോള്‍ ഇ.ഡി. എതിര്‍പ്പില്ലാ സാക്ഷ്യപത്രം നല്‍കും. അതോടെയാണ് കോടതി ലേലനടപടികളിലേക്കു കടക്കുക. ഇതിനുള്ള നടപടികള്‍ തുടങ്ങാന്‍ ബാങ്കുകളോടും പൊലീസിനോടും ഇ.ഡി. നിര്‍ദേശിച്ചിട്ടുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks