പത്തനംതിട്ട: തനിക്ക് തെറ്റുപറ്റിയെന്ന് മുന്‍ എഡി.എം. നവീന്‍ ബാബൂ ഏറ്റുപറഞ്ഞുവെന്ന കണ്ണൂര്‍ കളക്ടറുടെ വാദം കെട്ടിച്ചമച്ചതാണെന്ന മൊഴിയില്‍ നവീനിന്റെ കുടുംബം ഉറച്ചുനില്‍ക്കുന്നു. കണ്ണൂരില്‍നിന്ന് നവീന്‍ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തിയ പ്രത്യേക അന്വേഷണ സംഘത്തോടാണ് കുടുംബം മൊഴി ആവര്‍ത്തിച്ചത്. നവീന്‍ ബാബു മരിച്ച് ഒരുമാസം തികഞ്ഞ ദിവസമായ വ്യാഴാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം വീട്ടിലെത്തിയത്.
നവീന്‍ ബാബുവിന്റെ ഭാര്യ കെ.മഞ്ജുഷ, സഹോദരന്‍ അഡ്വ. പ്രവീണ്‍ ബാബു, ബന്ധു ഹരീഷ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് നവീന്‍ ബാബുവിന്റെ സംസ്‌കാരദിവസം വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.
നവീന്‍ബാബു മരിച്ചതിന് മുമ്പുള്ള രണ്ടു ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ഫോണിലേക്ക് വന്ന ഫോണ്‍കോളുകള്‍ തിരിച്ചറിയാനാകുമോയെന്ന് കുടുംബത്തോട് പൊലീസ് ആരാഞ്ഞു ഒക്ടോബര്‍ 14ന് നടന്ന യാത്രയയപ്പ് ദിവസം കുടുംബാംഗങ്ങളുമായി നവീന്‍ ഫോണില്‍ സംസാരിച്ചിരുന്നോയെന്ന് അന്വേഷിച്ചു. നവീനെ വിളിച്ചവരില്‍, അന്വേഷണസംഘം ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടാതിരുന്ന നമ്പരുകള്‍ സംബന്ധിച്ച വിവരങ്ങളാണ് കുടുംബത്തില്‍നിന്ന് പൊലീസിന് അറിയേണ്ടിയിരുന്നത്. അറിയാവുന്ന നമ്പരുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കുടുംബം പൊലീസിന് നല്‍കി.
കണ്ണൂര്‍ കളക്ടറും നവീന്‍ ബാബുവുമായുണ്ടായിരുന്ന ബന്ധം സംബന്ധിച്ചും ചോദ്യങ്ങളുണ്ടായി. മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന പരാതിയിലും കണ്ണൂര്‍ കളക്ടര്‍ക്കെതിരെ നല്‍കിയ മൊഴിയിലും കുടുംബാംഗങ്ങള്‍ ഉറച്ചുനിന്നു. യാത്രയയപ്പ് ചടങ്ങ് ഒരുക്കിയതിലും പെട്രോള്‍ പമ്പ് ലൈസന്‍സുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ദുരൂഹതയുണ്ടെന്ന് കുടുംബം മൊഴി നല്‍കി.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ, പെട്രോള്‍ പമ്പ് ലൈസന്‍സിന് അപേക്ഷ നല്‍കിയ ടി.വി.പ്രശാന്ത് എന്നിവര്‍ക്കെതിരേ സഹോദരന്‍ അഡ്വ. പ്രവീണ്‍ ബാബു കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിതിനെത്തുടര്‍ന്നാണ് കേസെടുത്തിട്ടുള്ളത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള മൊഴിയെടുക്കല്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ തുടര്‍ന്നു.
വ്യാഴാഴ്ച പത്തനംതിട്ട കളക്ടറേറ്റില്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് സംഘം നവീന്‍ബാബുവിന്റെ വീട്ടിലെത്തിയത്. സീനിയര്‍ സി.പി.ഒ. ഷൈജു, സി.പി.ഒ. ഷിജി എന്നിവരുമുണ്ടായിരുന്നു.