തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനം നൃത്താവിഷ്‌കാരം പരിശീലിപ്പിക്കാന്‍ പ്രമുഖ നടി വന്‍തുക പ്രതിഫലം ചോദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കലോത്സവവേദികളിലൂടെ വളര്‍ന്നുവന്ന നടിയുടെ നിലപാട് വളരെയധികം വേദനിപ്പിച്ചുവെന്നും നടിക്ക് കേരളത്തോട് അഹങ്കാരവും പണത്തോട് ആര്‍ത്തിയുമാണെന്നും മന്ത്രി ആരോപിച്ചു.
Follow the FOURTH PILLAR LIVE channel on WhatsApp
ഞായറാഴ്ച വൈകുന്നേരം വെഞ്ഞാറമൂട് പ്രൊഫഷണല്‍ നാടകോത്സവത്തിന്റെ സമാപന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ശിവൻകുട്ടിയുടെ വെളിപ്പെടുത്തൽ. ‘കലോത്സവം സ്വാഗതഗാനം നൃത്താവിഷ്‌കാരം ചെയ്യാനും കുട്ടികളെ ആ നൃത്തം പഠിപ്പിക്കാനും ഒരു പ്രമുഖ നടിയോട് ആലോചിച്ചു. അവര്‍ സമ്മതിച്ചു, എന്നാല്‍ പ്രതിഫലമായി 5 ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടത്,’ മന്ത്രി പറഞ്ഞു.
‘നമ്മുടെ കലോത്സവങ്ങളിലൂടെ വളര്‍ന്നുവന്ന നടിയാണ് അവര്‍. ഇപ്പോള്‍ പക്ഷേ അവര്‍ക്ക് കേരളത്തോട് അഹങ്കാരമാണ്. എത്ര സമ്പാദിച്ചിട്ടും ഇപ്പോഴും പണത്തോട് ആര്‍ത്തിയാണ്. എന്തായാലും അവരെ നമ്മള്‍ വേണ്ടെന്നുവെച്ചു. പകരം നാട്ടിലെ ഏതെങ്കിലും സാധാരണ നൃത്താധ്യാപികയെ കൊണ്ട് ആ കാര്യം ഭംഗിയായി ചെയ്യിക്കും,’ ശിവൻകുട്ടി കൂട്ടിച്ചേർത്തു.