ഹൈക്കോടതി വിധിയിൽ പിഴവ്; എ.രാജയുടെ തിരഞ്ഞെടുപ്പ് സുപ്രീം കോടതി ശരിവെച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: ദേവികുളം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള സി.പി.എം. അംഗം എ.രാജയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. എ.രാജ പട്ടികജാതി സംവരണത്തിന് അർഹനാണെന്നും ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എം.എല്‍.എ. എന്ന നിലയില്‍ എല്ലാ ആനുകൂല്യങ്ങള്‍ക്കും രാജയ്ക്ക് അര്‍ഹതയുണ്ടെന്നും ജസ്റ്റിസുമാരായ അമാനുള്ള, പി.കെ.മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇതോടെ രാജയ്ക്ക് ദേവികുളം എം.എൽ.എയായി തുടരാം.

സംവരണ സീറ്റിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി 2023 മാർച്ച് 20നാണ് എ.രാജയുടെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയത്. പട്ടികജാതിക്കാർക്ക് സംവരണം ചെയ്ത മണ്ഡലത്തിൽ ക്രിസ്തുമത വിശ്വാസിയായ രാജ മത്സരിച്ചു ജയിച്ചത് സംബന്ധിച്ച് എതിർ സ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ ഡി.കുമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാജ മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ആളാണെന്നു പറഞ്ഞ് ഹൈക്കോടതി തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി. ഇതിനെതിരെയാണ് രാജ സുപ്രീം കോടതിയെ സമീപിച്ചത്.

2021ല്‍ നടന്ന തിരഞ്ഞെടുപ്പിലാണ് എ.രാജ സി.പി.എം. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ദേവികുളത്തുനിന്ന് വിജയം നേടുന്നത്. തിരഞ്ഞെടുപ്പിൻ്റെ ഘട്ടത്തില്‍ തന്നെ എ.രാജയുടെ ജാതിസര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. രാജയുടെ ഭാര്യയും മക്കളും ക്രൈസ്തവ വിശ്വാസം തുടരുന്നവരാണെന്നും യു.ഡി.എഫ്. ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി വിധി തന്നെ സുപ്രീം കോടതിയിലും ആവർത്തിക്കുമെന്നായിരുന്നു യു.ഡി.എഫ്. പ്രതീക്ഷ. ആ പ്രതീക്ഷ അസ്ഥാനത്തായി.

ദീര്‍ഘകാലം എം.എല്‍.എയായിരുന്ന എസ്.രാജേന്ദ്രനെ മാറ്റിയാണ് സി.പി.എം. യുവ നേതാവായ എ.രാജയെ മത്സരിപ്പിച്ചത്.

Recent Articles

Related Articles

Special