തിരുവനന്തപുരം: പതിനെട്ടാം പടിയിൽനിന്ന് ഫോട്ടോ എടുത്ത പൊലീസുകാർക്ക് നല്ലനടപ്പിന്റെ ഭാഗമായുള്ള തീവ്രപരിശീലനം ശിക്ഷ നല്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് വൈകാതെ പുറത്തിറങ്ങും. എസ്.എ.പി. ക്യാമ്പിലെ 32 പോലീസുകാരാണ് ഫോട്ടോ എടുത്തത്.
Follow the FOURTH PILLAR LIVE channel on WhatsApp
ശബരിമലയിലെ ജോലിയിൽ നിന്ന് ഇറങ്ങിയ ഇവരെ കണ്ണൂരിലേക്ക് മാറ്റാനാണ് തീരുമാനം. എത്ര ദിവസത്തേക്കാണ് തീവ്രപരിശീലനം എന്നത് ഉത്തരവ് വരുമ്പോൾ മാത്രമേ വ്യക്തമാവുകയുള്ളൂ. വീട്ടിലേക്ക് പോകാനാവാത്ത വിധം തീവ്രപരിശീലനമായിരിക്കും നൽകുക. തുടർ നടപടികളെ കുറിച്ചും ആലോചിക്കുന്നുണ്ടെന്നാണ് സൂചന.
ചെയ്തത് ആചാരലംഘനമാണെന്നും ഇത്തരത്തിൽ ഫോട്ടോ എടുക്കരുതെന്ന് അറിയില്ലായിരുന്നുവെന്നും പൊലീസുകാർ വിശദീകരണം നൽകിയിരുന്നു. എന്നാൽ ഈ വിശദീകരണം അംഗീകരിക്കപ്പെട്ടില്ല. പതിനെട്ടാം പടിയിൽ ജോലി ചെയ്യുന്ന പൊലീസുകാർ അവിടത്തെ നടപടിക്രമങ്ങൾ മനസ്സിലാക്കിയിരിക്കണം എന്നത് സ്വാഭാവിക ഉത്തരവാദിത്വമാണ് എന്നാണ് മേലുദ്യോഗസ്ഥരുടെ നിലപാട്.
തിങ്കളാഴ്ച്ച സന്നിധാനം ചുമതലയൊഴിഞ്ഞ പൊലീസുകാർ പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞുനിൽക്കുന്ന ഫോട്ടോയെടുത്തതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. സോഷ്യൽ മീഡിയയിൽ ഫോട്ടോ പ്രചരിക്കുകയും വലിയ രീതിയിൽ വിമർശനം ഉയരുകയും ചെയ്തിരുന്നു.
തുടർന്ന് ഹൈക്കോടതി ഇടപെട്ട് ഏകോപന ചുമതലയുള്ള എ.ഡി.ജി.പി. എസ്.ശ്രീജിത്തിനോട് വിശദീകരണം ചോദിക്കുകയായിരുന്നു. എ.ഡി.ജി.പി. സന്നിധാനത്തിന്റെ സുരക്ഷ ചുമതലയുള്ള എസ്.പി. കെ.ഇ.ബൈജുവിനോട് വിശദീകരണം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് എ.ഡി.ജി.പി. വ്യാഴാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും.