ഇംഫാല്‍: സംഘര്‍ഷം പടരുന്ന മണിപ്പുരില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ വീട് ആക്രമിക്കപ്പെട്ടു. ജിരിബാമില്‍ മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ട ആറുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് ആക്രമണം വ്യാപിച്ചത്.
Follow the FOURTH PILLAR LIVE channel on WhatsApp
രണ്ട് മന്ത്രിമാരുടെയും മൂന്ന് എം.എല്‍.എമാരുടെയും വീടിനു നേരെയും ആക്രമണം ഉണ്ടായി. ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപം രഞ്ജന്റെയും ഉപഭോക്തൃ മന്ത്രി എല്‍.സുശീന്ദ്രോ സിങ്ങിന്റെയും വീട്ടില്‍ പ്രതിഷേധക്കാര്‍ അക്രമം നടത്തി. ആരാധനാലയങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്.
കാണാതായവരുടെ മൃതദേഹങ്ങള്‍ നദിയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സംഘര്‍ഷം പടര്‍ന്നത്. ഇവരെ കണ്ടെത്താന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ കാര്യക്ഷമമല്ല എന്നാണ് പരാതി. അഫ്‌സ്പ പുനഃസ്ഥാപിച്ച നടപടി പിന്‍വലിക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇംഫാല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി.