29 C
Trivandrum
Friday, January 17, 2025

നിലവിലുള്ള നിയമസഭകളുടെ കാലാവധി കുറയ്ക്കേണ്ടി വരും; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കരട് ബില്ലിന് അംഗീകാരം

ന്യൂഡല്‍ഹി∙ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കരട് ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന ബില്ലിനാണ് അംഗീകാരം നല്‍കിയത്. സമഗ്ര ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ കൊണ്ടുവരുമെന്നാണ് വിവരം. സെപ്റ്റംബറില്‍ രാം നാഥ് കോവിന്ദ് സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

Follow the FOURTH PILLAR LIVE channel on WhatsApp 

2029ഓടെ രാജ്യത്ത് നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ ഒറ്റത്തവണയാക്കാനാണ് ബില്ലില്‍ ലക്ഷ്യമിടുന്നത്. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തിയശേഷം 100 ദിവസത്തിനുള്ളില്‍ തദ്ദേശ തിരഞ്ഞെടുപ്പും നടത്താനാണ് കോവിന്ദ് സമിതിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനായി ഒറ്റ വോട്ടര്‍പട്ടികയും ഒറ്റ തിരിച്ചറിയല്‍ കാര്‍ഡും വേണം.

2029ൽ ഒറ്റ തിരഞ്ഞെടുപ്പ് നടക്കണമെങ്കിൽ അതിനിടയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സർക്കാരുകളുടെ നിയമസഭാ കാലാവധി വെട്ടിക്കുറയ്ക്കേണ്ടി വരും. 4 വർഷം, 3 വർഷം, 2 വർഷം, 1 വർഷം എന്നിങ്ങനെയാകും നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്ക്കപ്പെടുക. ജാർഖണ്ഡ്, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളുടെ നിയമസഭാ കാലാവധി 4 വർഷമായി വെട്ടിച്ചുരുക്കേണ്ടി വരും. കേരളം, ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ നിയമസഭാ കാലാവധി 3 വർഷവും ആക്കേണ്ടി വരും.

മണിപുർ, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ നിയമസഭാ കാലവധി 2 വർഷമായും ഹിമാചൽ പ്രദേശ്, മേഘാലയ, നാഗാലാൻഡ്, ത്രിപുര, കർണാടക, തെലങ്കാന, മിസോറം, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുടേത് 1 വർഷമായും വെട്ടികുറയ്ക്കേണ്ട സാഹചര്യമുണ്ടാകും.

ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുമ്പോൾ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കണമെന്നതാണ് കോവിന്ദ് സമിതിയുടെ ഏറ്റവും പ്രധാന നിർദ്ദേശം. തിരഞ്ഞെടുപ്പ് സുരക്ഷിതമായി നടക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ട്.

ബില്ലില്‍ സമയവായത്തിനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചു. സംസ്ഥാന നിയമസഭാ സ്പീക്കര്‍മാരുമായി കൂടിയാലോചന നടത്താനും സർക്കാർ ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റ്, നിയമസഭ തിരഞ്ഞെടുപ്പ് ഒറ്റത്തവണയാക്കലിന് കുറഞ്ഞത് 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ല എന്നാണ് സമിതി ശുപാര്‍ശയില്‍ പറയുന്നത്. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് സംസ്ഥാന വിഷയം ആയതിനാല്‍ അത് ഒറ്റത്തവണയാക്കുന്നതിന് കുറഞ്ഞത് 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമായി വരും.

രണ്ട് അനുച്ഛേദങ്ങളിൽ ഭേദഗതി വരുത്താനും പുതിയ ഉപവകുപ്പുകള്‍ ഉള്‍പ്പെടുത്താനും നിയമസഭകളുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട 3 നിയമങ്ങള്‍ തിരുത്താനും ഉന്നതതല സമിതി നിര്‍ദ്ദേശിച്ചിരുന്നു. ഭേദഗതികളുടെയും പുതിയ ഉള്‍പ്പെടുത്തലുകളുടെയും ആകെ എണ്ണം 18 ആണ്. തൂക്കുസഭയോ അവിശ്വാസപ്രമേയത്തിലൂടെയോ സര്‍ക്കാര്‍ വീണാല്‍ അവശേഷിക്കുന്ന കാലയളവിലേക്ക് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണം എന്നും സമിതി ശുപാർശയിൽ വ്യക്തമാക്കിയിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks