കൊച്ചി: കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയം ഉന്നയിച്ച് കുടുംബം. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നവീൻ ബാബുവിനെ കൊന്നു കെട്ടിത്തൂക്കിയതാകാമെന്ന സംശയം ഉന്നയിക്കുന്നത്. ഹർജി അടുത്ത ദിവസം കോടതി പരിഗണിക്കും.
Follow the FOURTH PILLAR LIVE channel on WhatsApp
കണ്ണൂർ കളക്ടറേറ്റിൽ ഒക്ടോബർ 14ന് നടന്ന യാത്രയയപ്പ് ചടങ്ങിനു ശേഷം നവീൻ ബാബുവിനെ ആരൊക്കെ സന്ദർശിച്ചെന്നു കണ്ടെത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഇത് നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാൻ സഹായിക്കും. നവീനെ കൊലപ്പെടുത്തി കെട്ടിത്തൂക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കളക്ടറേറ്റിലെയും റെയിൽവേ സ്റ്റേഷനിലെയും നവീൻ താമസിച്ച ക്വാർട്ടേഴ്സിലെയും സി.സി.ടി.വി. ദൃശ്യങ്ങളും മറ്റും പരിശോധിച്ചാൽ ഇത് മനസ്സിലാക്കാം.
എന്നാൽ നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സി.സി.ടി.വി. ദൃശ്യങ്ങളൊന്നും ഇതുവരെ പിടിച്ചെടുത്തിട്ടില്ല. ഇത്തരം നിർണായക വിവരങ്ങൾ കണ്ടെത്താതെ കേസിലെ ഏക പ്രതിയായ പി.പി.ദിവ്യയെ കൃത്രിമ തെളിവ് സൃഷ്ടിക്കാൻ സഹായിക്കുകയാണ് അന്വേഷണ സംഘം ചെയ്യുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.
നവീൻ ബാബുവിന്റെ ഇൻക്വസ്റ്റ് നടപടികൾ വേഗത്തിൽ നടത്തിയതും സംശയങ്ങൾ ബലപ്പെടാൻ കാരണമാകുന്നു. ഇൻക്വസ്റ്റ് നടപടികളിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യം അന്വേഷണ സംഘം ഉറപ്പാക്കേണ്ടതാണ്. എന്നാൽ ബന്ധുക്കൾ എത്തും മുൻപാണ് നടപടികൾ പൂർത്തിയാക്കിയതെന്നും ഹർജിയിൽ പരാതിപ്പെടുന്നു.
നവീന്റെ മരണത്തിൽ ദിവ്യയുടെ പങ്കിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം സമഗ്രമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.