29 C
Trivandrum
Thursday, February 6, 2025

ആലപ്പുഴ അപകടം: കാറോടിച്ച വിദ്യാർഥിയെ പ്രതി ചേർക്കും; ബസ് ഡ്രൈവറെ ഒഴിവാക്കി

ആലപ്പുഴ: കളർകോട് 5 മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കാറോടിച്ച വിദ്യാർഥി ഗൗരിശങ്കറിനെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് . കോടതിയിൽ റിപ്പോർട്ടു നൽകി. സി.സി.ടി.വി. ദൃശ്യങ്ങളുടെയും ദൃക്സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

Follow the FOURTH PILLAR LIVE channel on WhatsApp 

വാഹനമോടിച്ച ഗൗരിശങ്കറിന്റെ വീഴ്ചയാണ് അപകടകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 (ഐ.പി.സി. 304എ) പ്രകാരമാണു കേസ്.

ആദ്യ വിവരങ്ങൾ പ്രകാരം കെ.എസ്.ആർ.ടി.സി. ഡ്രൈവറെ കുറ്റക്കാരനാക്കിയാണ് പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ ബസ് ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയില്ലെന്നു കണ്ടെത്തി. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടും എഫ്.ഐ.ആറിൽ ബസ് ഡ്രൈവർ ഗുരുതരകുറ്റം ചെയ്തതായുള്ള പരാമർശത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ ഇത്തരത്തിൽ കേസെടുക്കുന്നത് സ്വാഭാവിക നടപടിയെന്നാണ് പൊലീസ് പറഞ്ഞത്. ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊഴി രേഖപ്പെടുത്തിയാണ് വിദ്യാർഥിക്കെതിരേ കേസെടുത്തത്.

അതേസമയം വാഹനയുടമ ഷാമിൽ ഖാൻ ടവേര കാർ വാടകയ്ക്ക് തന്നെയാണ് നൽകിയതെന്നാണ് ഗൗരിശങ്കറിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ ഷാമിൽ ഖാനെതിരെ മോട്ടോർ വാഹനവകുപ്പ് നടപടിയെടുക്കും. അപകടത്തിൽ പരുക്കേറ്റ ഗൗരിശങ്കർ ചികിത്സയിലാണ്. ആശുപത്രിയിൽ നിന്നും പൊലീസിന് നൽകിയ മൊഴിയിലാണ് വാഹനയുടമ ഷാമിൽ ഖാന് പണം നൽകിയതായി ഗൗരിശങ്കർ വ്യക്തമാക്കിയത്. യു.പി.ഐ. വഴി ഷാമിൽ ഖാന് 1,000 രൂപ നൽകിയിരുന്നു. എന്നാൽ ഷാമിൽ ഖാന് റെന്റ് ക്യാബ് ലൈസൻസ് ഇല്ല. അതിനാൽ വാഹനത്തിന്റെ ആർ.സി. ബുക്ക് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഷാമിൽഖാന്റെ മറ്റ് വാഹനങ്ങളുടെ വിവരങ്ങൾ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട് പ്രകാരം 4 കാരണങ്ങളാണ് അപകടത്തിലേക്കു നയിച്ചത്. മഴ മൂലം റോഡിൽ വെള്ളത്തിന്റെ സാന്നിധ്യമുണ്ടായതും വെളിച്ചക്കുറവും അപകടത്തിന് വഴിവെച്ചു. 7 പേർ യാത്ര ചെയ്യേണ്ട ടവേര വാഹനത്തിൽ 11 പേർ കയറിയത് അപകടത്തിന്റെ ആഘാതം കൂട്ടി. ടവേര വാഹനം ഓടിച്ച ഗൗരിശങ്കറിന് 5 മാസം മാത്രമാണ് ഡ്രൈവിങ് പരിചയം. അതിനാൽത്തന്നെ വാഹനം തെന്നിയപ്പോൾ നിയന്ത്രണത്തിലാക്കാൻ ഡ്രൈവർക്ക് കഴിഞ്ഞില്ല.

വാഹനത്തിന്റെ കാലപഴക്കമാണ് മറ്റൊരു കാരണം. അപകടത്തിൽപ്പെട്ട ടവേരയ്ക്ക് 14 വർഷം പഴക്കമുണ്ട്. സുരക്ഷ സംവിധാനങ്ങളായ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ എന്നിവ ഇല്ലാത്തതിനാൽ വാഹനം ബ്രേക്ക് ചെയ്തപ്പോൾ തെന്നി നീങ്ങിയത് നിയന്ത്രിക്കാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗൗരിശങ്കറിന്റെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടിയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ആലപ്പുഴ എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒ. അറിയിച്ചു. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ കണക്കിലെടുത്താണു നിലവിൽ നടപടിയെടുക്കാത്തത്.

Recent Articles

Related Articles

Special

Enable Notifications OK No thanks