കല്പറ്റ: മുനമ്പം ഭൂമി പ്രശ്നത്തെക്കുറിച്ച് സംസാരിക്കവേ വിവാദപരാമര്‍ശവുമായി ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്‍. വാവര് സ്വാമി അവകാശവാദം ഉന്നയിച്ചാല്‍ ശബരിമല നാളെ വഖഫ് ഭൂമിയാവുമെന്ന് അദ്ദേഹം പറഞ്ഞു.
വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്നാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അതേ യോഗത്തില്‍ പറഞ്ഞത്. വയനാട് കമ്പളക്കാട്ടില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി നവ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു നേതാക്കളുടെ വിവാദപ്രസംഗം.
‘എനിക്കൊരു സംശയം. നാളെ, അയ്യപ്പന്റെ ഭൂമി വഖഫിന്റേത് ആണെന്ന് പറയില്ലേ. അവിടെയൊരു ചങ്ങാതി ഇരിപ്പുണ്ട്, അയ്യപ്പന്റെ താഴെ, അയ്യപ്പന്‍ 18 പടിയുടെ മുകളിലാ… ആ 18 പടിയുടെ അടിയില്‍ വേറൊരു ചങ്ങാതി ഇരിപ്പുണ്ട്, വാവര്. ഈ വാവര് പറയാണ്, തത്കാലം ഞാനിത് വഖഫിന് കൊടുത്തുവെന്ന്, അങ്ങനെ പറഞ്ഞാല്‍ നാളെ ശബരിമല വഖഫിന്റേതാവും. അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും. അനുവദിക്കണോ?’ -ഗോപാലകൃഷ്ണന്‍ പറഞ്ഞു.
‘ഭാരതത്തിലെ മറ്റൊരു വലിയ വിഷയം.. ഞാന്‍ ആ ബോര്‍ഡിന്റെ പേരേ പറയില്ല. നാല് ആംഗലേയ അക്ഷരങ്ങളില്‍ ഒതുങ്ങുന്ന ഒരു കിരാതം. എനിക്കിന്നലെയും കേന്ദ്രത്തില്‍ നിന്ന്, ശ്രീമാന്‍ അമിത് ഷായുടെ ഓഫീസില്‍ നിന്ന് ഒരു വീഡിയോ വന്നിട്ടുണ്ട്. ആ വീഡിയോ ഞാന്‍ ഇവിടത്തെ സംസ്ഥാന നേതൃത്വത്തിനും ഇവിടത്തെ സംസ്ഥാന നേതാക്കള്‍ക്കും ജില്ലാ അദ്ധ്യക്ഷനും ആ വീഡിയോ അയച്ചുകൊടുത്തിട്ടുണ്ട്. അതിന്നു മുതല്‍ പ്രചാരത്തില്‍ വരണം. മുനമ്പത്തു മാത്രമല്ല, അങ്ങനെ ഒരു വിഭാഗത്തെയും സംരക്ഷിക്കാനല്ല നരേന്ദ്ര മോദി നയിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി ഇവിടെ നട്ടെല്ല് നിവര്‍ത്തിപ്പിടിച്ച് നിലനില്‍ക്കുന്നത് ഭാരതത്തില്‍ ആ കിരാതം ഒടുക്കിയിരിക്കും എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളിലും, പ്രചരണത്തിന്റെ ഭാഗമായിട്ടല്ല, ദേശത്തില്‍, രാജ്യത്തില്‍ ഭരണസംവിധാനം എത്ര സംശുദ്ധമായി പ്രജകള്‍ക്കുവേണ്ടി മാത്രം നിലകൊള്ളുന്നു എന്നു വ്യക്തമാക്കിക്കൊണ്ട് ഒരു ബോര്‍ഡും ഇവിടെ തണ്ടെല്ലോടു കൂടി നിക്കില്ല, ആ തണ്ടെല്ല് ഞങ്ങള്‍ ഊരിയിരിക്കും എന്നു വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്’ -സുരേഷ് ഗോപി പറഞ്ഞു.