തിരുവനന്തപുരം: കത്തിലെ കള്ളക്കളിക്ക് കത്തിലൂടെ മറുപടി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഴിച്ചുവിട്ട കത്തുവിവാദത്തിന് കത്തിലൂടെ തന്നെ ചുട്ടമറുപടി നല്കി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. 100 വീടുകൾ വെച്ചു നല്കാമെന്ന് കർണാടക അറിയിച്ചതിന് നന്ദി പ്രകാശിപ്പിക്കാനും തുടർനടപടികൾ അറിയിക്കാനുമാണ് പിണറായിയുടെ കത്തെങ്കിലും അതിൽ സിദ്ധരാമയ്യ പറഞ്ഞ കള്ളങ്ങൾക്ക് അക്കമിട്ടു മറുപടി നല്കി പൊളിച്ചടുക്കുന്നുണ്ട്.
Follow the FOURTH PILLAR LIVE channel on WhatsApp
വയനാട് പുനരധിവാസത്തിൽ 100 വീടുകൾ നിർമ്മിച്ച് പങ്കാളിയാവാമെന്ന് കർണാടക ഔദ്യോഗികമായി കേരളത്തെ അറിയിച്ചത് ഡിസംബർ 6നു മാത്രമാണ്. അന്ന് കര്‍ണാടക ചീഫ് സെക്രട്ടറി ഡോ.ശാലിനി രജനീഷ് കേരളത്തിൻ്റെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് ഇതു സംബന്ധിച്ച് നല്കിയ കത്താണ് ദുരന്തം ഉണ്ടായതിനു ശേഷമുള്ള ആദ്യത്തെ അറിയിപ്പ്. അന്നാണ് കർണ്ണാടക സർക്കാർ ഔദ്യോഗികമായി പുനരധിവാസ സഹകരണത്തിനുള്ള സന്നദ്ധത കേരള സർക്കാരിനെ രേഖമൂലം അറിയിക്കുന്നത്.
ഇതിനു 3 ദിവസം കൂടി കഴിഞ്ഞ് ഡിസംബർ 9നാണ് കേരള മുഖ്യമന്ത്രിക്ക് കര്‍ണാടക മുഖ്യമന്ത്രി ഔദ്യോഗികമായി കത്തയച്ചത്. സിദ്ധരാമയ്യ കത്തയച്ചതിന്റെ തൊട്ടടുത്ത ദിവസമായ ഡിസംബർ 10ന് വയനാട്ടിൽ 100 വീടുകൾ വെച്ച് നൽകാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല, പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്ന ബ്രേക്കിങ് ന്യൂസ് വാർത്താചാനലുകളിലൂടെ പുറത്ത് വന്നു.
ഡിസംബർ 9ന് വന്ന കത്തിന് 24 മണിക്കൂറിനകം ഡിസംബർ 10ന് മറുപടി നല്കേണ്ട അത്യാവശ്യം ന്യായമായും ഉണ്ടായിരുന്നില്ല. എന്നാൽ, കത്തു ലഭിച്ച് നാലാം ദിവസമായ ഡിസംബർ 13നു തന്നെ പിണറായി വിജയൻ മറുപടിയച്ചു. ആ മറുപടിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
വയനാട് ദുരന്ത ബാധിതർക്ക് കർണ്ണാടക സർക്കാർ നൂറ് വീട് വെച്ച് നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ച ഉടൻ തന്നെ കേരളത്തിന് വേണ്ടി നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്തിരുന്നു. 2024 ഓഗസ്റ്റ് 3ന് സിദ്ധരാമയ്യയെ ടാഗ് ചെയ്താണ് പിണറായി വിജയൻ ഈ ട്വീറ്റ് ഇട്ടത്. വാക്കാൽ പറഞ്ഞ കാര്യത്തിന് അതേ രീതിയിൽ മറുപടി എന്ന നിലയിലായിരുന്നു ഇത്.
സിദ്ധരാമയ്യയുടെ പരസ്യ പ്രഖ്യാപനം വന്നതിന് പിന്നാലെ വയനാട് റീഹാബിലിറ്റേഷൻ്റെ ചുമതലയുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥ ഗീതയുടെ ഓഫീസിൽ നിന്ന് ഫോണിൽ കർണ്ണാടക മുഖ്യമന്ത്രിയുടെ ഓഫീസുമായി സംസാരിച്ചു. പുനരധിവാസത്തിനായി ഒരു ടൗൺഷിപ്പ് ആണ് വിഭാവനം ചെയ്യുന്നതെന്നും അതിനുള്ള ഭൂമി ഏറ്റെടുത്ത ശേഷം ഏകീകൃത സ്വഭാവത്തിലുള്ള പ്ലാൻ തയ്യാറാക്കി വീട് നിർമ്മാണം ആരംഭിക്കും എന്നാണ് കേരളത്തിന് വേണ്ടി ഉദ്യോഗസ്ഥർ അറിയിച്ചത്. വീട് വെച്ച് നൽകാൻ ആണ് കർണ്ണാടക സർക്കാർ ഉദ്ദേശിക്കുന്നതെന്നാണ് മറുപടി ലഭിച്ചത്. അതനുസരിച്ചുള്ള ആശയവിനിമയവും നടപടികളും പുരോഗമിക്കുമ്പോഴാണ് വിവാദം സൃഷ്ടിച്ചുകൊണ്ട് സിദ്ധരാമയ്യയുടെ കത്തു വന്നത്.
കോൺഗ്രസിൻ്റെ രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള ഗൂഢാലോചനയുടെ ഫലമായാണ് സിദ്ധരാമയ്യയുടെ കത്ത് എന്ന സംശയം നേരത്തേ ഉയര്‍ന്നിരുന്നു. അതിന് തീയതികൾ സഹിതം ചൂണ്ടിക്കാട്ടുന്ന മറുപടിയിലൂടെ പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനുള്ള സർവ പഴുതുകളും അടച്ചിരിക്കുകയാണ്.